‘കിറ്റെക്സ് തൊഴിലാളികളെ സെക്യൂരിറ്റി ജീവനക്കാർ മർദ്ദിച്ചു,ക്യാമ്പിൽ സംഘർഷം.എത്രയും പെട്ടെന്ന് സ്ഥലത്തെത്തുക.’ ഇതായിരുന്നു പോലീസിന് കിട്ടിയ ആദ്യ വിവരം.
ഇതോടെ പട്രോളിങ് സംഘം സംഭവസ്ഥലത്തേക്ക് കുതിച്ചു.അവിടെ ക്വാർട്ടേഴ്സിന് അകത്തും പുറത്തും ആൾക്കൂട്ടമുണ്ടായിരുന്നു. ജീപ്പ് അൽപം മാറ്റി നിർത്തിയ ശേഷമാണു സ്ഥലത്തേക്കു പോലീസുകാർ നടന്നു ചെന്നത്.
പോകുന്ന വഴിയിൽ കുറെ തൊഴിലാളികൾ ഒപ്പം നടന്നു.സെക്യൂരിറ്റിക്കാർ മർദിച്ചെന്നു പരാതിപ്പെട്ടപ്പോൾ അന്വേഷിച്ചു നടപടിയെടുക്കാമെന്ന് അവർക്ക് ഉറപ്പും നൽകിയിരുന്നു.എന്നാൽ അപ്രതീക്ഷിതമായി കല്ലേറു തുടങ്ങുകയായിരുന്നു.
തലയ്ക്കു പിന്നിൽ കല്ലേറോ കല്ലുകൊണ്ടുള്ള ഇടിയോ എന്നു തിരിച്ചറിയാനാകാത്ത വിധം ശക്തമായ പ്രഹരമായിരുന്നു എന്ന് പൊലീസ് ഇൻസ്പെക്ടർ വി.ടി.ഷാജൻ പറയുന്നു. ചോര പ്രവഹിച്ചതോടെ ജീപ്പിനുള്ളിലേക്കു മടങ്ങി.പക്ഷെ പിന്നാലെ എത്തിയ തൊഴിലാളികൾ വീണ്ടും ആക്രമിക്കുകയായിരുന്നു.
സംഘർഷത്തിൽ മറ്റു 2 പോലീസുകാർക്കും പരിക്കേറ്റു.കൂടുതൽ പോലീസ് എത്തിയതോടെയാണ് തങ്ങൾ രക്ഷപെട്ടതെന്നും അദ്ദേഹം പറഞ്ഞു
ഇദ്ദേഹത്തിന്റെ ഇടതു കയ്യിലെ അസ്‍ഥിക്കു നാളെയാണു ശസ്ത്രക്രിയ. തലയിൽ 5 തുന്നിക്കെട്ടലുണ്ട്. 18 വർഷത്തെ സർവീസിനിടയ്ക്ക് ഇത്തരമൊരു അനുഭവം ആദ്യമാണെന്നു വി.ടി.ഷാജൻ പറഞ്ഞു.