രാജ്യത്ത് ഒൻപതിൽ കൂടുതല്‍ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഉപയോക്താക്കളുടെ കണക്ഷനുകൾ വിച്ഛേദിക്കാൻ കേന്ദ്ര സര്‍ക്കാർ നിർദ്ദേശം നൽകി.സ്വന്തം പേരില്‍ ഒന്‍പതിലധികം സിം കാര്‍ഡുകള്‍ എടുത്തിട്ടുള്ളവര്‍ അധിക സിമ്മുകള്‍ മടക്കി നല്‍കണമെന്ന് നേരത്തേ തന്നെ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ ചട്ടമനുസരിച്ച് പരമാവധി ഒന്‍പത് സിമ്മുകളാണ് ഒരു വ്യക്തിക്ക് കൈവശം വയ്ക്കാന്‍ കഴിയുന്നത്. അധികമായുള്ള സിം കാര്‍ഡുകള്‍ തിരികെ നല്‍കിയില്ലെങ്കില്‍ നേരിട്ട് അറിയിക്കാനാണ് ടെലികോം മന്ത്രാലയം നേരത്തേ ഉത്തവിട്ടിരുന്നത്. എന്നാല്‍, പുതിയ ഉത്തരവ് പ്രകാരം കണക്ഷൻ റദ്ദാക്കാനാണ് നിര്‍ദേശം.
സാമ്ബത്തിക കുറ്റകൃത്യങ്ങള്‍, ശല്യപ്പെടുത്തുന്ന കോളുകള്‍, ഓട്ടമേറ്റഡ് കോളുകള്‍, വഞ്ചനാപരമായ പ്രവര്‍ത്തികള്‍ എന്നിവ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് അധിക സിമ്മുകള്‍ റദ്ദാക്കുന്നത്. ഒരാളുടെ പേരില്‍ തന്നെ ഒന്‍പതില്‍ കൂടുതല്‍ സിം കാര്‍ഡുകളുള്ളവരുടെ ഫോണ്‍ കണക്ഷനുകള്‍ വിച്ഛേദിക്കാനാണ് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് (DoT) ഓപ്പറേറ്റര്‍മാര്‍ക്ക് ഇപ്പോൾ നിര്‍ദേശം നല്‍കിയിരിക്കുന്നത്.