കാച്ചിയ വെളിച്ചണ്ണ തലയിൽ പുരട്ടുന്നത് ഒരു മുത്തശ്ശി വൈദ്യമാണെന്ന് തന്നെ പറയാം. അകാലനരയും താരനും മുടികൊഴിച്ചിലും തടയാന്‍ ഇത് സഹായിക്കും.മൈലാഞ്ചി, ചെമ്പരത്തി, തെച്ചിപ്പൂവ്, കറിവേപ്പില, കറ്റാര്‍വാഴ, ചുവന്നുള്ളി, തുളസി, നെല്ലിക്ക, താന്നിക്ക, കയ്യോന്നി, നീലയമരി, കുറുന്തോട്ടിയില,എള്ള് എന്നിവയും കുരുമുളകും അരിയും ചേർത്ത കാച്ചിയ എണ്ണയും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
ചെമ്പരത്തി പൂക്കളും ചെമ്പരത്തി ഇലകളും ചേത്തുണ്ടാക്കിയ പേസ്റ്റ് വെളിച്ചെണ്ണയിൽ ചേർത്തും തലമുടിയിൽ പുരട്ടാം. ശിരോചർമ്മത്തിലും മുടിയുടെ അഗ്രഭാഗം വരെയും പുരട്ടി, 45-60 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. ആഴ്ചയിൽ രണ്ടു തവണ മുടിയിൽ ഇത് പ്രയോഗിച്ചാൽ സമൃദ്ധമായ മുടി ലഭിക്കും.
ചെമ്പരത്തിയും അതിന്റെ ഇലകളും കറിവേപ്പിലയ്ക്കൊപ്പം ചേർത്ത് മുടിയിൽ പുരട്ടിയാലും ഇരട്ടി ഫലം ലഭിക്കും.ചുവന്ന ചെമ്പരത്തി പൂക്കളും ഇലകളും കഴുകി വൃത്തിയാക്കിയ ശേഷം ഒരു മിക്സിയിൽ ഇടുക.ഇതിലേക്ക് കറിവേപ്പിലയും ചേർത്ത ശേഷം കുറച്ച് വെള്ളമൊഴിച്ച് കുഴമ്പ് പരുവത്തിൽ അരച്ചെടുക്കുക.ഇത് ശിരോചർമത്തിലും മുടിയിലും പുരട്ടി ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയുക.
മുടിയുടെ വളർച്ചയ്ക്ക് നെല്ലിക്കയും മികച്ചതാണ്.നെല്ലിക്ക പൊടിയും ചെമ്പരത്തി പൊടിയും തുല്യ അളവിൽ എടുത്ത് ഇതിലേക്ക് കുറച്ച് വെള്ളം കൂടി ചേർത്ത് പേസ്റ്റ് തയ്യാറാക്കുക.
ഇത് മുടിയിലും ശിരോചർമത്തിലും പുരട്ടുക.45 മിനിറ്റിനു ശേഷം തലമുടി കഴുകുക.ആഴ്ചയിൽ ഒരിക്കൽ ഈ ഹെയർ പായ്ക്ക് പ്രയോഗിക്കുന്നതിലൂടെ മുടിയുടെ വളർച്ചയും ആരോഗ്യമുള്ള മുടിയും ഉറപ്പാക്കാം.
രണ്ടോ മൂന്നോ സ്പൂണ്‍ ഒലീവ് ഓയിലും അൽപ്പം നാരങ്ങ നീരും ചേർത്തുള്ള ഹെയർ പായ്ക്കും തിളക്കമുള്ള മുടി ഉണ്ടാകുന്നതിന് സഹായിക്കും.ഒലീവ് ഓയിലും നാരങ്ങാ നീരും ചേർത്ത മിശ്രിതം മുടിയില്‍ തേച്ച് പിടിപ്പിച്ച് കുറച്ച് സമയം കഴിഞ്ഞ് കഴുകി കളയുക. കേശ സമൃദ്ധിക്ക് ഇത് ഉത്തമ മാർഗമാണ്.
തൈര് മുഖത്തിന് മാത്രമല്ല, മുടിയ്ക്കും ഗുണം ചെയ്യും.ചെമ്പരത്തി പേസ്റ്റിൽ അൽപം തൈര് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിക്സ് തലയിലും തലമുടിയിലും പുരട്ടണം. തല നന്നായി മസാജ് ചെയ്യാനും ശ്രദ്ധിക്കുക. ഇതിന് ശേഷം തലമുടി ഷവർ ക്യാപ് കൊണ്ട് മൂടുക. ഒരു മണിക്കൂർ കഴിഞ്ഞ് വീര്യം കുറവായ ഷാംപൂ ഉപയോഗിച്ച് തല കഴുകാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ മിക്സ് പായ്ക്ക് ഉപയോഗിച്ചാൽ ആരോഗ്യമുള്ള മുടി ലഭിക്കും.