NEWS

ഇന്ന് മുതൽ രാത്രികാല നിയന്ത്രണം, ശബരിമല, ശിവഗിരി തീർഥാടകരെ ഒഴിവാക്കി

ഡിസംബർ 30 മുതൽ ജനുവരി രണ്ട് വരെ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം. രാത്രി പത്ത് മണിക്കു ശേഷമുള്ള മത-സാമൂഹ്യ-രാഷ്ട്രീയ കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും പാടില്ല. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സാക്ഷ്യപത്രം കരുതണം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല നിയന്ത്രണം ഇന്ന് (വ്യാഴം) നിലവിൽവരും. ജനുവരി രണ്ടുവരെ രാത്രി പത്തുമുതൽ പുലർച്ചെ അഞ്ചുവരെയാണ് നിയന്ത്രണം. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കരുതണം. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് രാത്രികാല നിയന്ത്രണം.
ശബരിമല, ശിവഗിരി തീർഥാടകരെ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കി. രാത്രി 10 മുതൽ രാവിലെ 5 വരെയുള്ള നിയന്ത്രണം ബാധകമാകില്ല. പത്തനംതിട്ട, തിരുവനന്തപുരം കലക്ടർമാരുടെ ശുപാർശ പ്രകാരമാണു തീരുമാനമെന്നു ദുരന്തനിവാരണ വകുപ്പിന്റെ ഉത്തരവ്.

കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ഇറങ്ങിയ ഉത്തരവിൽ ആരാധനാലയങ്ങളുടെ കാര്യത്തിൽ അവ്യക്തത നിലനിന്നിരുന്നു. ആരാധനാലയങ്ങളിൽ പുതുവത്സര പ്രാർത്ഥനകളും ചടങ്ങുകളും നടക്കുമോ എന്ന് പല കോണിൽ നിന്നും സംശയങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ വ്യക്തത വരുത്തിയത്.

ദേവാലയങ്ങളിലും മറ്റു പൊതു ഇടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കം മറ്റ് ആൾക്കൂട്ട പരിപാടികളൊന്നും രാത്രി പത്തുമുതൽ രാവിലെ അഞ്ചുവരെ അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.

കടകൾ രാത്രി 10ന് അടയ്ക്കണം. അനാവശ്യ യാത്രകൾ അനുവദിക്കില്ല. വാഹനപരിശോധന ശക്തമാക്കും. പുതുവത്സരാഘോഷങ്ങളും രാത്രി പത്തിനുശേഷം അനുവദിക്കില്ല. ബീച്ചുകൾ, ഷോപ്പിങ്‌ മാളുകൾ, പബ്ലിക് പാർക്കുകൾ എന്നിവിടങ്ങളിലും നിയന്ത്രണമുണ്ടാകും.

ഹോട്ടലുകൾ റസ്റ്റോറൻറുകൾ ബാറുകൾ ക്ലബുകൾ അടക്കമുള്ളവയ്ക്കും നിയന്ത്രണമുണ്ട്. തിയേറ്ററുകളിലെ സെക്കൻറ് ഷോക്കും വിലക്കുണ്ട്. അത്യാവശ്യമുള്ളവർ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നാണ് നിർദ്ദേശം. ന്യൂ ഇയർ ആഘോങ്ങളൊന്നും പത്ത് മണിക്ക്  ശേഷം പാടില്ല. വരും ദിവസങ്ങളിലെ രോഗവ്യാപനം കണക്കിലെടുത്താകും രാത്രികാല നിയന്ത്രണം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുക.
പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കളക്ടർമാർ മതിയായ അളവിൽ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ട്രൽ മജിസ്‌ട്രേറ്റുകളെ വിന്യസിക്കും. കൂടുതൽ പോലീസിനെയും നിയന്ത്രണ പ്രവർത്തനങ്ങൾക്കായി ചുമതലപ്പെടുത്തും.

Back to top button
error: