ലൈംഗിക അതിക്രമക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ കന്യാസ്ത്രീ അപ്പീൽ നൽകും. സ്വന്തം നിലയ്ക്കായിരിക്കും ഇവർ അപ്പീലിന് പോവുക. സേവ് ഔവർ സിസ്റ്റേഴ്സ് കന്യാസ്ത്രീക്ക് ആവശ്യമായ നിയമ സഹായം നൽകും. കേസിൽ അപ്പീൽ നൽകാനുള്ള ശ്രമത്തിലാണ് പൊലീസും. കോട്ടയം ജില്ലാ പൊലീസ് മേധാവി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറോട് നിയമോപദേശം തേടി. നിയമോപദേശം ലഭിച്ച ശേഷം അപ്പീൽ നൽകാൻ ഡിജിപി മുഖേന സർക്കാരിന് കത്ത് നൽകും.
അടുത്ത ആഴ്ച തന്നെ നടപടികൾ പൂർത്തിയാക്കാനാണ് നീക്കം. കന്യാസ്ത്രീയുടെ മൊഴി തള്ളിയത് നിസാര പൊരുത്തക്കേടുകളുടെ പേരിലാണെന്നും പരാതിക്കാരിക്ക് അനുകൂലമായ തെളിവുകള്‍ കോടതി സ്വീകരിച്ചില്ലെന്നുമാണ് വിലയിരുത്തല്‍. കന്യാസ്ത്രീയുടെ മൊഴി വിശ്വാസയോഗ്യമല്ല എന്നതാണ് കേസ് തള്ളാനും ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കാനും കാരണമായി കോടതി പറയുന്നത്. കന്യാസ്ത്രീ മറ്റു ചിലരുടെ താത്പര്യങ്ങളില്‍പ്പെട്ടുപോയെന്നും അധികാരത്തിനായി വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചെന്നും ഉള്‍പ്പെടെ കന്യാസ്ത്രീക്കെതിരെ നിശിതമായ വിമര്‍ശനമാണ് വിധി പകര്‍പ്പിലുള്ളത്.