NEWSWorld

വേഗം 200 കി.മീ, 400 പേർക്ക് സുഖയാത്ര; അബുദാബിയിൽനിന്ന് ദുബായിലേക്ക് 50 മിനിറ്റ്

ബുദാബി: യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിലിൽ പരീക്ഷണ ട്രെയിൻ ഓട്ടം നടത്തി.അബുദാബിയിൽ നിന്ന് ദുബായിലേക്കായിരുന്നു പരീക്ഷണയോട്ടം.2024 അവസാനത്തോടെ രാജ്യമാകെ യാത്രാ ട്രെയിൻ ഓടിത്തുടങ്ങും.പിന്നീട് ഇതിനെ ജിസിസി റെയിലുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. യാത്രാ ട്രെയിനിന്റെ ആദ്യചിത്രവും ഇത്തിഹാദ് റെയിൽ പുറത്തുവിട്ടു.
7 എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിൽ തുടക്കത്തിൽ ചരക്കുനീക്കത്തിനാണ് മുൻഗണന നൽകിയതെങ്കിലും യാത്ര സർവീസ് ആരംഭിക്കുമെന്ന് ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നു. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലോടുന്ന പാസഞ്ചർ ട്രെയിനിൽ 400 പേർക്കു യാത്ര ചെയ്യാം. പടിഞ്ഞാറ് അൽ സില മുതൽ വടക്ക് ഫുജൈറ വരെ രാജ്യത്തെ 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിച്ചാണ് ട്രാക്ക് ഒരുക്കിയിട്ടുള്ളത്.
അബുദാബിയിൽ നിന്ന് ദുബായിലേക്ക് 50 മിനിറ്റും ഫുജൈറയിലേക്കു 100 മിനിറ്റുമാണ് യാത്രാ ദൈർഘ്യം. നിലവിലെ പൊതുഗതാഗത സംവിധാനങ്ങളിൽ കൂടി ഉപയോഗിക്കാവുന്ന വിധം ഏകീകൃത ടിക്കറ്റായിരിക്കും. ഈ ടിക്കറ്റിൽ യാത്രക്കാർക്ക് പാർക്ക് , റൈഡുകൾ എന്നിവയും ഉപയോഗിക്കാനാകും.യുഎഇയിലെ നഗരങ്ങളുടെയും മലനിരകളുടെയും മരുഭൂമികളുടെയും സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാവുന്ന വിധത്തിലാണ് റെയിൽപാത സജ്ജീകരിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ മാതൃകയിലുള്ള സ്റ്റേഷനുകൾ അതതു മേഖലയുടെ വികസനത്തിനും ആക്കം കൂട്ടും.എമിറേറ്റ്സ് റോഡിനു സമാന്തരമായി ദുബായ് അൽമക്തൂം രാജ്യാന്തര വിമാനത്താവളം വഴി എക്സ്പോ റോഡിനു സമീപത്തു കൂടെയാണ് പാത കടന്നുപോകുന്നത്.
1200 കി.മീ ദൈർഘ്യത്തിൽ യുഎഇ – സൗദി അതിർത്തിക്കടുത്തുള്ള സില മുതൽ കിഴക്കൻ തീരത്തെ ഫുജൈറ വരെ സ്റ്റേഷനുകളുണ്ടാകും. 2030 ഓടെ വർഷത്തിൽ 3.65 കോടി ആളുകൾ യാത്ര ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. 9000 പേർക്കു തൊഴിലും ലഭ്യമാകും.

Back to top button
error: