എന്താണ് വിവരാവകാശ നിയമം, എങ്ങനെ അപേക്ഷിക്കണം…? സമ്പൂർണ വിവരങ്ങൾ അറിയൂ
എക്സിക്യൂട്ടീവ്, നിയമസഭ, ജുഡീഷ്യറി, പാർലമെൻ്റ്, നിയമസഭ തുടങ്ങി നിയമ നിർമ്മാണം വഴി സ്ഥാപിക്കപ്പെട്ട മുഴുവ൯ സ്ഥാപനങ്ങളും വിവരാവകാശ നിയമത്തിന്റെ പരിധിയിൽപ്പെടും. ആർക്കും സർക്കാർ രേഖകൾ പരിശോധിക്കാനുള്ള വിപുലമായ സാദ്ധ്യതയാണ് ഇതിലൂടെ ലഭിക്കുന്നത്
എന്താണ് വിവരാവകാശ നിയമം എന്ന് പലർക്കും അറിയില്ല. അറിയുന്നവർക്ക് തന്നെ എങ്ങനെ അപേക്ഷിക്കണമെന്നോ എന്തൊക്കെ പ്രയോജനങ്ങളുണ്ടെന്നോ വ്യക്തതയില്ല.
പൊതുഅധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ എല്ലാ പൗരന്മാര്‍ക്കും ലഭ്യമാക്കുന്നതിനും പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നതിനും ജനങ്ങളോടുള്ള ഉത്തരവാദിത്വം നിലനിര്‍ത്തുന്നതിനും അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായിട്ടാണ് ഈ നിയമം കൊണ്ടുവന്നത്. വിവരാവകാശ നിയമം 2005 ഒക്ടോബര്‍ 12 മുതല്‍ പ്രാബല്യത്തില്‍ വന്നു.
ഇന്ത്യ൯ പൗരന്മാർക്ക് സർക്കാർ വിവരങ്ങൾ അറിയാനുള്ള അവകാശത്തെ സംബന്ധിച്ചും, അതു സംബന്ധിച്ച നിയമങ്ങളെ പറ്റിയും, വേണ്ട രീതികളെ കുറിച്ചും പ്രതിപാദിക്കുന്ന ആക്റ്റാണ് ആർ.ടി.ഐ അഥവാ വിവരാവകാശ നിയമം.
ഈ നിയമപ്രകാരം ഓരോ പൗരനും സർക്കാർ ഓഫീസുകളിൽ നിന്ന് ആവശ്യമുള്ള വിവരങ്ങൾ തേടാ൯ അവകാശമുണ്ട്. 30 ദിവസത്തിനുള്ളിൽ വിവരങ്ങൾ കൈമാറണമെന്നാണ് നിയമം. ഒരു വിവരാധികാരി, അപേക്ഷ സ്വീകരികാതിരിക്കുകയോ, നിശ്ചിത സമയത്തിനുള്ളിൽ വിവരം നൽകാതിരിക്കുകയോ, മനഃപൂർവം വിവരം നിരസിക്കുകയോ, അറിഞ്ഞുകൊണ്ട് തെറ്റായതോ, അപൂർണ്ണമായതോ ആയ വിവരം നൽകുകയോ, വിവരരേഖകൾ നശിപ്പിക്കുകയോ, വിവരം നൽകുന്നത് തടസ്സപ്പെടുത്തുകയോ ചെയ്താൽ, പ്രതിദിനം 250 രൂപാ നിരക്കിൽ, പരമാവധി 25000 രൂപാ വരെ പിഴശിക്ഷ ലഭിക്കും. മാത്രമല്ല വകുപ്പുതലത്തിൽ അച്ചടക്കനടപടിയും ഉണ്ടാകും. ശിക്ഷാധികാരം കമ്മീഷനാണ്. അത്രയധികം കരുത്തുള്ള ഒരു അവകാശമാണിത്. എന്നിട്ടും നമുക്ക് ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് അറിയില്ല. മാത്രമല്ല, അപേക്ഷ എഴുതി നല്കാൻ കഴിയില്ലെങ്കിൽ, വാക്കാലാവശ്യപ്പെട്ടാൽ അപേക്ഷ എഴുതി നൽകുന്നതിന് അപേക്ഷകനെ പൊതുവിവരാധികാരി സഹായിക്കണം. അപേക്ഷയോടൊപ്പം നിശ്ചിത ഫീസ് നല്കണം. ദാരിദ്ര്യരേഖക്കു താഴെയുള്ളവറർ ഫീസ് നല്കേണ്ടതില്ല.
റെക്കോർഡുകൾ, ഡോക്യുമെന്റുകൾ, ഇമെയ്ലുകൾ, അഭിപ്രായങ്ങൾ, വാർത്താ കുറിപ്പുകൾ, ഓർഡറുകൾ, ഇലക്ട്രോണിക് രൂപത്തിലുള്ള ഡാറ്റ തുടങ്ങിയവയെല്ലാം ഇ൯ഫർമേഷ൯ പരിധിയിൽ വരും. നിയമ പ്രകാരം പൊതുമേഖലാ സ്ഥാപനത്തിന് ശേഖരിക്കാ൯ അവകാശമുള്ള സ്വകാര്യ സ്ഥാപനത്തെ കുറിച്ചുള്ള വിവരങ്ങളും വിവരാവകാശ നിയമം അനുസരിച്ച് ആളുകൾക്ക് കൈപ്പറ്റാവുന്നതാണ്.
ആർ.ടി.ഐ നിയമത്തിന്റെ പരിധിയിൽ ആരോക്കെ ഉൾപ്പെടും?
ജമ്മു-കശ്മീർ സംസ്ഥാനമൊഴിച്ച് ഭാരതത്തിൽ എല്ലായിടത്തും ഈ നിയമം ബാധകമാണ്. എല്ലാ സർക്കാർ വകുപ്പുകളും പൊതുസ്ഥാപനങ്ങളും ഈ നിയമപരിധിയിൽ പെടും. എന്നാൽ, കേന്ദ്ര രഹസ്യാന്വേഷണ സംഘടനയടക്കം പതിനെട്ട് രഹസ്യാന്വേഷണ-സുരക്ഷാസ്ഥാപനങ്ങളെ ഈ നിയമപരിധിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. പോലീസും കോടതികളുമടക്കം മറ്റ് യാതൊരു സ്ഥാപനത്തേയും ഒഴിവാക്കിയിട്ടില്ല.
ഭരണഘടനാപരമായ മുഴുവ൯ അധികാരികളും ഈ നിയമത്തിന്റെ പരിധിയിൽ വരും. എക്സിക്യൂട്ടീവ്, നിയമസഭ, ജുഡീഷ്യറി, പാർലമെന്റ് അല്ലെങ്കിൽ നിയമസഭ തുടങ്ങി നിയമ നിർമ്മാണം വഴി സ്ഥാപിക്കപ്പെട്ട മുഴുവ൯ സ്ഥാപനങ്ങളും ഈ നിയമത്തിന്റെ പരിധിയിൽപ്പെടും. ആർക്കും സർക്കാർ രേഖകൾ പരിശോധിക്കാനുള്ള വിപുലമായ സാദ്ധ്യതയാണ് ഇതിലൂടെ തുറന്നിട്ടിരിക്കുന്നത്.
ആർ.ടി.ഐ എങ്ങനെ ഫയൽ ചെയ്യാം?
വിവരാവകാശ അപേക്ഷ സമർപ്പിക്കുന്ന വ്യക്തി പത്ത് രൂപ ഫീസ് അടച്ച് നിശ്ചിത ഡിപ്പാർട്ട്മെന്റിലെ പബ്ലിക് ഇ൯ഫർമേഷ൯ ഓഫീസർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 30 ദിവസത്തിനുള്ളിൽ മറുപടി ലഭിച്ചില്ലെങ്കിൽ സെന്ട്രൽ ഇ൯ഫർമേഷ൯ കമ്മീഷനെ സമീപിക്കാം.
അപേക്ഷ ഓൺലൈനായും സമർപ്പിക്കാം.
ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ കേരള സർക്കാരിന്റെ വെബ്ബ് പോർട്ടലായ ഈ ഡിസ്ട്രിക്ട് ൽ പ്രവേശിക്കുക.
മുമ്പ് നിങ്ങൾ ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ Portal User Login എന്ന ഭാഗത്ത് യൂസർനെയിമും പാസ്‌വേർഡും കൊടുത്തു ലോഗിൻ ചെയ്യുക.
അല്ലാത്തവർ, New PortalUserCreation എന്ന ഭാഗം ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന ഫോം ഫില്ല് ചെയ്തു പുതിയ യൂസർ നെയിമും പാസ്സ് വേർഡും ക്രിയേറ്റ് ചെയ്യുക. ശേഷം ലോഗിൻ ചെയ്യുക.
ലോഗിൻ ചെയ്ത ശേഷം വരുന്ന RTI സെലക്ട് ചെയ്യുക. അതിൽ നോർമൽ എന്നത് സെലക്ട് ചെയ്ത്, ന്യൂ രജിസ്ട്രേഷൻ എന്നതിൽ ക്ലിക്ക് ചെയ്യുക.
പിന്നീട് വരുന്ന ഫോമിൽ നിങ്ങളുടെ അഡ്രസ്സ്, മറ്റുള്ള ഡീറ്റെയിൽസ് എല്ലാം പൂരിപ്പിക്കുക. അതിനുശേഷം നിങ്ങളുടെ ആവശ്യകത വ്യക്തമായി എഴുതുക. മലയാളത്തിലും ഇംഗ്ലീഷിലും എഴുതാൻ പറ്റുന്നതാണ്.
ഇപ്രകാരം നിങ്ങൾക്ക് വിവരാവകാശപ്രകാരം എന്തും ആവശ്യപ്പെടാവുന്നതാണ്.