KeralaNEWS

കുറ്റവാളി എന്ന് ആരോപിച്ച് ഒറ്റപ്പെടുത്തിയവർക്ക് മുന്നിലൂടെ അഭിമാനത്തോടെ ഡോ.ഉന്മേഷ് വീണ്ടും തൃശൂർ മെഡിക്കൽ കോളജിൽ

സൗമ്യ വധക്കേസുമായി ബന്ധപ്പെട്ട് ഡോ.ഉന്മേഷിനെ കുറ്റവാളിയായി സമൂഹം മുദ്രകുത്തി. ഗോവിന്ദച്ചാമിക്കായി ഒത്തുകളിച്ചുവെന്ന മട്ടിൽ വിവാദം വളർന്നതോടെ അദ്ദേഹം സസ്പെൻഷനിലായി. ഡോ.ഉന്മേഷ് സത്യസന്ധനാണെന്നും പോസ്റ്റ്മോർട്ടം കണ്ടെത്തലിൽ അപാകതയില്ലെന്നും ബോധ്യമാകാൻ ഏഴുവർഷങ്ങൾ വേണ്ടി വന്നു. ഒടുവിൽ അഭിമാനത്തോടെ തൃശൂർ ഗവ. മെഡിക്കൽ കോളജിലെ ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവിയായി ഇന്നലെ അദ്ദേഹം ചുമതലയേറ്റു

 തൃശൂർ: കുറ്റക്കാരനായി, അധിക്ഷേപിച്ചും അവഹേളിച്ചും കല്ലെറിഞ്ഞും ഒറ്റപ്പെടുത്തിയവർക്ക് മുന്നിലൂടെ അഭിമാനത്തോടെ ഡോ.ഉന്മേഷ് വീണ്ടുമെത്തി. ഗവ. മെഡിക്കൽ കോളജിൽ
ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവിയായി ഡോ.ഉന്മേഷ് അയ്യഞ്ചിറ ഇന്നലെ (ചൊവ്വ) ചുമതലയേറ്റു. ഷൊർണൂരിൽ ട്രെയിനിൽ പീഡിപ്പിക്കപ്പെട്ട്, കൊല്ലപ്പെട്ട സൗമ്യ വധക്കേസുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് സസ്പെൻഷന് പിന്നാലെ പത്തുവർഷങ്ങൾക്ക് മുമ്പ് ഇതേസമയത്ത് പടിയിറങ്ങിയതാണ് ഉന്മേഷ് തൃശൂരിൽ നിന്നും.
ഒരുവർഷം നീണ്ടുനിന്ന ഒരു സസ്പെൻഷന് പിന്നാലെ സ്ഥലം മാറ്റം വന്നു. പോസ്റ്റ് മോർട്ടം ചെയ്തതാര് എന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് സൗമ്യക്കേസിനെ തുടക്കം മുതൽ വിവാദത്തിലാക്കിയത്. ഡോ.ഉന്മേഷ് തന്നെയാണ് അത് ചെയ്തത് എന്ന് വ്യക്തമായിരുന്നെങ്കിലും ഫൊറൻസിക് മേധാവിയായിരുന്ന ഡോ. ഷേർളി വാസുവിനെയാണ് പ്രോസിക്യൂഷന്‍ സാക്ഷിയാക്കിയത്. അസോസിയേറ്റ് പ്രഫസറായിരുന്ന ഡോക്ടർ എ.കെ. ഉന്മേഷിനെ പ്രതിഭാഗവും സാക്ഷിയാക്കി. 2011ൽ കേസിന്റെ വിചാരണ കോടതിയിൽ നടക്കുമ്പോൾ ഡോ. ഉന്മേഷ് ഹാജരായി മൊഴി നൽകി. ഡോ. ഷേർളിയുടെയും ഡോ.ഉന്മേഷിൻ്റെയും മൊഴികൾ തമ്മിൽ കാതലായ വ്യത്യാസങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും മൊഴിയിലെ വൈരുദ്ധ്യത്തിൽ, ഉന്മേഷ് പ്രതിഭാഗം ചേർന്നതായി പ്രചരണമുയർന്നു. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ, പ്രതി ഗോവിന്ദച്ചാമിക്കായി ഒത്തുകളിച്ചുവെന്ന മട്ടിൽ വിവാദം വളർന്നതോടെ ഉന്മേഷ് സസ്പെൻഷനിലായി. പിന്നാലെ പ്രതിയാക്കി ക്രിമിനൽ കേസും റജിസ്റ്റർ ചെയ്തു. പൊതുപ്രവർത്തകനായ ജോർജ് വട്ടുകുളത്തിന്റെ പരാതിയിൽ തൃശൂർ വിജിലൻസ് കോടതി അന്വേഷണത്തിനും ഉത്തരവിട്ടു. ഉന്മേഷ് അവിഹിതനേട്ടം ഉണ്ടാക്കിയതിന് ഒരു തെളിവുമില്ലെന്ന് വിജിലൻസ് കണ്ടെത്തി. ആക്ഷേപത്തിൽ സർക്കാർ നിയോഗിച്ച സമിതിയും ഉന്മേഷ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി. ഡോ.ഉന്മേഷ് സത്യസന്ധനാണെന്നും പോസ്റ്റ്മോർട്ടം കണ്ടെത്തലിൽ അപാകതയില്ലെന്നും വ്യക്തമാക്കി ഏഴുവർഷത്തിന് ശേഷമാണ് അദ്ദേഹം നിരപരാധിയാണെന്ന് ബോധ്യമായത്. പത്ത് വർഷം മുമ്പ് എല്ലാവരുടെയും കണ്ണിൽ ഡോ.ഉന്മേഷ് കുറ്റക്കാരനും ക്രൂരനുമായി വിധിക്കപ്പെട്ടു. ആരോടും പരാതിപ്പെട്ടില്ല, പരിഭവം പറഞ്ഞില്ല. സങ്കടം ഉള്ളിലൊതുക്കി, തെറ്റ് ചെയ്തിട്ടില്ലെന്ന ബോധ്യത്തോടെ തല ഉയർത്തിപ്പിടിച്ചു തന്നെ നടന്നു. അന്വേഷണ റിപ്പോർട്ട് നിരപരാധിയെന്ന് കണ്ടെത്തിയപ്പോൾ അമിത സന്തോഷമല്ല, അഭിമാനം തന്നെയായിരുന്നു.

തന്നെ തെറ്റുകാരനെന്ന് വിധിച്ച പൊതുസമൂഹം തിരുത്തിയോ എന്ന് ഡോ.ഉന്മേഷ് ഇപ്പോഴും ആശങ്കപ്പെടുന്നില്ല. ആക്ഷേപങ്ങൾക്കിടയിലും തൃശൂരിൽ ചേർത്ത് പിടിച്ച സൗഹൃദങ്ങൾ ഉണ്ടായിരുന്നുവെന്ന് ഡോക്ടർ പറയുന്നു. ആഗ്രഹിച്ചിരുന്നില്ലെങ്കിലും തിരിച്ചുവരുമ്പോൾ അഭിമാനവും പ്രതികാരവും കൂടിയാണ്.
തൃശൂരിൽ നിന്നും സ്ഥലം മാറ്റിയ ശേഷം ആലപ്പുഴയിലും എറണാകുളത്തുമായിരുന്നു. എറണാകുളം ഗവ.മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം നേടിയ ഇന്നത്തെ മികവിന് പിന്നിൽ ഡോ.ഉന്മേഷിൻ്റെ സ്തുത്യർഹമായ പ്രവർത്തനമാണെന്ന് സഹപ്രവർത്തകർ തന്നെ ചൂണ്ടിക്കാണിക്കുന്നു. തൃശൂരിലേക്കുള്ള തിരിച്ചുവരവിനെ ജീവിത പാതയിലെ പുതിയ ചവിട്ടുപടിയാണെന്ന് പറഞ്ഞ ഉന്മേഷ് ഗീതയിലെ മാറ്റം പ്രകൃതി നിയമമാണെന്ന വരികൾ ഓർമ്മിപ്പിക്കുന്നു.

Back to top button
error: