NEWS

വർണവസന്തങ്ങളുടെ ഉത്സവമായി ലോകം പുതുവർഷം കൊണ്ടാടി, ആകാശത്ത് വര്‍ണ വിസ്മയമൊരുക്കി ദുബൈ

പസഫിക്കിലെ കുഞ്ഞുദ്വീപായ ടോങ്കയിലാണ് പുതുവര്‍ഷം ആദ്യമെത്തിയത്. ഒമിക്രോണ്‍ ഭീതി നിലനില്‍ക്കുന്ന ലണ്ടനില്‍ ഇക്കുറി പുതുവർഷത്തിന് വലിയ ആഘോഷങ്ങളുണ്ടായിരുന്നില്ല. പരമ്പരാഗതമായി നടത്തുന്ന വെടിക്കെട്ടും ഒഴിവാക്കി. വത്തിക്കാനിലെ സെന്റ്പീറ്റേഴ്സ് ബസിലിക്കയിലാണ് മാര്‍പ്പാപ്പയുടെ പുതുവത്സര ആഘോഷം നടന്നത്. ഇന്ത്യയിലും കടുത്ത നിയന്ത്രണത്തോടെയാണ് പുതുവത്സരാഘോഷം നടന്നത്. ദില്ലി, മുംബൈ, ബെംഗളൂരു തുടങ്ങിയ വലിയ നഗരങ്ങളില്‍ രാത്രി കര്‍ഫ്യു ഏർപ്പെടുത്തിയിരുന്നതുകൊണ്ട് ആഘോഷങ്ങൾ പരിമിതമായിരുന്നു

പ്രകാശം കൊണ്ട് വർണ വിസ്മയങ്ങൾ തീർത്ത് ദുബായ് നഗരം പുതുവർഷത്തെ വരവേറ്റു. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫക്ക് മുകളിലൂടെ വർണവിസ്മയങ്ങൾ ഒഴുകിപ്പരന്നു. 12മണി ആയതോടെ ആകാശം വർണപ്പൂക്കളാൽ ജ്വലിച്ചു.

Signature-ad

കുടുംബസമേതം എത്തിയ സന്ദർശകർക്ക് ഒരു വർഷം ഓർത്തുവെക്കാനുള്ള വിസ്മയക്കാഴ്ച തന്നെയായിരുന്നു ഇത്തവണയും ബുർജ് ഖലീഫയും ദുബൈയും ഒരുക്കിയത്.

വർണാഘോഷവേദികളായ ജുമൈറ ബീച്ച്, പാം ജുമൈറ, ബുർജുൽ അറബ് തുടങ്ങി സ്ഥലങ്ങളിലും വൻ തിരക്കായിരുന്നു. കൊവിഡ് മഹാമാരിക്കിടയിലും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് ഗൾഫ് നാടുകളിൽ പുതുവത്സരാഘോഷങ്ങൾ നടന്നത്.

ഇത്തവണ ലോകം പുതുവര്‍ഷത്തെ വരവേറ്റത് കൂടിച്ചേരലുകള്‍ക്കും ആഘോഷങ്ങള്‍ക്കും അതിരിട്ടാണ്. പസഫിക്കിലെ കുഞ്ഞുദ്വീപായ ടോങ്കയിലാണ് പുതുവര്‍ഷം ആദ്യമെത്തിയത്. പിറകെ സമീപ പ്രദേശങ്ങളായ സമോവ, ക്രിസ്മസ് ദ്വീപ് എന്നിവിടങ്ങളിലും പുതുവത്സരമെത്തി.

ന്യൂസിലാന്‍ഡിലെ ഓക്ലാന്‍ഡ് നഗരത്തിലെ പുതുവത്സരാഘോഷം വർണവസന്തങ്ങളുടെ ഉത്സവമായി മാറി. ഓസ്‌ട്രേലിയന്‍ നഗരമായ സിഡ്‌നിയിലും വലിയ രീതിയില്‍ ആഘോഷം നടന്നു. ഒമിക്രോണ്‍ ഭീതി നിലനില്‍ക്കുന്ന ലണ്ടനില്‍ ഇക്കുറി വലിയ ആഘോഷങ്ങളില്ല. പരമ്പരാഗതമായി നടത്തുന്ന വെടിക്കെട്ട് ഇത്തവണ ലണ്ടനില്‍ ഒഴിവാക്കി. വത്തിക്കാനിലെ സെന്റ്പീറ്റേഴ്സ് ബസിലിക്കയിലാണ് മാര്‍പ്പാപ്പയുടെ പുതുവത്സര ആഘോഷം നടന്നത്. യുവാക്കള്‍ക്ക് പ്രായമായവരുടെ ജ്ഞാനവും അനുഭവപരിചയവും ആവശ്യമാണ്, അതുപോലെ മുതിര്‍ന്നവര്‍ക്ക് യുവാക്കളുടെ പിന്തുണയും വാത്സല്യവും സര്‍ഗാത്മകതയും ചലനാത്മകതയും ആവശ്യമാണെന്ന് പോപ് ഫ്രാന്‍സിസ് പുതുവത്സര സന്ദേശത്തില്‍ പറഞ്ഞു.

ജപ്പാന്‍ നഗരമായ ടോക്യോ, ദക്ഷിണകൊറിയന്‍ നഗരമായ സോള്‍ എന്നിവിടങ്ങളിലും ഗംഭീരമായ ആഘോഷങ്ങളോടെയാണ് പുതുവത്സാരത്തെ വരവേറ്റത്. 2020, ’21 വര്‍ഷങ്ങള്‍ കൊവിഡ് ഭീതിയില്‍ കടന്നുപോയെങ്കില്‍ 2022ന്റെ തുടക്കവും സമാനമാണ്. ഒമിക്രോണ്‍ ഭീതിയില്‍ ലോകമാകെ ആശങ്കപ്പെട്ട് നില്‍ക്കുമ്പോഴാണ് പ്രതീക്ഷയോടെ 2022 കടന്നുവരുന്നത്.

ഇന്ത്യയും പ്രതീക്ഷകളോടെയാണ് പുതുവര്‍ഷത്തെ വരവേറ്റത്. ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ പല ഭാഗങ്ങളിലും കടുത്ത നിയന്ത്രണത്തോടെയാണ് പുതുവത്സരാഘോഷം നടന്നത്. രാജ്യതലസ്ഥാനമായ ദില്ലി, മുംബൈ, ബെംഗളൂരു തുടങ്ങിയ വൻനഗരങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പുതുവത്സരാഘോഷത്തിന് കടിഞ്ഞാണ്‍ വീണു. സംസ്ഥാനത്താകെ രാത്രി കര്‍ഫ്യു ആരംഭിച്ചതോടെ ഏറക്കുറെ പുതുവര്‍ഷാഘോഷം നേരത്തെ അവസാനിച്ചു. രാത്രി 10ന് ശേഷം കേരളം കടുത്ത നിയന്ത്രണത്തിലായിരുന്നു. ആഘോഷമേറെയും വീടുകളിലായിരുന്നു.

കോഴിക്കോട് ആഘോഷങ്ങള്‍ക്ക് 9.30 വരെ മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്. ഒന്‍പത് മണിമുതല്‍ നഗരത്തിലടക്കം നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കി.
നിയന്ത്രണങ്ങള്‍ ഉള്ളതുകൊണ്ട് തന്നെ നേരത്തെ തന്നെ ബീച്ചില്‍ ആളുകള്‍ കുറഞ്ഞു തുടങ്ങി. കോഴിക്കോട് നഗരത്തില്‍ ഏഴ് കേന്ദ്രങ്ങളില്‍ പൊലിസ് പരിശോധന രാത്രിയിലും തുടർന്നു. ഹോട്ടലുകളും ബാറുകളും ഒന്‍പത് മണിയോടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. വീട്ടിലിരുന്ന് കോഴിക്കോട് കളക്ടറുടെ ഇന്‍സ്റ്റാഗ്രം പേജിലൂടെ ആഘോഷത്തില്‍ പങ്കുചേരാന്‍ പൊതുജനങ്ങള്‍ക്ക് ക്ഷണമുണ്ടായിരുന്നു.

ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായി മാറാറുള്ള കൊച്ചിയിലും ഇത്തവണ പഴയ തിരക്കും ബഹളവും ഉണ്ടായിരുന്നില്ല. കൊവിഡ്, ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ കാര്‍ണിവലും പാപ്പാഞ്ഞിയെ കത്തിക്കലും ഇല്ലാതെയാണ് കൊച്ചിക്കാരുടെ ഇത്തവണത്തെ ന്യൂ ഇയര്‍. 10 മണിയോടെ ബീച്ചില്‍ നിന്നും ആളുകള്‍ പൂര്‍ണ്ണമായും ഒഴിഞ്ഞ് പോയി.

തിരുവനന്തപുരത്തും സമാനമായ സ്ഥിതിയാണുള്ളത്. കോവളം അടക്കമുള്ള ബീച്ചുകളില്‍ ആളുകളെ നേരത്തെ തന്നെ ഒഴിപ്പിച്ചു. ആള്‍ക്കൂട്ടം പാടില്ലെന്നും എട്ട് മണിക്ക് എല്ലാവരും തിരികെ പോവണമെന്നും കോവളത്ത് പൊലീസ് അനൗണ്‍സ്‌മെന്റുണ്ടായിരുന്നു.

Back to top button
error: