ഇടപ്പള്ളി–മംഗളൂരു ആറുവരിപ്പാതയുടെ ഭാഗമായി വളാഞ്ചേരിയിൽ നിർമിക്കുന്നത് മലബാറിലെത്തന്നെ ഏറ്റവും വലിയ മേൽപാലമടങ്ങിയ ബൈപാസ്.ദേശീയപാതയിലെ സ്ഥിരം അപകടമേഖലയായ വട്ടപ്പാറ വളവിനെയും വളാഞ്ചേരി നഗരത്തെയും ഒഴിവാക്കി 4.2 കിലോമീറ്ററിലധികം വരുന്ന ബൈപാസിൽ 2 കിലോമീറ്ററോളം നീളത്തിലുളള പാലമാണ് നിർമ്മിക്കുന്നത്.കുറ്റിപ്പുറത്തിനും വളാഞ്ചേരിക്കും ഇടയിലുള്ള ഒണിയൽ പാലത്തിനു സമീപത്തുനിന്ന് ആരംഭിക്കുന്ന പാലം വട്ടപ്പാറ വളവിന് മുകൾഭാഗത്ത് എത്തിച്ചേരും.
വയലുകളിലും താഴ്ന്ന പ്രദേശങ്ങളിലും തൂണുകളിലാണ് ആറുവരിപ്പാത കടന്നുപോവുക. ഈ ഭാഗത്തെ നിലമൊരുക്കൽ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പാലങ്ങൾക്കുള്ള മണ്ണുപരിശോധന ഉടൻ പൂർത്തിയാകും. വട്ടപ്പാറ വളവിനു മുകളിൽനിന്ന് ദേശീയപാത ബൈപാസുമായി ബന്ധിപ്പിക്കുന്നതോടെ നൂറുകണക്കിന് അപകടങ്ങൾക്കു വഴിയൊരുക്കിയ വട്ടപ്പാറ വളവ് ദേശീയപാത ഭൂപടത്തിൽനിന്നു തന്നെ ഒഴിവാകും. പുതിയ ഫ്ലൈഓവർ വരുന്നതോടെ വളാഞ്ചേരി നഗരത്തിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും.ജനുവരിയോടെ പാലത്തിന്റെ ജോലികൾ ആരംഭിക്കും.