നടിയെ ആക്രമിച്ച കേസ്, വിചാരണ നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യം സുപ്രീംകോടതി നിരസിച്ചു
വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം ഫെബ്രുവരി 14ല്‍ നിന്നും നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. വിചാരണ കോടതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്
ന്യുഡൽഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി നിരസിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.
കേസില്‍ പുതിയ ചില തെളിവുകള്‍ കൂടി ലഭിച്ചുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ജയദീപ് ഗുപ്ത വാദിച്ചത്. സുപ്രീംകോടതി നിശ്ചയിച്ച സമയപരിധി ചൂണ്ടിക്കാട്ടി പുതിയ തെളിവുകള്‍ വിചാരണ കോടതി പരിഗണിക്കുന്നില്ല. അതിനാല്‍ വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം ഫെബ്രുവരി 14ല്‍ നിന്നും നീട്ടണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ ഇക്കാര്യം ഉന്നയിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ വിചാരണക്കോടതി സമീപിച്ചാൽ ആവശ്യം പരിഗണിക്കാമെന്നു സുപ്രീം കോടതി ജഡ്ജി എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
വിചാരണക്കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാം. മുന്‍പ് സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി സമീപിച്ചിരുന്നെന്നും ഇത് അംഗീകരിച്ചിരുന്നെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ആദ്യം കേസിൽ ജഡ്ജിയെ മാറ്റാൻ ശ്രമിച്ചു. അതു നടക്കാതെ വന്നപ്പോൾ പ്രോസിക്യൂട്ടർ രാജിവച്ചു. കേസിൽ 4 തവണയാണ് സമയം നീട്ടിനൽകിയതെന്നും സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ മോശം കളി കളിക്കുകയാണെന്നും ദിലീപിനു വേണ്ടി ഹാജരായ മുകുൾ റോഹത്ഗി പറഞ്ഞു. വിചാരണ നീട്ടണമെന്ന ആവശ്യം നേരത്തെ തന്നെ സമർപ്പിക്കപ്പെട്ടതാണെന്നും റോഹത്ഗി പറഞ്ഞു.
കേസിൽ പുതിയ തെളിവുകളുണ്ടെന്നും ഇതു അവഗണിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയ സംസ്ഥാന സർക്കാർ ഇതാദ്യമായാണ് പ്രതിഭാഗം ഇത്തരമൊരു ആരോപണം കോടതിയിൽ നടത്തുന്നതെന്നും പറഞ്ഞു. തുടർന്നാണ് കേസിൽ വിചാരണ കോടതി ജഡ്ജി ആവശ്യമുന്നയിച്ചാൽ പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കിയത്.