KeralaNEWS

കാസർകോടിൻ്റെ യശസ്സുയർത്തിയ 3 കുരുന്നു പ്രതിഭകൾ, ഷാന്‍വികയും ഗൗതവും അനയ് ശിവനും

ഷാന്‍വികമോള്‍ക്ക് രണ്ടു വയസു തികയാൻ രണ്ടു മാസം കൂടിയുണ്ട്. പക്ഷേ ആരെയും അത്ഭുതപ്പെടുത്തുന്ന ഒരപൂർവ്വപ്രതിഭയാണ് ഈ കുരുന്ന്. ഗൗതം എന്ന 11 വയസുകാരൻ വാർത്താ വായനയിലൂടെ ഒരു ദേശത്തിൻ്റെ ആരാധനാപാത്രമായി മാറിയിരിക്കുന്നു. ഹോണററി ഡോക്ടറേറ്റ് നേടിയ അനയ് ശിവൻ എന്ന ബാലൻ ജീവകാരുണ്യപ്രവർത്തനത്തിലൂടെയാണ് സമൂഹത്തിന് മാതൃകയായി മാറിയത്. കാസർകോടിന് അഭിമാനമായി മാറിയ മൂന്ന് കുരുന്ന് പ്രതിഭകൾ

രു വയസും 10 മാസവും മാത്രം പ്രായമുള്ള ഷാന്‍വികമോള്‍ അത്ഭുതപ്പെടുത്തുന്ന ഒരപൂർവ്വപ്രതിഭയാണ്. വിജ്ഞാനത്തിന്റെ നിറകുടമാണ് ഈ കുരുന്ന്. തന്റെ വാക്ചാതുര്യം കൊണ്ടും കുഞ്ഞറിവുകള്‍ കൊണ്ടും വിസ്മയം പകരുന്ന ഷാന്‍വിക ആരിലും വാത്സല്യമുണര്‍ത്തും. ഇംഗ്ലീഷിലും മലയാളത്തിലും മാസങ്ങളുടെ പേരുകള്‍ തെറ്റ് കൂടാതെ ഷാന്‍വിക ഉച്ഛരിക്കും. കൂടാതെ ഇംഗ്ലീഷ് അക്ഷരമാലയും മനപ്പാഠമാണ്. ഒന്നു മുതല്‍ 10 വരെ ഇംഗ്ലീഷിലും മലയാളത്തിലും എണ്ണാനും കഴിയും.

അഞ്ച് ജി.കെ ചോദ്യോത്തരങ്ങളും ശരീരഭാഗങ്ങളുടെ പേരുകളും ഷാന്‍വികയ്ക്ക് മനപ്പാഠമാണ്.
യൂട്യൂബ് തമ്പ്നയിം കണ്ടാല്‍ തന്നെ അത് ഏത് പാട്ടാണെന്ന് എളുപ്പത്തില്‍ തിരിച്ചറിയും. മൃഗങ്ങളുടെ ശബ്ദം അനുകരിക്കുവാനും മിടുക്കിയാണ്.
ഈ കഴിവുകളെല്ലാം പരിഗണിച്ച് ഷാന്‍വികയ്ക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അംഗീകാരം ലഭിച്ചു.
കാസര്‍കോട് ചെര്‍ക്കള സ്വദേശികളായ പാറയിൽ ജയേഷ്-ബിന്ദുജ ദമ്പതികളുടെ മകളാണ് രണ്ടു വയസ് പൂർത്തിയാകാത്ത ഈ കൊച്ചുമിടുക്കി.
അത്ഭുതപ്പെടുത്തുന്ന കുഞ്ഞു കഴിവുകളുമായി നാട്ടിലും വീട്ടിലും ഇപ്പോള്‍ താരമാണ് ഷാന്‍വിക.

കോവിഡ് കാലം സർഗ്ഗാത്മകമാക്കിയ ഗൗതം എന്ന കുഞ്ചൂസിന് ഇന്ത്യാ ബുക്സിന്റെ അംഗീകാരം

കോവിഡിന്റെ ഒന്നാം തരംഗത്തെ തുടർന്ന് വിദ്യാലയങ്ങൾ അടഞ്ഞുകിടന്ന പഠനമില്ലാക്കാലത്ത് വാർത്താ വായനയിലൂടെ താരമായി മാറിയ ഗൗതമിന് 11 വയസാണ് പ്രായം.ആറാം ക്ലാസ്സ് വിദ്യാർത്ഥി.
2020 ജൂൺ 28 മുതൽ ആരംഭിച്ച വാർത്താ വായന അഞ്ഞൂറിലധികം ദിവസം പിന്നിട്ടിരിക്കുന്ന വേളയിലാണ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഗൗതം എരവിൽ സ്ഥാനം പിടിച്ചത്.
ബാഡ്ജും സർട്ടിഫിക്കറ്റും മെഡലും ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് ബുക്കും ഐ.ബി.ആർ പേനയും ഐ.ഡി കാർഡും ആണ് സമ്മാനമായി ലഭിച്ചത്.

കോവിഡ് മഹാമാരിക്കാലത്ത് സ്ക്കൂളുകൾ തുറക്കാതെ വീട്ടിലിരുന്ന് പഠിക്കാൻ നിർബന്ധിക്കപ്പെട്ടപ്പോഴാണ് ഈയൊരു സർഗ്ഗാത്മകതയ്ക്ക് തുടക്കമിടുന്നത്.
പഠനങ്ങൾ ഓൺലൈനിലായപ്പോൾ തങ്ങളുടെ ഒഴിവു സമയങ്ങൾ പഠനോത്തോടൊപ്പം വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കാനും കൂടിയുള്ളതാണെന്ന് തെളിയിച്ചു ഗൗതം. സ്ഥിരമായി വാർത്ത വായിക്കുക, വെറും വായനയല്ല ഒരു ടി. വി വാർത്തയുടെ ശൈലിയിൽ ആകർഷമായി അവതരിപ്പിക്കുക, വാർത്തകളും അതിൻ്റെ വിശദാംശങ്ങളും പങ്കുവെക്കുക, ഓരോ ദിവസത്തെയും പ്രാധാന്യത്തെക്കുറിച്ച് സ്പെഷ്യൽ എഡിഷൻ ചെയ്യുക, വിവിധ ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യും പോലെ വാർത്തയെ ലൈവ് ആക്കുക…
കഴിഞ്ഞ അഞ്ഞൂറു ദിവസത്തിലധികമായി ഗൗതം എന്ന ആറാം ക്ലാസ്സുകാരൻ തൻ്റെ ജി & ജി ന്യൂസുമായി സജീവമാണ്.
സ്ക്കൂൾ ഗ്രൂപ്പിൽ മാത്രമല്ല നിരവധി വാട്സാപ്പ് ഗ്രൂപ്പുകളിൽ നിത്യേന എത്തുന്ന ഗൗതം എരവിൽ എന്ന കുഞ്ചൂസിൻ്റെ വാർത്ത വായനയ്ക്ക് ആരാധകരേറെയുണ്ട്.

2020 ജൂൺ മാസത്തിലാണ് സ്ക്കൂൾ ഗ്രൂപ്പിൽ ക്ലാസ്സ് ടീച്ചറായ വസന്ത ടീച്ചർ എല്ലാ കുട്ടികളും സ്ഥിരമായി പത്രം വായിച്ച് ഗ്രൂപ്പിൽ പങ്കു വെക്കണം എന്നാവശ്യപ്പെട്ടത്. എല്ലാ കുട്ടികളും അതേറ്റെടുത്തു. ഗൗതം തനിക്ക് ഇഷ്ടപ്പെട്ട ന്യൂസ് ചാനൽ പ്രതിനിധികളുടെ ശൈലിയിൽ നിന്ന് പഠിച്ച്, പുതിയ ഒരു ശൈലിയിൽ അവതരിപ്പിച്ചു തുടങ്ങിയപ്പോൾ അദ്ധ്യാപകരും കൂട്ടുകാരും പിന്തുണയും പ്രോത്സാഹനവും നൽകി. ചന്തേര ഗവൺമെൻ്റ് യു പി സ്ക്കൂൾ അദ്ധ്യാപകരായ വസന്ത ടീച്ചറും രവി മാഷും ജയശ്രീ ടീച്ചറും രാധിക ടീച്ചറും ദിപടീച്ചറും തമ്പാൻ മാഷും പ്രമോദ് മാഷും നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളുമായി എത്തിയതോടെ ആ പംക്തി ഒരു സ്ഥിരം സംവിധാനമായി.
ജി & ജി ന്യൂസ് സ്ക്കൂൾ ഗ്രൂപ്പിൽ മാത്രമല്ല മറ്റ് സാംസ്ക്കാരിക സംഘടനകളുടെയും പ്രാദേശിക കൂട്ടായ്മകളുടെയും വാട്ട്സാപ്പ് ഗ്രൂപ്പുകളിലും ഇപ്പോൾ സ്ഥിരമായി പോസ്റ്റ് ചെയ്യാറുണ്ട്.
എൻ.ടി.വി ഓൺലൈൻ മാധ്യമത്തിലും ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിലും ഇത് വലിയ വാർത്തയുമായിരുന്നു. പ്രധാന ടിവി വാർത്താവതാരകരായ സുജയ പാർവ്വതി, കെ ജി കമലേഷ്, മുജീബ് റഹ്മാൻ എന്നിവർ ഗൗതമിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചത് വലിയ സന്തോഷം നൽകിയതായി ഈ കുട്ടിവാർത്താ വായനക്കാരൻ പറയുന്നു.
പുതിയ പഠനരീതികളോടുള്ള സമൂഹത്തിൻ്റെ പ്രതികരണം തേടിയുള്ള ഇ-ബെൽ എന്ന പരമ്പര ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ദിവസത്തിൻ്റെ പ്രാധാന്യം ഉൾക്കൊള്ളിച്ചുകൊണ്ട് സഹോദരി കൂടിയായ ഗായത്രി ആണ് ജി & ജി ന്യൂസ് സ്പെഷ്യൽ ചെയ്യുന്നത്. രണ്ടു പേരുടെയും ആദ്യാക്ഷരങ്ങൾ ചേർത്താണ് ജി & ജി ന്യൂസ് എന്ന് വാർത്താ ചാനലിന് പേര് നൽകിയത്.
ജി യു പി സ്ക്കൂൾ ചന്തേരയിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ഗൗതം. ഗായത്രി എരവിൽ പിലിക്കോട് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ പത്താംതരം വിദ്യാർത്ഥിനിയും. കേരള ജല അതോറിറ്റി ജീവനക്കാരൻ വിനോദ് എരവിലിന്റെയും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ജീവനക്കാരി പി.വി ഷൈനിയുടെയും മകനാണ് ഗൗതം.

അനയ് ശിവനു ഹോണററി ഡോക്ടറേറ്റ്

തൃക്കരിപ്പൂരിനടുത്ത് പിലിക്കോട്ടെ ബിനീഷ്, ജീന ബിനേഷ് ദമ്പതികളുടെ മകൻ ആനയ് ശിവന് ഹോണററി ഡോക്ടറേറ്റ്. ഇൻറർനാഷണൽ ആൻറി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ് കൗൺസിലിന്റെ ഹോണററി ഡോക്ടറേറ്റ് ആണ് അനയ്ക്ക് കിട്ടിയത്.
സോഷ്യൽ വർക്കർ അച്ചീവ്മെന്റ് കാറ്റഗറിയിലാണ് ഈ നേട്ടം കൈവരിച്ചത്. ജീവകാരുണ്യപ്രവർത്തനത്തിൻ്റെ ഭാഗമായി രോഗ ബാധിതരുടെ വീഡിയോ സ്വന്തമായി ചെയ്യുകയും സോഷ്യൽ മീഡിയയിലും മറ്റും ഷെയർ ചെയ്ത് നിരവധി പേരുടെ ജീവിതത്തിന് പുതു വെളിച്ചം നൽകാൻ ഈ കൊച്ചുമിടുക്കന് കഴിഞ്ഞിട്ടുണ്ട്. പ്രളയകാലത്ത് പ്രളയബാധിതർക്ക് പുതിയ ഡ്രസ്സുകളും മറ്റും നൽകി അനയ് എല്ലാവർക്കും മാതൃകയായി. പ്രധാനമന്ത്രിയുടെയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് തന്റെ സമ്പാദ്യം നൽകിയും ഫോണില്ലാത്ത കുട്ടിക്ക് ഫോൺ വാങ്ങി കൊടുത്ത് പഠനസൗകര്യം ഒരുക്കാനും അനയ് തയ്യാറായി.
സോഷ്യൽ വർക്കിൽ ഇന്ത്യൻ സ്റ്റാർ കമ്മ്യൂണിറ്റി അവാർഡ് കിട്ടിയിട്ടുണ്ട്. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്,ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌‌‌, വേൾഡ് ഗിന്നസ് അവാർഡ്, കലാം വേൾഡ് അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.
തൈക്കൊണ്ടോയിൽ നാഷണൽ ഗോൾഡ് മെഡൽ ജേതാവാണ്. രണ്ട് ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ച് അഭിനയമികവ് തെളിയിച്ചിട്ടുണ്ട് അനയ്.

Back to top button
error: