NEWS

രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ചുമതലയേറ്റു

ചലച്ചിത്ര അക്കാദമി ചെയര്‍മാനായി രഞ്ജിത്ത് ചുമതലയേറ്റു. കോഴിക്കോട് സ്വദേശിയായ രജ്ഞിത്ത് രാജ്യാന്തര ചലചിത്ര മേളയുടെ ഡയറക്ടർ കൂടിയാണ്. സംവിധായകന്‍ കമലിന്‍റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് രഞ്ജിത്തിനെ അക്കാദമി ചെയര്‍മാനായി നിയമിച്ചത്

തിരുവനന്തപുരം: സംവിധായകനും നടനും തിരക്കഥാകൃത്തുമായ  രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ചുമതലയേറ്റു. രാജ്യാന്തര ചലചിത്ര മേളയുടെ ഡയറക്ടർ കൂടിയായ രജ്ഞിത്ത് കോഴിക്കോട് സ്വദേശിയാണ്.
സംവിധായകന്‍ കമലിനെ അക്കാദമി ചെയർമാനായി  തെരഞ്ഞെടുത്തത് 2016ലാണ് കമലിന്‍റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് രഞ്ജിത്തിനെ അക്കാദമി ചെയര്‍മാനായി നിയമിച്ചത്.

അതെ സമയം സംഗീത നാടക അക്കാദമി ചെയര്‍മാനായി എം.ജി ശ്രീകുമാറിനെ നിയമിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും വിവാദങ്ങളും എതിര്‍പ്പും ഉയര്‍ന്ന സാഹചര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. സംഘപരിവാർ അനുഭാവം പരസ്യമായി പ്രകടിപ്പിക്കുകയും ബി.ജെ.പി സ്ഥാനാർത്ഥിക്കു വേണ്ടി പ്രചരണത്തിനിറങ്ങുകയും ചെയ്ത എം.ജി ശ്രീകുമാറിനെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനെതിരെ ഇടതുപക്ഷ രാഷ്ട്രീയ, സാംസ്‌കാരിക പ്രവർത്തകർ വലിയ പ്രതിഷേധം പങ്കുവെച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനൊപ്പം എം.ജി ശ്രീകുമാര്‍ പ്രചാരണത്തില്‍ പങ്കെടുത്തിരുന്നു. കുമ്മനത്തിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ ഗാനം ആലപിച്ചതും എം.ജി ശ്രീകുമാറാണ്. 2016ല്‍ കഴക്കൂട്ടത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വി മുരളീധരന് വേണ്ടി പ്രചാരണം നടത്തിയ എം.ജി ശ്രീകുമാര്‍ പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു.
നടി കെ.പി.എ.സി ലളിതയാണ് നിലവില്‍ സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണ്‍.

Back to top button
error: