പ്രതിഷേധം, റോഡ് തടയൽ, ടയർ കത്തിക്കൽ, നടുറോഡിൽ നിസ്‌കാരം, ഹർത്താൽ… കോഴിക്കോട് മുക്കത്തിനടുത്ത് എരഞ്ഞിമാവിലെ സമരവും അക്രമങ്ങളും നാട് മറന്നിട്ടില്ല. കുറഞ്ഞ ചെലവിൽ പ്രകൃതിവാതകം എത്തിക്കുന്ന ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ(ഗെയിൽ)യുടെ വാതകപൈപ്പ്‌ലൈൻ പദ്ധതിക്കെതിരെ നാലുവർഷം മുമ്പായിരുന്നു അക്രമസമരം. ഭൂമിക്കടിയിൽ ‘പാചകവാതക ബോംബാണ്’ സ്ഥാപിക്കുന്നതെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു കോഴിക്കോട്–-മലപ്പുറം അതിർത്തിഗ്രാമങ്ങളിലെ പടപ്പുറപ്പാട്.
യുഡിഎഫ്–-ജമാഅത്തെ ഇസ്ലാമി–എസ്‌ഡിപിഐ നേതൃത്വത്തിൽ 2017 നവംബർ ഒന്നിന് എരഞ്ഞിമാവിനെ കലുഷിതമാക്കി സമരം അക്രമത്തിലേക്ക് നീങ്ങി. റോഡിൽ നിസ്‌കരിച്ച് മത–-രാഷ്ട്രീയ സംഘടനകൾ ജനങ്ങളെ ഇളക്കിവിട്ടു. രണ്ട് കെഎസ്‌ആർടിസി ബസ്സടക്കം എട്ട് വാഹനങ്ങൾ തകർത്തു. പൊലീസിനെയും ആക്രമിച്ചു. പൈപ്പിടുന്നത് തടയാൻ കോൺഗ്രസ്–-മുസ്ലിംലീഗ് നേതാക്കളൊന്നാകെ രംഗത്തിറങ്ങി. മലപ്പുറത്തെ കോട്ടക്കൽ, ഇന്ത്യനൂർ കേന്ദ്രീകരിച്ചും അക്രമങ്ങളുണ്ടായി. ഇത് ദിവസങ്ങളോളം നീണ്ടു നിന്നു.