തിരുവല്ല കല്ലൂപ്പാറയിൽ തൊഴിലാളിയെ കരാറുകാർ മർദിച്ചു കൊലപ്പെടുത്തി. മാർത്താണ്ഡം സ്വദേശി സ്റ്റീഫൻ(40) ആണ് മരിച്ചത്. സംഭവത്തിൽ സുരേഷ്, ആൽബിൻ ജോസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും സഹോദരന്മാരാണ്. കല്ലൂപ്പാറ എഞ്ചിനിയറിംഗ് കോളജിന് സമീപമാണ് സംഭവമുണ്ടായത്.
വ്യാഴാഴ്ച രാത്രി മദ്യപിക്കുന്നതിനിടെ സുരേഷും ആൽബിനും സ്റ്റീഫനുമായി വാക്കുതർക്കമുണ്ടായി. പിന്നീട് അത് കൈയാങ്കളിയിൽ കലാശിക്കുകയും ചെയ്തു. ശബ്ദം കേട്ടെത്തിയ ക്യാംപിലെ മറ്റ് തൊഴിലാളികളാണ് ക്രൂരമായി മർദനമേറ്റ സ്റ്റീഫനെ ആശുപത്രിയിലെത്തിച്ചത്.
പരിക്ക് ഗുരുതരമായതിനെ തുടർന്ന് ഇന്ന് പുലർച്ചയോടെ സ്റ്റീഫൻ മരിക്കുകയായിരുന്നു. പ്രതികളായ സുരേഷിനെയും ആൽബിനെയും മല്ലപ്പള്ളി പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന.