സംസ്ഥാന വനിത ശിശുവികസന വകുപ്പ് തൃശൂര്‍ രാമവര്‍മ്മപുരത്ത് പെണ്‍കുട്ടികള്‍ക്കുള്ള അത്യാധുനിക മോഡല്‍ ഹോം സജ്ജമാക്കിയിരിക്കുകയാണ്. നിര്‍ഭയ സെല്ലിന് കീഴില്‍ 12 വയസിനും 18 വയസിനും ഇടയില്‍ പ്രായമുള്ള പോസ്‌കോ അതിജീവിതരായ പെണ്‍കുട്ടികള്‍ക്ക് ശാസ്ത്രീയ പരിചരണവും അഭിരുചിക്കനുസൃതമായ വിദ്യാഭ്യാസവും നല്‍കി പുനരധിവസിക്കുക എന്ന ലക്ഷ്യത്തോടെയാണ് മോഡല്‍ ഹോം തയ്യാറാക്കിയിരിക്കുന്നത്. 150 കുട്ടികള്‍ക്ക് ഇവിടെ താമസിക്കാനുള്ള സൗകര്യങ്ങളുണ്ട്.
കുട്ടികള്‍ക്ക് ഒരു കുടുംബം എന്നുള്ള അന്തരീക്ഷം നല്‍കുന്നതിന് വേണ്ടി ഒരു ഹൗസ് മദര്‍ക്ക് 10 കുട്ടികള്‍ എന്ന രീതിയില്‍ ചുമതല നല്‍കിയിട്ടുണ്ട്. 12 വയസിന് താഴെയുള്ള കുട്ടികളില്‍ അതിജീവിതരായ സഹോദരങ്ങളുണ്ടെങ്കില്‍ അവര്‍ക്ക് ഒരുമിച്ച് താമസിക്കാന്‍ ഹോമില്‍ പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തികശേഷി കുറവായ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് കുട്ടികളെ സന്ദര്‍ശിക്കുന്നതിന് യാത്രാചെലവ് അനുവദിക്കുന്നതും അവശ്യഘട്ടങ്ങളില്‍ മാതാവിന് കുട്ടിയോടൊപ്പം താമസിക്കുന്നതിനുള്ള സൗകര്യവും ഹോമില്‍ ഒരുക്കിയിട്ടുണ്ട്.