നടിയെ ആക്രമിച്ച കേസിൽ തോൽക്കുമെന്നായപ്പോൾ തന്നെ പൊതുസമൂഹത്തിൽ അപമാനിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയ ഗൂഢാലോചനയാണ് വധശ്രമക്കേസെന്ന് നടൻ ദിലീപ്. മുൻകൂർജാമ്യ ഹർജിയിൽ ഹൈക്കോടതിയിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്.
അന്വേഷണ സംഘത്തിനു നേതൃത്വം നൽകുന്ന എഡിജിപിയും ഉദ്യോഗസ്ഥരുമാണ് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. തന്റെ കക്ഷിയെ എങ്ങനയെങ്കിലും അഴിക്കുള്ളിലാക്കുക എന്ന രഹസ്യ അജണ്ടയാണ് ഉദ്യോഗസ്ഥർ നടപ്പാക്കുന്നത്. ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് കെട്ടിച്ചമച്ചതാണ്.
ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് കേസ്. ബാലചന്ദ്രകുമാർ വ്യക്തിവൈരാഗ്യം മുൻനിർത്തി കള്ളം പറയുകയാണ്. കേസിൽ ഹാജരാക്കിയിരിക്കുന്ന ഡിജിറ്റൽ തെളിവുകൾ അടക്കം കെട്ടിച്ചമച്ചതാണ്.
പ്രതികൾ ഗൂഢാലോചന നടത്തിയെന്ന് പറയുന്നത് ആലുവ സ്റ്റേഷൻ പരിധിയിലാണ്. അപ്പോൾ ആലുവ പോലീസ് വേണം കേസ് എടുക്കാൻ. എന്നാൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇത് പരാതിക്കാരൻ തന്നെ കേസ് അന്വേഷിക്കുന്ന സ്ഥിതിയാണുള്ളതെന്നും ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു.
നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം. തന്റെ പക്കൽ നിന്ന് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കൃത്രിമ തെളിവുകളുണ്ടാക്കാനാണ് ശ്രമം. പൾസർ സുനിയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാനും നീക്കം നടക്കുന്നു. വീട്ടിലിരുന്ന് കുടുംബാംഗങ്ങളോട് പറയുന്നത് എങ്ങനെ ഗൂഢാലോചനയാകുമെന്നും ജാമ്യഹർജി പരിഗണിക്കുന്നതിനിടെ ദിലീപ് ചോദിച്ചു.