NEWS

ബാർലി സർവ്വ രോഗസംഹാരി: കൊളസ്‌ട്രോൾ, യൂറിനറി ഇൻഫക്ഷൻ, ദഹനപ്രശ്നങ്ങൾ എല്ലാറ്റിനും ഉത്തമം

ധാന്യങ്ങളുടെ കൂട്ടത്തില്‍ പെട്ട ബാര്‍ലിക്ക് ഔഷധ ഗുണങ്ങൾ ഏറെയുണ്ട്. കൊളസ്ട്രോൾ മുതൽ പ്രമേഹം വരെ നിയന്ത്രിക്കാം. പ്രധാന ജീവിത ശൈലീ രോഗങ്ങൾക്കൊക്കെ ബാർലി ഉത്തമമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്

ദിവസവും ബാർലി വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ‌ ചെറുതൊന്നുമല്ല. കൊളസ്ട്രോൾ മുതൽ പ്രമേഹം വരെ നിയന്ത്രിക്കാനുള്ള കഴിവ് ബാർലിക്കുണ്ട്.

ഓട്‌സില്‍ കാണുന്ന ബീറ്റ ഗ്ലൂക്കാന്‍ ബാര്‍ലിയിലും അടങ്ങിയിട്ടുണ്ട്. മാത്രമല്ല ധാരാളം നാരുകള്‍ അടങ്ങിയ ബാർലി ശരീരത്തില്‍ നിന്നും വിഷാംശം പുറത്തു കളയാന്‍ സഹായിക്കുന്നു. ഇത് കൊഴുപ്പകറ്റുകയും ചെയ്യും

മൂത്രനാളിയിലെ അണുബാധയ്ക്കുള്ള ഉത്തമ ഔഷധം

ബാർലി വെള്ളം ഒരു ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നതിനാൽ, ഇത് മൂത്രനാളിയിലെ അണുബാധയ്ക്കുള്ള സ്വാഭാവിക പ്രതിവിധിയായി കണക്കാക്കുന്നു. കുട്ടികൾക്കായാലും മുതിർന്നവർക്കായാലും യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ ഉണ്ടായാൽ അണുബാധ കുറയുന്നത് വരെ ദിവസേന രണ്ട് ഗ്ലാസ് ബാർലി വെള്ളം കുടിക്കാവുന്നതാണ്. വൃക്കയിലെ കല്ലുകൾക്കും സിസ്റ്റുകൾക്കും ഇത് നല്ലൊരു പ്രതിവിധിയാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ശരീരഭാരം കുറയ്ക്കാൻ

ബാർലിയിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ബാർലി വെള്ളം മികച്ച ഒരു പ്രതിവിധിയാണ്. കാരണം ഇത് കൂടുതൽ നേരം നിങ്ങളുടെ വയർ നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കും. അങ്ങനെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാൻ കാരണമാകുകയും ചെയ്യും.

ദഹന പ്രശ്നങ്ങൾക്ക് പരിഹാരം

ആയുർവേദത്തിൽ, ബാർലി വെള്ളം ദഹനപ്രക്രിയ സുഗമമാക്കാൻ സഹായിക്കുന്ന ഒരു ടോണിക്ക് ആയി കണക്കാക്കപ്പെടുന്നു. വാത, പിത്ത, കഫ പ്രശ്നങ്ങൾക്ക് യഥാക്രമം കുറച്ച് സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് ബാർലി വെള്ളം കുടിക്കുന്നത് ദഹന പ്രശ്നം അകറ്റുന്നതിൽ കൂടുതൽ സഹായിക്കാനാകും.

മലബന്ധമോ വയറിളക്കമോ ഉള്ളവർക്ക് ഇത് ഒരു ഒറ്റമൂലിയായി പലപ്പോഴും ശുപാർശ ചെയ്യപ്പെടുന്നു. കൂടാതെ അണുബാധ സമയത്ത് ഇലക്ട്രോലൈറ്റ് സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാനും ഇത് സഹായിക്കുന്നു.

ശരീരത്തെ വിഷമുക്തമാക്കാൻ

ബാർലി വെള്ളം പതിവായി കുടിക്കുന്നത് ശരീരത്തിലെയും കുടലിലെയും വിഷവസ്തുക്കളെ മൂത്രനാളിയിലൂടെ പുറന്തള്ളാൻ സഹായിക്കുന്നു. ബാർലിയുടെ കോശഭിത്തികളിൽ അടങ്ങിയിരിക്കുന്ന ബീറ്റാ ഗ്ലൂക്കൻസ് എന്ന ഘടകമാണ് ഈ പ്രക്രിയ നിർവഹിക്കുന്നത്. അതിനാൽ ശരീരത്തിന്റെ ആന്തരിക സംവിധാനങ്ങളെ ശുദ്ധീകരിക്കാൻ ഇത് സഹായിക്കുന്നു.

കൊളസ്‌ട്രോൾ കുറയ്ക്കാൻ

നാരുകളുടെയും ബീറ്റാ ഗ്ലൂക്കണുകളുടെയും നല്ല ഉറവിടമായതിനാൽ, ബാർലി വെള്ളം രക്തത്തിലെ കൊളസ്ട്രോൾ (ഭക്ഷണത്തിൽ നിന്ന് എൽഡിഎൽ, ട്രൈഗ്ലിസറൈഡുകൾ എന്നിവയുടെ ആഗിരണം തടയുന്നതിലൂടെ), രക്തത്തിലെ പഞ്ചസാര (ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്തുന്നതിലൂടെ) എന്നിവ നിയന്ത്രിക്കുന്നതിനും പ്രവർത്തിക്കുന്നു. മാത്രമല്ല, ഇതിന് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ബാര്‍ലി വാങ്ങി നല്ലപോലെ വേവിയ്ക്കുക. ഇത് വേവിക്കാന്‍ അല്‍പം വെള്ളം കൂടുതല്‍ എടുക്കാം. ഈ വെള്ളം അരിച്ചെടുത്ത് ഇതില്‍ അല്‍പം ചെറുനാരങ്ങനീര് ചേര്‍ക്കുക. വേണമെന്നുള്ളവര്‍ക്ക് മധുരത്തിന് വേണ്ടി അല്‍പം തേൻ ചേർക്കാം.

ഇത് ഫ്രിഡ്ജില്‍ വച്ച് ഏറെനാൾ ഉപയോഗിക്കാം. പ്രതിരോധശേഷി വർധിപ്പിക്കാനും ചർമ്മ പ്രശ്നങ്ങൾ അകറ്റാനും ബാർലി വെള്ളം സ്ഥിരമായി കുടിക്കുന്നത് ഗുണം ചെയ്യും. പ്രമേഹരോഗികൾ ബാർലി വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉത്തമമെന്നാണ് വിദഗ്ധർ പറയുന്നത്.

Back to top button
error: