ഇനി കുഞ്ഞു റയാൻ ഓടിച്ചാടി നടക്കും, തിരൂർ ആശുപത്രിയിൽ നിന്ന് നൽകിയ കാലുമായി
ഒരു കാൽ ഇല്ലാതെയാണ് റയാൻ ജനിച്ചത്. ഇപ്പോൾ ഒരു വയസാണ് പ്രായം. തിരൂർ ജില്ലാ ആശുപത്രിയിലെ നിർമിത അവയവ കേന്ദ്രം തയാറാക്കിയ കൃത്രിമക്കാൽ സ്വീകരിച്ച് കൂട്ടുകാരോടൊപ്പം കളിക്കാനും കുസൃതി കാട്ടാനും റയാൻ കഴിയുന്നു
തിരൂർ: പുതുവർഷത്തിൽ കുഞ്ഞു റയാന് ഒരു കുഞ്ഞിക്കാൽ സമ്മാനിച്ച് തിരൂർ ജില്ലാ ആശുപത്രിയിലെ നിർമിത അവയവ കേന്ദ്രം.
കോഡൂർ സ്വദേശികളായ റഫീഖ് – കമറുന്നീസ ദമ്പതികളുടെ ഒരു വയസ്സുള്ള മകൻ റയാനാണ് നിർമിത അവയവകേന്ദ്രം തയാറാക്കിയ കൃത്രിമക്കാൽ സ്വീകരിച്ചത്. ആദ്യമായാണ് ഇവിടെ ഇത്രയും പ്രായം കുറഞ്ഞ കുട്ടിക്ക് അവയവം നൽകുന്നത്. കേന്ദ്രത്തിന്റെ രണ്ടാം വാർഷികദിനം കൂടിയായിരുന്ന ഇന്നലെ സൗജന്യമായാണ് അവയവം നൽകിയത്. ഒരു കാൽ ഇല്ലാതെയായിരുന്നു റയാൻ ജനിച്ചത്.
മുട്ടിലിഴയുന്ന പ്രായം മുതൽ ഇഴഞ്ഞു നടരുന്ന അവന് ഇനി ഇരുകാലിലും ഓടി നടന്ന് കുസൃതി കാട്ടാം. കാൽ ഘടിപ്പിച്ചപ്പോൾ ആദ്യം ഒന്നു കരഞ്ഞെങ്കിലും ഡോക്ടറും മറ്റ് ജീവനക്കാരും ചേർന്ന് മിഠായിയും കളിപ്പാട്ടങ്ങളും നൽകി കൂട്ടായതോടെ റയാൻ നടക്കാനുള്ള ശ്രമമാരംഭിച്ചു.
ഇനി ഒരാഴ്ച ഇവിടെ പരിശീലനം നൽകും. 19 ദിവസം കൊണ്ട് 53 കൃത്രിമക്കാലുകളാണു ജില്ലാ ആശുപത്രിയിലെ ഈ കേന്ദ്രം നിർമിച്ചത്. ആശുപത്രി സൂപ്രണ്ട് കെ.ആർ.ബേബി ലക്ഷ്മിയുടെ നേതൃത്വത്തിൽ കേന്ദ്രമേധാവി ഡോ. പി.ജാവേദ് അനീസ്, ജീവനക്കാരായ ലിബിൻ ജയിംസ്, മുഹമ്മദ് മിഷാൽ, കെ.എച്ച്.ആദം, കെ.അശ്വിനി, പി.റഷീദ, എം.റാഷിജ്, സി.എം.ഷബാന എന്നിവരടങ്ങുന്ന സംഘമാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്.
ട്രോമകെയർ വൊളന്റിയർമാരും സഹായത്തിനെത്താറുണ്ട്.