NEWS

ഒരുമിച്ച് താമസിക്കുന്നതിനിടെ ബന്ധം വേർപെടുത്തി പിരിഞ്ഞുപോയ കാമുകിയുടെ സഹോദരനെ തട്ടിക്കൊണ്ടുപോയി, കാമുകനും കൂട്ടുകാരും അറസ്റ്റില്‍

ശ്രീനിവാസ് തൻ്റെ കാമുകിയായ 23 കാരിയോടൊപ്പം പരസ്പരസമ്മതത്തോടെ വിവാഹിതരാകാതെ ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. നാല് മാസത്തെ ബന്ധത്തിന് ശേഷം ശ്രീനിവാസുമായി പൊരുത്തപ്പെടാനാവില്ല എന്ന് പറഞ്ഞ് യുവതി ഇയാളുമായുള്ള ബന്ധം അവസാനിപ്പിച്ച് തിരിച്ചുപോയി. പ്രകോപിതനായ ശ്രീനിവാസ് യുവതിയുടെ സഹോദരന്‍ വെങ്കിടേഷിനെ തട്ടിക്കൊണ്ടുപോയി

 

ബംഗളൂരു: ഒരുമിച്ച് താമസിക്കുന്നതിനിടെ ബന്ധം അവസാനിപ്പിച്ചിട്ട് പോയ യുവതിയുടെ സഹോദരനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കാമുകന്‍ ഉള്‍പ്പെടെ ആറുപേരെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. കാമുകന്‍ ശ്രീനിവാസ് (32), ഇയാളുടെ കൂട്ടാളികളായ പ്രതാപ് (28), ആകാശ് (31), ഹുച്ചെഗൗഡ (34), ശിവ (31), ഗംഗാധര്‍ (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ ബംഗളൂരുവിലെ ഒരു ഫിനാന്‍സ് കമ്പനിയിലെ ജീവനക്കാരാണെന്ന് പൊലീസ് പറഞ്ഞു. ശ്രീനിവാസ് 23 കാരിയായ ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. തുടര്‍ന്ന് ഇരുവരും പരസ്പരം സമ്മതത്തോടെ വിവാഹിതരാകാതെ ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. നാല് മാസത്തെ ബന്ധത്തിന് ശേഷം ശ്രീനിവാസുമായി പൊരുത്തപ്പെടാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞ് യുവതി ഇയാളുമായുള്ള ബന്ധം അവസാനിപ്പിച്ചിട്ട് പോയി. എന്നാല്‍ ശ്രീനിവാസ് യുവതിയെ നിരന്തരം വിളിക്കുകയും ബന്ധം തുടരാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. യുവതി പക്ഷേ ഈ ആവശ്യം നിരസിച്ചു. ഇതോടെ പ്രകോപിതനായ ശ്രീനിവാസ് യുവതിയുടെ സഹോദരന്‍ വെങ്കിടേഷിനെ കാറില്‍ തട്ടിക്കൊണ്ടുപോകുകയും താനുമായുള്ള ബന്ധം തുടരുന്നതിന് യുവതിയെ സമ്മതിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സഹോദരനെ തട്ടിക്കൊണ്ടുപോയെന്നും തിരികെ വന്നില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നും പ്രതി യുവതിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. യുവതി ബൈദരഹള്ളി പൊലീസില്‍ പരാതി നല്‍കി. പൊലീസ് വെങ്കിടേഷിനെ രക്ഷപ്പെടുത്തുകയും ശ്രീനിവാസ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികളെ കോടതി റിമാണ്ട് ചെയ്തു.

Back to top button
error: