IndiaNEWS

മദ്ധ്യപ്രദേശിലുമുണ്ട് ഒരു കൊച്ചു കേരളം

ഇത് അറിയപ്പെടാത്ത ഇൻത്കേടിയുടെ ചരിത്രം അഥവാ മദ്ധ്യപ്രദേശിലെ കൊച്ചുകേരളത്തിന്റെ കഥ
മദ്ധ്യപ്രദേശിലെ റെയ്സൻ (Raisen) ജില്ലയിലെ സുൽത്താൻപൂർ (Sultanpur) സിറ്റിയ്ക്കടുത്തുള്ളതും ബാഡി (Badi) താലൂക്കിൽ ഉൾപ്പെട്ടതുമായ ഒരു വില്ലേജാണ് ഇൻത്കേടി.സുൽത്താൻപൂരിൽ നിന്ന് 12- ഉം, ജില്ലാ ആസ്ഥാനമായ റെയിസനിൽ നിന്ന് 37- ഉം, തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 83 – ഉം കി.മീ (K.M) ദൂരം.
66 വർഷങ്ങൾക്കു മുമ്പ് അതായത് 1955-ൽ  ജവഹർലാൽ നെഹ്റു ഇന്ത്യൻ പ്രധാനമന്ത്രിയും പനമ്പള്ളി ഗോവിന്ദമേനോൻ കേന്ദ്ര മന്ത്രിയുമായിരുന്ന കാലത്ത് മദ്ധ്യപ്രദേശിലെ കാർഷിക മേഖലയായ സുൽത്താൻപൂരിലെ ജനങ്ങളെ മെച്ചപ്പെട്ട കൃഷിരീതികൾ പഠിപ്പിക്കുന്നതിനായി തെക്കൻ കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 100 കർഷക കുടുംബങ്ങളെ ഇവിടേക്ക് കൊണ്ടുവന്നു താമസിപ്പിച്ചു. മജൂസ്, ഇമിലിയ, ഉറുദ്മാ, ഇൻത്കേടി എന്നീ നാല് ഗ്രാമങ്ങളിലായാണ് അവരെ പാർപ്പിച്ചത്. ഇതിൽ ഏറ്റവുമധികം പേരെ താമസിപ്പിച്ചത് ഇൻത്കേടിയിലായിരുന്നു.
ഏക്കർ കണക്കിനു വസ്തുവും സ്വന്തമായി വീടും പണവും ഒക്കെ  ലഭിക്കുമെന്ന വാഗ്ദാനം നൽകിയാണ് ഗവൺമെൻ്റ് ഇവരെ ഇവിടേക്ക് കൊണ്ടുവന്നത്.അന്നത്തെ പ്രമുഖ പത്രമായിരുന്ന ‘തിരുവിതാംകൂർ പത്രികയിലെ’ പരസ്യം കണ്ട് അപേക്ഷിച്ച കർഷകരിൽ നിന്ന് നൂറ് പേരെ തെരഞ്ഞെടുത്തായിരുന്നു ഇങ്ങനെ കൊണ്ടുവന്നതും. തെരഞ്ഞെടുക്കപ്പെട്ടവരിൽ  കൂടുതൽ പേരും കൊട്ടാരക്കര, അടൂർ, തിരുവല്ല , ചങ്ങനാശ്ശേരി, ആലപ്പുഴ, അമ്പലപ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു.
ആദ്യ 5 വർഷം ഇവർ മധ്യ പ്രദേശ് ഗവൺമെൻ്റിൻ്റെ കീഴിൽ ശമ്പള വ്യവസ്ഥയിൽ ജോലി ചെയ്തു.പിന്നീട് ഓരോ കുടുംബത്തിനും 5 മുതൽ 12 വരെ ഏക്കർ സ്ഥലം പട്ടയമായി നൽകി. ഓരോരുത്തർക്കും ഒരേ മോഡൽ ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ വീടും നിർമ്മിച്ചു നൽകി.
ഉറ്റവരും ഉടയവരും ഒക്കെയായി വേരു സഹിതം കുടുംബത്തോടെ കുടിയേറിയ ഇവർ
പിന്നീട്  അവിടുത്തുകാരായി മാറുകയായിരുന്നു.കേരളത്തനിമയിൽത്തന്നെ അവർ തുടർന്നും അവിടെ ജീവിച്ചു.കപ്പയും അവർ തന്നെ കുളത്തിൽ വളർത്തിയിരുന്ന മീനും ഒക്കെയായിരുന്നു അവരുടെ പ്രധാന ആഹാരം.ഓണത്തിനും മറ്റും കലാ കായിക പരിപാടികൾ അവർ സംഘടിപ്പിച്ചു. ഇന്ന്
200 നടുത്ത്  കുടുംബങ്ങൾ മാത്രമാണ് അവിടെ ശേഷിച്ചിരിക്കുന്നത്.ജനസംഖ്യ 1000 – ത്തിനടുത്തും.അതിൽതന്നെ 96- കാരനായ ചാക്കോയും ഭാര്യ ഏലിയാമ്മയുമാണ് പണ്ട് കേരളത്തിൽ നിന്നും വണ്ടികയറിയവരിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക ദമ്പതികളും.
 മലയാളത്തിലും ഹിന്ദിയിലും ബോർഡ് എഴുതിയ ഒരു കുഞ്ഞു പോസ്റ്റ് ഓഫീസും, ഒരു കോംപൗണ്ടിൽ തന്നെ  ഒരു പള്ളിയും അമ്പലവും സ്കൂളും ഒക്കെ അവിടെയുണ്ട്.അവിടെ അവർ ഒത്തൊരുമയോടെ കഴിഞ്ഞു വരുന്നു. പരസ്പരം കുടുംബങ്ങളിൽ നിന്നു തന്നെയാണ് അവർ വിവാഹവും നടത്തിപ്പോരുന്നത്. മദ്ധ്യപ്രദേശിലെ ഒരു കൊച്ചു കേരളം അല്ലെങ്കിൽ മദ്ധ്യപ്രദേശിലെ ഒരു മദ്ധ്യ തിരുവിതാംകൂർ എന്നുതന്നെ ഈ സ്ഥലത്തെ അക്ഷരം തെറ്റാതെ വിളിക്കാം!

Back to top button
error: