FoodLIFE

മലയാളികളുടെ രുചിക്കൂട്ടിൽ ഇന്നും നമ്പർ വൺ ഏതാണ് ?

ലയാളികളുടെ രുചിയാഴങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട വിഭവമേതാണ്.കഞ്ഞിയും പയറും… കപ്പയും മീനും… പൊറോട്ട ബീഫ്…? എന്നാൽ ഇതൊന്നുമല്ല കേട്ടോ മലയാളികളുടെ എന്നത്തേയും ഇഷ്ടവിഭവം.അത് തേങ്ങാ ചമ്മന്തിയാണ്.
മലയാളികളുടെ മനസ്സില്‍ എന്നും ഗൃഹാതുരത്വം ഉണ്ടാക്കുന്ന ഒന്നാണ് അമ്മ അമ്മിക്കല്ലില്‍ അരച്ച് ഉരുട്ടി എടുത്ത ചമ്മന്തിയും ചൂട് കുത്തരി ചോറും.പ്രത്യേകിച്ച് പ്രവാസികളുടെ ! വാഴയിലയില്‍ കെട്ടുന്ന പൊതിച്ചോറിലും ചമ്മന്തി ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവം തന്നെയാണ്.പ്രത്യേകിച്ച് ട്രെയിൻ യാത്രകളിലും മറ്റും.കാലം എത്ര മാറിയിട്ടും ഇന്നും ഊണിനു ഒരു ചമ്മന്തി ഉണ്ടെങ്കില്‍ മലയാളിക്ക് ചോറ് കഴിക്കാന്‍ മറ്റൊന്നും വേണമെന്നില്ല…

തേങ്ങാ  പുളി ചമ്മന്തി
………………………………………

ചേരുവകള്‍

Signature-ad

തേങ്ങാ ചിരവിയത് – ഒരു മുറി
ചുവന്നുള്ളി – മൂന്നെണ്ണം
വാളന്‍ പുളി – ഒരു നെല്ലിക്ക വലുപ്പത്തില്‍

ഉപ്പ് – പാകത്തിന്
കറി വേപ്പില – അഞ്ചു ഇലകള്‍
മുളക്‌പൊടി – അര ടേബിള്‍ സ്പൂണ്‍ ( മുളകുപൊടി കൂടരുത്, ഇതിനു പകരം വറ്റല്‍ മുളക് ഉപയോഗിയ്ക്കാം)

വെള്ളം  ഒരു സ്പൂണ്‍

തയ്യാറാക്കുന്നത് എങ്ങനെ ?

ഈ ചേരുവകള്‍ എല്ലാം കൂടി അമ്മിക്കല്ലില്‍ / ഒരു മിക്‌സര്‍ ജാറില്‍ ഇട്ടു അരച്ച് എടുക്കുക. ഒരുപാട് അരഞ്ഞു പോകാതെ നോക്കണം. ശേഷം ഒരു പാത്രത്തിലേക്കു മാറ്റി ഉരുട്ടി എടുത്തു വെയ്ക്കുക. ഇനി ചൂട് ചോറിന്റെ കൂടെ കഴിയ്ക്കാവുന്നതാണ്.

ചുട്ടരച്ച തേങ്ങാ ചമ്മന്തി

ചേരുവകൾ
1 മുറി തേങ്ങ
4 വറ്റൽമുളക്
1 തണ്ട് കറിവേപ്പില
10- 12 കഷണം ചുവന്നുള്ളി
ആവശ്യത്തിന് ഉപ്പ്
ആവശ്യത്തിന് പുളി

തയ്യാറാക്കുന്ന വിധം


ആദ്യം തന്നെ തേങ്ങ ചുട്ടെടുക്കാം. വിറകടുപ്പിലാണെങ്കിൽ ചോറോ മറ്റോ വെച്ചു കഴിഞ്ഞു ബാക്കി വരുന്ന കനലിൽ തേങ്ങ ചുട്ടെടുക്കുക. ഗ്യാസ് അടുപ്പ് മാത്രമേ വീട്ടിലുള്ളുവെങ്കിലും വിഷമിക്കണ്ട, അതിലും തേങ്ങ ചുട്ടെടുക്കാൻ മാർഗമുണ്ട്.

തേങ്ങ കുറച്ചു വലിയ കഷണങ്ങളായി പൂളിയെടുക്കുക.ഇത് കമ്പിയിലോ കത്തിയുടെ മുനയിലോ കുത്തിയെടുത്ത് ഗ്യാസ് അടുപ്പിലെ തീയുടെ മുകളിൽ കാണിച്ച് ചുട്ടെടുക്കുക.

തൊലി കളഞ്ഞ ചുവന്നുള്ളിയും വറ്റൽമുളകും കറിവേപ്പിലയും കൂടി ഒരു പാനിലിട്ട് എണ്ണ ഒഴിക്കാതെ ചെറുതായി വാട്ടിയെടുക്കുക.ചുവന്നുള്ളിയും മുളകും മേൽ പറഞ്ഞതുപോലെ ചുട്ടെടുത്താൽ അത്രയും രുചി കൂടും.

ഇനി തേങ്ങാ പൂളുകളും ചുവന്നുള്ളിയും മുളകും കറിവേപ്പിലയും ആവശ്യത്തിന് പുളിയും ഉപ്പും കൂടി ചേർത്ത് അരച്ചെടുക്കുക.നിങ്ങളുടെ പാകത്തിന് അരഞ്ഞു കഴിഞ്ഞാൽ അര ടീസ്പൂൺ വെളിച്ചെണ്ണ കൂടി ചേർത്തിളക്കുക.രുചികരമായ ചുട്ടരച്ച തേങ്ങാ ചമ്മന്തി തയ്യാർ.

Back to top button
error: