KeralaLead NewsNEWS

മകനെ വിളിച്ചുവരുത്തി കുത്തിക്കൊന്നു, ഫോണ്‍ വന്നതിന് തെളിവുണ്ട്: വെളിപ്പെടുത്തലുമായി അനീഷിന്റെ കുടുംബം

തിരുവനന്തപുരം: കോളജ് വിദ്യാര്‍ത്ഥി അനീഷ് ജോര്‍ജ് (19) കുത്തേറ്റു മരിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി അനീഷിന്റെ കുടുംബം. അനീഷിനെ പ്രതി സൈമണ്‍ ലാലന്‍ വീട്ടിലേക്കു വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് കുടുംബം ആരോപിച്ചു.

പുലര്‍ച്ചെ ഫോണ്‍ വന്നതിനു തെളിവുണ്ടെന്നും കുടുംബം പറഞ്ഞു. മോഷ്ടാവെന്നു കരുതി കുത്തുകയായിരുന്നു എന്നാണ് സൈമണിന്റെ മൊഴി. ‘സൈമണിന്റെ കുടുംബ പ്രശ്‌നങ്ങളില്‍ അനീഷ് ഇടപെട്ടതാണ് പകയ്ക്കു കാരണം. സൈമണ്‍ ലാലന്റെ ഭാര്യ വീട്ടില്‍ വരുമായിരുന്നു. ഭര്‍ത്താവ് ഉപദ്രവിക്കുന്നതായി അവര്‍ സ്ഥിരം പറഞ്ഞിരുന്നു. ഭാര്യയെ ആരോടും സംസാരിക്കാന്‍ അയാള്‍ സമ്മതിച്ചിരുന്നില്ല. ഭര്‍ത്താവില്ലാത്തപ്പോഴാണ് അവര്‍ പുറത്തിറങ്ങിയിരുന്നത്. സൈമണ്‍ ലാലന്റെ ഭാര്യ എന്നെ എപ്പോഴും ഫോണ്‍ ചെയ്യുമായിരുന്നു. ഭര്‍ത്താവ് കൊല്ലാന്‍ ശ്രമിക്കുന്നു എന്നൊക്കെ അവര്‍ പറയും.

ഫോണില്‍ വിളിക്കുമ്പോള്‍ മോന്‍ അവരെ സമാധാനപ്പെടുത്തും. ദിവസങ്ങള്‍ക്കു മുന്‍പ് അമ്മയും മകളും മോനുമായി ലുലു മാളില്‍ പോയിരുന്നു. പിന്നീട് ഓട്ടോയില്‍ വീട്ടിനു മുന്നില്‍ കൊണ്ടിറക്കി. രാത്രി വീട്ടില്‍ പ്രശ്‌നമുണ്ടായപ്പോള്‍ എന്റെ മോനെ വിളിച്ചു വരുത്തിയതാണ്. വഴക്കു പറയും എന്നു കരുതി അവന്‍ ആരോടും പറയാതെ വീട്ടില്‍നിന്നും പോയതാകും. അനീഷിന്റെ മാതാവ് പറഞ്ഞു. എന്നാല്‍, വ്യക്തിപരമായ പ്രശ്‌നങ്ങളാണ് കാരണമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അനീഷ് ജോര്‍ജിന്റെ കുടുംബത്തിന്റെ വെളിപ്പെടുത്തല്‍.

പേട്ട ചായക്കുടി ലൈനിലെ സൈമണ്‍ ലാലന്റെ വീട്ടില്‍ പുലര്‍ച്ചെ 3 മണിക്കാണ് സംഭവം നടക്കുന്നത്. അടുത്തുള്ള പേട്ട സ്റ്റേഷനിലെത്തി സൈമണ്‍ തന്നെയാണ് കുത്തിയ കാര്യം വെളിപ്പെടുത്തിയത്. അനീഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുന്നതിനിടെ മരിച്ചു. പുലര്‍ച്ചെ മകളുടെ മുറിയില്‍ ശബ്ദം കേട്ടപ്പോള്‍ വാതിലില്‍ മുട്ടിയെങ്കിലും തുറന്നില്ലെന്നാണ് സൈമണ്‍ പൊലീസിനോട് പറഞ്ഞത്. ബലം പ്രയോഗിച്ച് കതകു തുറന്നപ്പോള്‍ അനീഷുമായി കയ്യേറ്റമുണ്ടായെന്നും കത്തി കൊണ്ട് കുത്തിയെന്നുമാണ് പൊലീസ് പറയുന്നത്.

Back to top button
error: