വിവാഹത്തിന് സ്ത്രീധനമായി നൽകുന്ന നായ, അതാണ് കന്നി.തമിഴ് പാരമ്പര്യമനുസരിച്ച് വധുവിന്റെ സുരക്ഷയ്ക്കാണ് കന്നി നായ്ക്കളെക്കൂടി നൽകുന്നത്.കന്നി എന്നാൽ കന്യക എന്നർഥം.കന്യകകളുടെ കാവൽക്കാരൻ എന്നും ഇക്കൂട്ടരെ വിളിക്കുന്നു.
രൂപംകൊണ്ട് കന്നിയും ചിപ്പിപ്പാറയും ഒരുപോലെയാണെങ്കിലും നിറത്തിന്റെ അടിസ്ഥാനത്തിലാണ് ഇവയെ രണ്ടിനമായി കരുതുന്നത്.കറുപ്പ്–ടാർ നിറത്തിലുള്ളവയെ കന്നി എന്ന് വിളിക്കുമ്പോൾ മറ്റു നിറഭേദങ്ങളുള്ളവ ചിപ്പിപ്പാറ ആണ്. ഇവയെ രണ്ടിനമായി കെസിഐ (കെന്നൽ ക്ലബ് ഓഫ് ഇന്ത്യ) അംഗീകരിച്ചിട്ടുമുണ്ട്.
ഇരയെ കണ്ട് പിന്തുടരുന്ന സൈറ്റ് ഹൗണ്ട് വിഭാഗത്തിലാണ് കന്നിയുടെ സ്ഥാനം.കൂർത്ത മുഖവും മെലിഞ്ഞ ശരീരവും നീളമേറിയ കാലുകളും ഇവയെ ഇരയെ പിന്തുടർന്നു പിടിക്കാൻ സഹായിക്കുന്നു.
മികച്ച കാവൽക്കാരുമാണ് കന്നി നായ്ക്കൾ.തന്റെ അധീനതയിലുള്ള പ്രദേശത്തേക്ക് അപരിചിതരായ ജീവികൾ കടന്നുകയറാതെ ശ്രദ്ധിക്കാൻ ഇക്കൂട്ടർക്ക് പ്രത്യേക കഴിവുണ്ട്.അതുകൊണ്ടുതന്നെ വനാതിർത്തി പങ്കിടുന്ന കൃഷിയിടങ്ങളിൽ ഇവയെ കാവലിന് ഉപയോഗിച്ചുവരുന്നു.നമ്മുടെ നാട്ടിൽ കാട്ടാനയുടെയും കാട്ടുപന്നിയുടെയുമൊക്കെ ശല്യമുള്ളയിടത്ത് കന്നി നായ്ക്കളെ പരീക്ഷിക്കാം.കാര്യങ്ങൾ മനസിലാക്കാൻ കഴിവുള്ള ഇവയെ പരിശീലനത്തിലൂടെ കൂടുതൽ മിടുക്കരാക്കാൻ കഴിയും.
വേട്ടനായ്ക്കളെങ്കിലും മികച്ച കാവൽക്കാരുമാണിവർ.അതുകൊണ്ടുതന് നെ നന്നേ ചെറുപ്പത്തിൽത്തന്നെ പരിശീലനം നൽകണം.പ്രായമേറുന്തോറും ടെറിട്ടറി മാനേജ്മെന്റ് ഇവയിൽ കൂടും. അതുകൊണ്ടുതന്നെ പരിശീലനവും ബുദ്ധിമുട്ടാകും.