കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ ഇന്ന് കേന്ദ്രബജറ്റ് അവതരിപ്പിക്കും. കോവിഡ് വ്യാപനത്തിന്റെയും അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിലാണ് ഇത്തവണ ബജറ്റ് അവതരണം. ആദായ നികുതി ഉൾപ്പെടെയുള്ള നികുതി ഘടനകളിൽ ആശ്വാസകരമായ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.
കർഷക സമരത്തിന്റെയും കർഷകർക്ക് ഏറെ പ്രാധാന്യമുള്ള ഉത്തർപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിൽ കാർഷിക സബ്സിഡികൾ ഉൾപ്പെടെയുള്ള കർഷക അനുകൂല പദ്ധതികളും പ്രതീക്ഷിക്കാം. ക്ഷേമ പദ്ധതികൾക്കൊപ്പം സുസ്ഥിര വികസന പദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം, ചെറുകിട വ്യവസായം, കാർഷിക രംഗം, ഡിജിറ്റൽ കറൻസി, സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്ക് വേണ്ട പദ്ധതികൾ തുടങ്ങിയവും കേന്ദ്ര ബജറ്റിൽ ഉൾപ്പെടുന്നതിനു സാധ്യതയുണ്ട്.
റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസിയും ഇത്തവണത്തെ ബജറ്റിൽ പ്രഖ്യാപിച്ചേക്കാം. കോവിഡ് മഹാമാരിയിൽ ഏറ്റവും അധികം പ്രതിസന്ധി നേരിട്ട ചെറുകിട വ്യവസായ സംരംഭങ്ങൾക്കും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ നിർണായക സാന്നിധ്യം ആകുന്ന പുത്തൻ വ്യവസായ സംരംഭങ്ങളായ സ്റ്റാർട്ടപ്പുകൾക്കും വേണ്ടിയുള്ള പദ്ധതികൾ കേന്ദ്ര ബജറ്റിൽ ഉൾപ്പെടുമെന്നും വിലയിരുത്തലുകളുണ്ട്.