കോട്ടയം :32 വയസ്സുള്ള, രണ്ടു മക്കളുടെ അമ്മയായ സർക്കാർ ജീവനക്കാരി. ജീവിതം സെറ്റിൽ ആയല്ലോ എന്ന് എല്ലാവരും ചിന്തിക്കുന്ന സമയത്ത് പൂഞ്ഞാർ സ്വദേശി ഡിനു പക്ഷേ തികച്ചും വ്യത്യസ്തമായ ഒരു തീരുമാനമെടുത്തു.അവധിയെടുത്തു എംഎസ്‌സി നഴ്സിങ് പഠിക്കുക.ആ തീരുമാനം കുറച്ചധികം വെല്ലുവിളിയോടെതന്നെ എടുക്കേണ്ട ഒന്നായിരുന്നു ഡിനുവിന്. കാരണം രണ്ടുവയസ്സായ കുഞ്ഞിനെ വീട്ടിലാക്കി ദിവസം 100 കിലോമീറ്ററോളം യാത്ര ചെയ്തുവേണം പഠനം നടത്താൻ. ഇതൊക്കെ കണ്ട് കോഴ്സ് പൂർത്തിയാക്കില്ലെന്നു വിധിച്ചവരോടാകട്ടെ എംഎസ്‌സി നഴ്സിങ്ങിൽ ടോപ് പൊസിഷൻ നേടിയാണ് ഡിനു മധുരപ്രതികാരം ചെയ്തത്.
പഠിക്കാനുള്ള ഡിനുവിന്റെ ആഗ്രഹം അതുകൊണ്ടൊന്നും അവസാനിച്ചില്ല. 36ാം വയസ്സിൽ പിഎച്ച്ഡിക്ക് റജിസ്റ്റർ ചെയ്തു. ഇന്നു ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന്റെ (DHS) കീഴിൽ നഴ്സിങ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ആദ്യത്തെ പിഎച്ച്ഡിക്കാരിയാണ് ഡോ. ഡിനു. എം. ജോയി. വിവാഹത്തോടെ പെൺകുട്ടികളുടെ സ്വപ്നങ്ങൾക്കു മൂക്കുകയറിടുന്ന നമ്മുടെ സമൂഹം അറിയണം ഡിനുവിന്റെ പോരാട്ടങ്ങളുടെ കഥ.
സംസ്ഥാനത്തെ മികച്ച നഴ്സിനുള്ള 2019 ലെ പ്രഥമ സിസ്റ്റർ ലിനി പുതുശേരി അവാർഡ് ജേതാവ് കൂടിയാണ് ഡിനു. ഡെപ്യൂട്ടേഷനിൽ നാഷണൽ ഹെൽത്ത് മിഷന്റെ കീഴിൽ തിരുവനന്തപുരത്ത് കൗമാര ആരോഗ്യ വിഭാഗത്തിൽ ജൂനിയർ കൺസൽറ്റന്റായി ജോലി നോക്കുകയാണ് ഡിനു ഇപ്പോൾ.
2009ൽ ആണ് ഗവൺമെന്റ് സർവീസിൽ സ്റ്റാഫ് നഴ്സ് ആയിട്ട് ഡിനു കയറുന്നത്. സ്വകാര്യ നഴ്സിങ് കോളജിൽ അധ്യാപികയായിരുന്നു ആ സമയത്ത്. പഠിപ്പിക്കാനും പഠിക്കാനുമുള്ള ഇഷ്ടം മനസ്സിലുണ്ടായിരുന്നെങ്കിലും നഴ്സിങ് ജോലി സ്വീകരിച്ചു. പ്രൊബേഷൻ ഡിക്ലയർ ചെയ്ത ഉടനെ എംഎസ്‌സിക്കു ചേർന്നു. ഹോസ്പിറ്റലിൽ ഒതുങ്ങിക്കൂടാതെ കൂടുതൽ പഠിക്കാനായിരുന്നു താൽപര്യം. സമൂഹത്തിലേക്കിറങ്ങി പ്രവർത്തിക്കണമെന്ന ആഗ്രഹം പണ്ടേയുണ്ടായിരുന്നു. എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിക്കൽ എജ്യുക്കേഷനിൽ നിന്നാണ് ചൈൽഡ് ഹെൽത്ത് നഴ്സിങ്ങിൽ നിന്ന് എംഎസ്‌സി പൂർത്തിയാക്കിയത്. രണ്ടു വയസ്സുമാത്രം പ്രായമുള്ള രണ്ടാമത്തെ മകനെ പിരിയാൻ മടിച്ച് ദിവസവും 100 കിലോമീറ്റർ യാത്രചെയ്തായിരുന്നു പഠനം.
കൂടുതൽ പഠിക്കണം എന്ന ആഗ്രഹം ഡിനുവിന് പണ്ടേയുണ്ടായിരുന്നു. എംഎസ്‌സി പാസായ ശേഷം പിഎച്ച്ഡിയുടെ എൻട്രൻസ് എഴുതി ഉയർന്ന മാർക്ക് നേടി . സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ഡെവലപ്മെന്റ് സ്റ്റഡീസിൽ, പെണ്‍കുട്ടികളിലെ ലൈംഗിക ദുരുപയോഗം തടയുന്നതിനെക്കുറിച്ച് ഡോ. റോയ് സി മാത്യുവിന്റെ കീഴിലായിരുന്നു പഠനം. പാർട്ട് ടൈം ആയിട്ടാണ് പിഎച്ച്ഡി എംജി യൂണിവേഴ്സിറ്റിയിൽ ചെയ്തത്.
ഇതിനെക്കുറിച്ച് ഡിനു പറയുന്നതിങ്ങനെ:
സ്കൂളുകളിൽ ക്ലാസ് എടുക്കുമ്പോൾ തന്നെ പല കാര്യങ്ങളെ കുറിച്ചു കുട്ടികൾ ബോധവതികൾ അല്ല എന്ന് മനസ്സിലായി. ഇപ്പോഴത്തെ സാഹചര്യത്തിൽ ലൈംഗികദുരുപയോഗം കൂടി വരുന്ന കാലഘട്ടമാണല്ലോ, പ്രത്യേകിച്ച് പെൺകുട്ടികളിൽ. സ്കൂളുകളിൽ ക്ലാസ് എടുത്ത് പെൺകുട്ടികൾക്ക് ഒരു അവയർനസ് കൊടുക്കാൻ പറ്റി. ലൈംഗിക ദുരുപയോഗം എങ്ങനെ തടയാം, അത്തരക്കാരെ എങ്ങനെ മനസ്സിലാക്കാം എന്നെല്ലാമുള്ള റോൾ പ്ലേ നടത്തി കാണിച്ചു.
13 നും 15 നും ഇടയ്ക്കു പ്രായമുളള പെൺകുട്ടികൾക്കിടയിലാണ് പഠനം എടുത്തത്. ഈ പ്രായത്തിലാണ് പെൺകുട്ടികളെ കൂടുതലായി ലൈംഗിക ദുരുപയോഗം ചെയ്യുന്നത്. കേരളത്തിലെ ആറു ജില്ലകളിലാണ് ക്ലാസ് എടുത്തത്. വയനാട്ടിലാണ് ഇന്റർ വെൻഷൻസ് നടത്തിയത്. അതിനു കാരണം കണക്കുകൾ പ്രകാരം വയനാട്ടിലാണ് ഏറ്റവും കൂടുതൽ ലൈംഗിക ദുരുപയോഗം നടന്നത്.(2018ലെ ചൈൽഡ് ലൈൻ റിപ്പോർട്ട് പ്രകാരം )
പാലാ ഉരുളികുന്നം മടുക്കാവിൽ പരേതനായ എംവി തോമസിന്റെയും മേരി തോമസിന്റെയും മകളാണ് ഡിനു.പൂഞ്ഞാറിൽ പ്ലാന്ററായ പെരിങ്ങുളം വരിക്കപ്ലാക്കൽ ജോബി ജോസഫാണ് ഭർത്താവ്.
മൂത്തമകൻ ഡിജൽ ഡിഗ്രി സെക്കൻഡ് ഇയർ പഠിക്കുന്നു. രണ്ടാമത്തെ മകൻ ഡിയോൺ, എട്ടാം ക്ലാസ്സിലും.