ജന്മദിനാശംസകള്‍ നേര്‍ന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ ചലച്ചിത്ര താരം ജഗതി ശ്രീകുമാറിനെ സന്ദര്‍ശിച്ചു. ജഗതി ശ്രീകുമാറിന്‍റെ 71ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ ജഗതിയുടെ പേയാട്ടെ വസതിയില്‍ നേരിട്ടെത്തിയത്. പ്രിയ സൃഹ്യത്തിനെ ഹൃദ്യമായ പുഞ്ചിരി സമ്മാനിച്ച് ജഗതി ശ്രീകുമാര്‍ സ്വീകരിച്ചു.
വിദ്യാര്‍ത്ഥി ജീവിതകാലം മുതല്‍ക്കെ തുടങ്ങിയ ആത്മബന്ധമാണ് ജഗതി ശ്രീകുമാറും എംഎം ഹസ്സനുമായുള്ളത്. അത് ഇന്നും കോട്ടം വരാതെ ഇരുവരും കാത്തുസൂക്ഷിക്കുന്നു.മാര്‍ ഇവാനിയസ് കോളേജിലെ കലാലയ ജീവിതകാലഘട്ടത്തിലെഓര്‍മ്മകളുടെ പുനസാമഗമം കൂടിയായി ഇരുവരുടെയും കൂടിക്കാഴ്ച.
കെഎസ് യു നേതാവായിരുന്ന എംഎം ഹസ്സന്‍ അക്കാലത്ത് യൂണിവേഴ്സിറ്റി കലോത്സവ വിജയികളായ ജഗതി ശ്രീകുമാര്‍, നെടുമുടി വേണു തുടങ്ങിയ കലാപ്രതിഭകളെ പങ്കെടുപ്പിച്ച് നടത്തിയ ഒരുമാസം നീണ്ടുനിന്ന അഖിലേന്ത്യ പര്യടനമാണ് ഇരുവരും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ദൃഢത കെെവരിക്കുന്നത്.ഹാസ്യ അഭിനയകുലപതി ജഗതി ശ്രീകുമാറിന്‍റെ എല്ലാ ജന്മദിനത്തിലും മുടങ്ങാതെ നേരിട്ടെത്തി ആശംസ അര്‍പ്പിക്കുന്ന പതിവ് ഇത്തവണയും എംഎം ഹസ്സന്‍ തെറ്റിച്ചില്ല. കലാലയ ജീവിതത്തിന് ശേഷം ജഗതി ശ്രീകുമാര്‍ സിനിമാ മേഖലയിലും എംഎം ഹസ്സന്‍ രാഷ്ട്രീയ രംഗത്തും സജീവമായെങ്കിലും ഇരുവരും തമ്മിലുള്ള ആത്മസൗഹൃദത്തിന് ഒരു ഉലച്ചിലും സംഭവിച്ചില്ല.
അപ്രതീക്ഷിതമായ അപകടത്തെ തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന ജഗതി ശ്രീകുമാറിന്‍റെ ഓരോ പിറന്നാള്‍ ദിനത്തിലും സൗഹൃദ നന്മ പുതുക്കി പ്രിയ സുഹൃത്തിന് ആശംസകള്‍ നേര്‍ന്ന് എംഎം ഹസന്‍ ജഗതിയുടെ പേയാടുള്ള വസതിയില്‍ എത്താറുണ്ട്. കേക്ക് മുറിച്ച് ഇരുവരും സന്തോഷം പങ്കിട്ട ശേഷം സമീപകാലത്ത് പ്രകാശനം ചെയ്ത എംഎം ഹസ്സന്‍റെ ആത്മക്കഥയായ ഓര്‍മ്മച്ചെപ്പ് എന്ന പുസ്തകം കെെമാറി. ഓര്‍മ്മച്ചെപ്പിലെ ഒരധ്യായം ജഗതി ശ്രീകുമാറും നെടുമുടി വേണുവും തമ്മിലുള്ള അത്മബന്ധത്തിന്‍റെ നേര്‍ചിത്രം തുറന്നു കാട്ടുന്നു. ജഗതി ശ്രീകുമാറിന്‍റെ ഭാര്യാ സഹോദരന്‍റെ മരണത്തെ തുടര്‍ന്ന് ഇത്തവണ ആഘോഷ പരിപാടികള്‍ ഒഴിവാക്കിയിരുന്നു.