NEWS

ജനങ്ങൾക്ക് പ്രാണവേദന, പാർട്ടിക്ക് വീണവായന, തിരുവനന്തപുരത്തിനു പിന്നാലെ തൃശൂരും തിരുവാതിര; കൊവിഡ് മാനദണ്ഡം പാലിച്ചെന്ന് പാർട്ടി

തൃശൂരിലും സി.പി.എം തിരുവാതിര. തിരുവനന്തപുരത്തെ മെഗാതിരുവാതിര വിവാദമായിരിക്കെയാണ് പാർട്ടി വീണ്ടും തിരുവാതിര സംഘടിപ്പിച്ചത്. എല്ലാവരും മാസ്ക്ക് ധരിച്ചിരുന്നു, സാമൂഹിക അകലവും പാലിച്ചു, നൂറ് ആളുകൾ മാത്രമാണ് പങ്കെടുത്തത്. ചുരുക്കത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നു എന്നാണ് സംഘാടകരുടെ വിശദീകരണം

തൃശൂർ: നൂറിലേറെ ആളുകളെ പങ്കെടുപ്പിച്ച് സി.പി.എമ്മിന്റെ തിരുവാതിരക്കളി തൃശൂരിലും. തിരുവനന്തപുരത്തെ മെഗാതിരുവാതിര വിവാദമായിരിക്കെയാണ് സി.പി.എം വീണ്ടും തിരുവാതിര സംഘടിപ്പിച്ചത്. സി.പി.എം തൃശൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായാണ് തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റി തിരുവാതിരക്കളി സംഘടിപ്പിച്ചത്. ഊരോംകാട് അയ്യപ്പ ക്ഷേത്ര പരിസരത്തായിരുന്നു പരിപാടി.

Signature-ad

കൊവിഡ് മാനദണ്ഡം പാലിച്ചാണ് തിരുവാതിര സംഘടിപ്പിച്ചതെന്നാണ് സംഘാടകരുടെ വിശദീകരണം. എല്ലാവരും മാസ്ക്ക് ധരിച്ചിരുന്നു. സാമൂഹിക അകലവും പാലിക്കാൻ നിർദ്ദേശിച്ചിരുന്നു.
തിരുവനന്തപുരത്തെ തിരുവാതിര കാണാൻ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, പാര്‍ട്ടി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, സി.കെ ഹരീന്ദ്രന്‍ എംഎല്‍എ തുടങ്ങിയ നേതാക്കള്‍ എത്തിയിരുന്നു.
ചെറുവാരക്കോണം സി.എസ്‌.ഐ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മെഗാ തിരുവാതിരയില്‍ 502 പേരാണ് പങ്കെടുത്തത്. പരിപാടി കാണാനും 500 ലേറെ പേരെത്തി.

പൊതുപരിപാടിയില്‍ 150 പേരില്‍ കൂടരുതെന്ന നിയന്ത്രണം നിലനില്‍ക്കെയാണ് ഈ പരിപാടികൾ സംഘടിപ്പിച്ചത്.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ പാറശാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് തിരുവാതിര സംഘടിപ്പിച്ചത്.
സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും പാര്‍ട്ടി ചരിത്രവുമായിരുന്നു തിരുവാതിരകളിപ്പാട്ടിന്റെ പ്രമേയം.
പാറശാലയിൽ നടന്ന മെഗാ തിരുവാതിര തെറ്റായ നടപടിയെന്ന് പാർട്ടിതന്നെ സമ്മതിച്ചിരിക്കെയാണ് വീണ്ടും സമാനമായ പരിപാടി അവതരിപ്പിച്ചത്.

അതേസമയം, തിരുവാതിരക്കളി പോലെ ആളുകൾ കൂടുന്ന പരിപാടികൾ നിർത്തിവയ്ക്കാൻ നിർദേശം നൽകിയതായി തൃശൂർ ജില്ലാ നേതൃത്വം അറിയിച്ചു. 21 മുതൽ 23 വരെയാണ് സി.പി.എം തൃശൂർ ജില്ലാ സമ്മേളനം.

Back to top button
error: