KeralaNEWS

ആരെയും മയക്കുന്ന സീതാർകുണ്ട് വെള്ളച്ചാട്ടം

പ്രകൃതിയുടെ സൗന്ദര്യം ആവോളം വാരിച്ചുറ്റി നില്‍ക്കുന്ന സീതാര്‍കുണ്ട് സഞ്ചാരികളുടെ ദൃശ്യാസ്വാദനത്തിനു ചില്ലറ മിഴിവല്ല പകരുന്നത്. മലനിരകള്‍ക്കിടയിലൂടെ വെള്ളി വെളിച്ചത്തിന്റെ നിറച്ചാര്‍ത്തുമായി നില്‍ക്കുന്ന വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ത്രേതായുഗത്തില്‍ വനവാസ കാലത്ത് രാമ ലക്ഷ്മണ സമേതം ഇവിടെയെത്തിയ സീത കുളിച്ചു എന്നു വിശ്വസിക്കുന്ന സ്ഥലമാണ് പിന്നീട് സീതാര്‍കുണ്ട് എന്നപേരിൽ അറിയപ്പെടുന്നത്. അതിനാല്‍ ഇവിടെ വന്നു കുളിക്കുന്നതു പുണ്യമായി കരുതുന്നവരും ധാരാളമുണ്ട്.
  എന്നും വിനോദ സഞ്ചാരികളെ കൊതിപ്പിക്കുന്ന നെല്ലിയാമ്പതിയിലെ  “വ്യൂ പോയിന്റ് മേലേ സീതാര്‍കുണ്ടിലാണു സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നുള്ള കാഴ്ച പാലക്കാടന്‍ ചുരത്തിന്റെ വൈവിധ്യമാർന്ന ദൃശ്യങ്ങൾ ഒറ്റ ഫ്രെയിമിലെന്നവണ്ണം നമുക്ക് പകര്‍ന്നു നല്‍കും. ഇതു കാണുന്നതിനായി അവധിക്കാലത്തുള്‍പ്പെടെ ധാരാളം പേരാണ് ഇവിടേക്ക് എത്തുന്നത്.
നെല്ലിയാമ്പതി മലനിരയില്‍ നിന്ന് ഉത്ഭവിക്കുന്ന സീതാർകുണ്ട് വെള്ളച്ചാട്ടം ദൃശ്യ മനോഹരമാണ്. ഈ വെള്ളച്ചാട്ടം കാണുന്നതിനായാണ് സഞ്ചാരികള്‍ കൂടുതലും ഇവിടേക്ക് എത്തുന്നത്. കടുത്ത വേനല്‍  സമയത്തും സീതാര്‍കുണ്ടില്‍  വെള്ളച്ചാട്ടം ഉണ്ടാവുമെന്നതും ഇവിടത്തെ പ്രത്യേകതയാണ്.
പാലക്കാട് ജില്ലയിലെ നെന്മാറ ടൗണില്‍ നിന്ന് മേഘങ്ങള്‍ ഓമനിക്കുന്ന നെല്ലിയാമ്പതി മലനിരകളിലേക്കുള്ള യാത്ര ആരേയും ആകര്‍ഷിക്കുന്ന ഒന്നാണ്. 467 മീറ്റര്‍ മുതല്‍ 1572 മീറ്റര്‍ വരെയാണ് കടല്‍ നിരപ്പില്‍ നിന്ന് ഈ മലനിരകളുടെ ഉയരം. പാലക്കാടന്‍ സമതലങ്ങളുടെ ചൂടില്‍ നിന്ന് നെല്ലിയാമ്പതി മലനിരകളുടെ ഈ കാഴ്ച തന്നെ കുളിര്‍മ്മയേകും. നെല്ലിയാമ്പതിയില്‍ എത്താന്‍ നെന്മാറയില്‍ നിന്ന് പോത്തുണ്ടി അണക്കെട്ട്(ഇവിടെ ബോട്ടിംഗിന് സൗകര്യമുണ്ട്) വഴിയുള്ള റോഡില്‍ കൂടി  ഏകദേശം 10 – ഓളം ഹെയര്‍പിന്‍ വളവുകള്‍ പിന്നിട്ട് വേണം മുകളിലെത്താൻ.
നെല്ലിയാമ്പതിയിലേക്കുള്ള ചുരം കയറുമ്പോള്‍ താഴെ പാലക്കാടന്‍ സമതലങ്ങളും നെല്‍പാടങ്ങളും തെങ്ങിന്‍ തോപ്പുകളും നൽകുന്ന ദൃശ്യവിരുന്ന് വേറിട്ടൊരു കാഴ്ച തന്നെയാണ് സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്.നെല്ലിയാമ്പതി  ഓറഞ്ച് തോട്ടങ്ങള്‍ക്കും പ്രസിദ്ധമാണ്.
സീതാര്‍കുണ്ട് വെള്ളച്ചാട്ടത്തോടൊപ്പം പലകപ്പാണ്ടിയില്‍ നിന്ന് മാമ്പാറ വരെ ജീപ്പിലോ, നടന്നോ  പ്രകൃതി ഭംഗിയും ആസ്വദിക്കാം. പലകപ്പാണ്ടിക്കു സമീപം തേയില, ഏലം, കാപ്പി തോട്ടങ്ങളും അതിനിടകലര്‍ന്ന് സ്വാഭാവിക വനങ്ങളുമുണ്ട്.കാട്ടുപോത്ത്, ആന, പുള്ളിപ്പുലി, മലയണ്ണാന്‍ തുടങ്ങി വന്യജീവികളുടെ ആവാസകേന്ദ്രമാണിവിടം. പക്ഷികളുടെ വൈവിധ്യവും വൈപുല്യവും നെല്ലിയാമ്പതിയുടെ മറ്റൊരു പ്രത്യേകതയാണ്.പക്ഷി നിരീക്ഷകരുടെയും പറുദീസയാണിത്.

Back to top button
error: