വിസസ്‌ക്രീനിംഗ് ഇനി എളുപ്പം, സീഹ വിസ സ്‌ക്രീനിംഗ് ആപ് പുറത്തിറക്കി
വിസ സ്‌ക്രീനിംഗ് ലളിതക്കുന്നതിനായി ആരോഗ്യ സംരക്ഷണ ശൃംഖലയായ അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനി (സീഹ) ഒരു പുതിയ സ്മാര്‍ട്ട് ഫോണ്‍ ആപ്പ് പുറത്തിറക്കി. ‘സീഹ വിസ സ്‌ക്രീനിംഗ് ആപ്.’ ഇതുപയോഗിച്ച് അബുദബിയിലെ താമസക്കാര്‍ക്ക് സീഹയുടെ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് സ്‌ക്രീനിംഗ് സെന്ററുകളില്‍ എളുപ്പത്തില്‍ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം
അബുദബി: പ്രവാസികള്‍ക്ക് വിസ സ്‌ക്രീനിംഗ് അപ്പോയിന്റ്മെന്റുകള്‍ ലളിതമായി ലഭ്യമാക്കുന്നതിനായി ആരോഗ്യ സംരക്ഷണ ശൃംഖലയായ അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനി (സീഹ) ഒരു പുതിയ സ്മാര്‍ട്ട് ഫോണ്‍ ആപ്പ് പുറത്തിറക്കി. ‘സീഹ വിസ സ്‌ക്രീനിംഗ് ആപ്’ ഉപയോഗിച്ച് അബുദബിയിലെ താമസക്കാര്‍ക്ക് സീഹയുടെ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് സ്‌ക്രീനിംഗ് സെന്ററുകളില്‍ എളുപ്പത്തില്‍ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം.
ആപ്പിന്റെ ആദ്യ ഘട്ടത്തില്‍ വ്യക്തിഗത ബുക്കിംഗിന് മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്. അടുത്ത ഘട്ടത്തില്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഇത്തരം ബുക്കിങ്ങുകള്‍ ചെയ്യുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതിനായായി ആപ്ലിക്കേഷന്‍ വിപുലീകരിക്കുന്നതാണ്. വിസ മെഡിക്കല്‍ സ്‌ക്രീനിംഗ് നടപടികള്‍ക്കായി നേരിട്ട് എത്തുന്നതിന് പകരം മുന്‍കൂര്‍ ബുക്കിംഗ് ഉറപ്പാക്കുന്നതിലൂടെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും, നടപടിക്രമണങ്ങള്‍ ലളിതമാക്കുന്നതിനും, പൊതുസമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും സീഹ ലക്ഷ്യമിടുന്നു.
എമിറേറ്റിലുടനീളം 12 ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് സ്‌ക്രീനിംഗ് സെന്ററുകള്‍ ഉള്ളതിനാല്‍, സ്മാര്‍ട്ട്ഫോണ്‍ അടിസ്ഥാനമാക്കിയുള്ള അപ്പോയിന്റ്മെന്റ് സേവനം ബുക്കിംഗ് പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കുന്നു.
ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ എന്നിവ വഴി ഐ ഒ എസ് , ആന്‍ഡ്രോയിഡ് ഫോണുകളില്‍ സീഹ വിസ സ്‌ക്രീനിംഗ് ആപ് ലഭ്യമാണ്. അബുദബിയിലെ താമസക്കാര്‍ അവരുടെ വിസ ലഭിക്കുന്നതിനും പുതുക്കുന്നതിനും മുമ്പായി ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് സ്‌ക്രീനിംഗ് സെന്ററുകള്‍ സന്ദര്‍ശിക്കേണ്ടതുണ്ട്. നേരത്തെ ഇത്തരം സേവനങ്ങള്‍ക്കായി ഉപഭോക്താക്കള്‍ വാക്ക്-ഇന്‍ അടിസ്ഥാനത്തിലാണ് ഈ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നത്. എന്നാല്‍ പുതിയ ആപ്പ് ഉപയോഗിച്ച് കൊണ്ട് താമസക്കാര്‍ക്ക് അവര്‍ക്ക് അനുയോജ്യമായ സമയം തിരഞ്ഞെടുക്കാവുന്നതാണ്.