അവൻ അല്ലെങ്കിലും ഒരു മുൻകോപിയാണ്.കേട്ടിട്ടില്ലേ… അക്രമാസക്തനായ ഒരുവനെപ്പറ്റി സ്വന്തം മാതാപിതാക്കൾ പോലും പറയുന്നത്.അനിയന്ത്രിതമായ കോപത്തിന്റെ പൊട്ടിത്തെറിയാണ് ഇത്.ഇതിന് പാരമ്പര്യം ഉൾപ്പടെ പല ഘടകങ്ങളും കാരണമായി ഉണ്ടാകാം.മദ്യം, മയക്കുമരുന്ന്, രക്തസമ്മർദ്ദം..അങ്ങനെ പലതും. പക്ഷെ നല്ല രീതിയിൽ പ്രാർത്ഥനയുള്ള വീട്ടിൽ ഇതൊക്കെ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവായിരിക്കും.അതെ പലപ്പോഴും പ്രാർത്ഥന നല്ലൊരു മരുന്നാണ്.മനസ്സിനെ സംഘർഷങ്ങളുടെ ചുഴിയിൽ നിന്നും രക്ഷിച്ചുനിർത്താൻ പ്രാർത്ഥനയ്ക്ക് കഴിയും.
ദുർബലമായ വ്യക്തിത്വത്തിന്റെയും മാനസിക പിരിമുറുക്കത്തിന്റെയും ബഹിർസ്ഫുരണമാണ് കോപം.ഒരു വികാരജീവിയായി ക്ഷിപ്രകോപത്തിന് അടിമപ്പെടാതെ സ്വയം നിയന്ത്രിക്കാൻ കഴിയുന്നവർ ജീവിതവിജയം നേടും.വികാരത്തിന് അടിമപ്പെടുന്നവർ തലതിരിഞ്ഞു നിൽക്കുന്നവരെപ്പോലെയാണ്.എല്ലാം തലതിരിഞ്ഞു മാത്രമേ കാണുകയുള്ളൂ.
ശത്രുക്കളെ സ്നേഹിക്കുക,നിങ്ങളെ വെറുക്കുന്നവർക്ക് നിങ്ങൾ നൻമ ചെയ്യുക,നിങ്ങളെ ശപിക്കുന്നവരെ നിങ്ങൾ അനുഗ്രഹിക്കുക.നിങ്ങളെ നിന്ദിക്കുന്നവർക്കുവേണ്ടി നിങ്ങൾ പ്രാർത്ഥിക്കുക.ഒരിക്കലും പ്രാർത്ഥനയുടെ ശക്തിയെ അവശ്വസിക്കയുമരുത്.
അതേപോലെ പശ്ചാത്താപിക്കുന്ന പാപിയോട് പ്രതികാരമരുത്,പരിഹസിക്കയുമരുത് .ജിവിതത്തിൽ നമുക്കും തെറ്റുപറ്റിയിട്ടുണ്ടെന്ന് ഓർക്കുക.ജീവിതകാലം മുഴുവൻ നമ്മുടെ പ്രവൃത്തികൾ നീതിനിഷ്ഠമായിരിക്കട്ടെ.വികാരങ് ങൾക്കധീനനായി അക്രമാസക്തനാകാതെ മൗനം പാലിക്കുക.നിങ്ങൾ യുദ്ധം ജയിക്കുക തന്നെ ചെയ്യും.
പ്രാർത്ഥന പോലെ മറ്റൊന്നാണ് ചിരി. ശരീരത്തിന്റെ ഹാനികരമായ സംഘർഷങ്ങളെയും സമ്മർദ്ദങ്ങളെയും അതിജീവിക്കാൻ ചിരിപ്രയോഗം വളരെ ഫലപ്രദമാണ്.നല്ല വ്യായാമം,നല്ല ഭക്ഷണം,നല്ല വായു,നല്ല പുസ്തകം,നല്ല മനോഭാവം പ്രാർത്ഥന…ഇവ നമ്മളെ സമ്പന്നരാക്കും.
അടുത്തത് സ്നേഹമാണ്. സ്നേഹമില്ലായെങ്കിൽ നമ്മൾ ഏതുമില്ല എന്നോർക്കണം (without love we are nothing).പരസ്പരം സ്നേഹിച്ചും സഹിച്ചും ക്ഷമിച്ചും പങ്ക് വച്ചും നീളേണ്ട ഒരു യാത്രയാണ് ജീവിതം.സ്നേഹവും സമാധാനവും പ്രാർത്ഥനയുമുള്ള കുടുംബങ്ങളിൽ ആരും പട്ടിണി കിടക്കേണ്ടി വരില്ല എന്നുമോർക്കുക.
ഒരു വാക്കു കേട്ട് കുപിതനാകാൻ തക്കവണ്ണം നമ്മൾ നിസ്സാരരാകരുത്.കോപിക്കാൻ എല്ലാവർക്കും കഴിയും.എന്നാൽ ക്ഷമിക്കാൻ ചിലർക്കേ കഴിയുവെന്നതും മറക്കാതിരിക്കുക.പ്രാർത്ഥന, ചിരി, സ്നേഹം.. ഇത് ജീവിതത്തെ മാറ്റിമറിക്കുക തന്നെ ചെയ്യും, ആത്മാർത്ഥമായി ശ്രമിച്ചാൽ !
മറ്റൊന്നാണ് ആത്മഹത്യ.ആത്മഹത്യയെപ്പറ്റി ഒരിക്കലും ചിന്തിക്കുക പോലും അരുത്.
ആത്മഹത്യ എന്നത് ജീവിക്കാൻ ഭയമുള്ളവന്റെ കുറുക്കുവഴി മാത്രമാണ്.മരിക്കാൻ എളുപ്പമാണ്.
ജീവിക്കാൻ തന്നെയാണ് പ്രയാസം.
ജീവിക്കുന്നവന് വീട് വെക്കണം.
വീട്ടിലേക്ക് അരിയും പഞ്ചസാരയും വാങ്ങണം.
മക്കളെ പോറ്റണം.
മരിക്കുന്നത് വരെ എല്ലുമുറിയെ പണിയെടുക്കണം.അതെ
ജീവിക്കാൻ നല്ല പണിയാണ്…
ഇതിന് മരണമല്ലാതെ പരിഹാരമില്ല എന്നതാണ് പലരുടെയും ചിന്ത.
അസ്സല് മനോരോഗമാണിത്. ചികിത്സിച്ചു മാറ്റേണ്ട രോഗം.ഈ ചിന്തയുമായി
ഇന്നും ജീവിക്കുന്നവരേ,
നിങ്ങളറിയാതെ
നിങ്ങൾ വലിയൊരു മനോരോഗത്തിന്റെ പിടിയിലാണ്.
ചികിത്സ ആവശ്യമുള്ള മാനസിക രോഗമാണത്.
എത്രയും പെട്ടെന്ന് ഡോക്ടറെ കാണണം.
സ്വയം രക്ഷിക്കണം.
കുടുംബത്തെയും സമൂഹത്തെയും രക്ഷിക്കണം.
ഇനി സാമ്പത്തിക ഭാരമാണ് പ്രശ്നമെങ്കിൽ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന അഭിമാനത്തിന്റെ മേലുടയാടകൾ ഊരിയെറിഞ്ഞ് നമ്മുടെ പൂർവ്വികരെ പോലെ കൈക്കോട്ടും വെട്ടുകത്തിയുമായി പറമ്പിലേക്ക് ഇറങ്ങുക.കൊൽക്കത്തയിൽ നിന്നും ഇവിടെ വരെ എത്താൻ ബംഗാളികൾ വല്ലാതെ പാടുപെടുന്നുണ്ട്.
ഇനി ആരോഗ്യമാണോ പ്രശ്നം.നമ്മുടെ കവലകളിൽ എല്ലാം ബദാമിന്റേത് ഉൾപ്പടെ ധാരാളം തണൽമരങ്ങളുണ്ട്.ഒരുകുത്ത് ലോട്ടറിയുമായി അവിടെ പോയി ഇരിക്കുക.
ഓർക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.അതൊരു ഒളിച്ചോട്ടം മാത്രമാണ്-ഭീരുക്കളുടെ !
പ്രാർത്ഥന, ചിരി, സ്നേഹം..ഇവ ഇനിമുതൽ കൈവിടരുത്. ഒപ്പം അരുതാത്ത ചിന്തകൾ മനസ്സിൽ നിന്നും ഒഴിവാക്കുകയും വേണം.അങ്ങനെ
2022 ഏവർക്കും ഐശ്വര്യത്തിന്റെയും അനുഗ്രഹത്തിന്റെയും വർഷമാകട്ടെ എന്ന് ആശംസിക്കുന്നു.
2022-ൽ മാത്രമല്ല, ഇനിമുതൽ അങ്ങോട്ട് എന്നും !
ഏവർക്കും ന്യൂസ്ദെൻ ടീമിന്റെ പുതുവത്സരാശംസകൾ…