കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെയുള്ള വിചാരണ പൂര്‍ത്തിയായി.ഈ മാസം 14ന് കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി വിധി പറയും.ഇന്നത്തോടെ വിചാരണ നടപടികളെല്ലാം പൂര്‍ത്തിയാക്കിയാണ് കോടതി കേസ് വിധി പറയാന്‍ മാറ്റിവെച്ചത്.
കുറവിലങ്ങാട് മഠത്തില്‍വെച്ച് 13 തവണ കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ചതായി പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.ബലാത്സംഗത്തിന് പുറമെ പ്രകൃതിവിരുദ്ധ പീഡനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളെല്ലാം ഫ്രാങ്കോക്കെതിരെ ചുമത്തിയിട്ടുണ്ട്. കേസിലെ 83 സാക്ഷികളില്‍ 39 പേരെ കോടതി വിസ്തരിച്ചു. ഇതില്‍ സാക്ഷികളായ കന്യാസ്ത്രീകളും ഫ്രാങ്കോക്കെതിരെ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ നേരത്തെ 21 ദിവസം ജയിലില്‍ കഴിഞ്ഞ ഫ്രാങ്കോ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.