NEWS

കേരളത്തിൽ കോൺഗ്രസ് ഇനി അധികാരത്തിലെത്തുക അസാദ്ധ്യം

പ്രശസ്ത പത്രപ്രവർത്തകനും ഇന്ത്യൻ രാഷ്ട്രീയത്തിൽ തീ പടർത്തിയ ‘തെഹൽക്ക’ മാനേജിംഗ് എഡിറ്ററുമായ മാത്യു സാമുവൽ, വേരറ്റുപോയ കേരളത്തിലെ കോൺഗ്രസിൻ്റെ ദയനീയ മുഖം തുറന്നുകാട്ടുന്നു

കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫ് ഇനിയും കേരളത്തിൽ അധികാരത്തിൽ വരുമോ …? ഈ ചോദ്യം ചോദിക്കുന്നത് കേരളത്തിലെ ചില കോൺഗ്രസ് നേതാക്കൾ തന്നെയാണ് …!
എന്റെ ഉത്തരം നടക്കാൻ സാധ്യതയില്ല എന്നാണ്. അടുത്ത നിയമസഭാ ഇലക്ഷനോടു കൂടി കോൺഗ്രസ് നയിക്കുന്ന മുന്നണി പല കഷ്ണങ്ങളായി ശിഥിലമാകും. പ്രധാന ഘടകകക്ഷി മുസ്ലിംലീഗ് ശക്തിക്ഷയിച്ച് കൂടുമാറി എൽ.ഡി.എഫ് ക്യാമ്പിൽ വരും.
മറ്റൊന്ന് പുരോഗമന ആശയം, വികസനം അതിനെ അഡ്രസ്സ് ചെയുന്ന രാഷ്ട്രീയ പാർട്ടികൾ കേരളത്തിൽ ഉയരാൻ സാധ്യത കൂടും. അതിനെ അനുകൂലിച്ചു വലിയൊരു വിഭാഗം മിഡിൽ ക്ലാസ് അങ്ങോട്ട് പോകാൻ വലിയ സാധ്യത കാണുന്നു. അല്ലെങ്കിൽ കേരളത്തിൽ കോൺഗ്രസ് പാർട്ടിയിൽ വലിയ മാറ്റം സംഭവിക്കണം…!
ലീഗിൻ്റെ മലബാർ രാഷ്ട്രീയത്തോട് മലബാർ മുസ്ലിങ്ങൾക്ക് പോലും പുച്ഛം തോന്നി തുടങ്ങി…!

യുവതലമുറയ്ക്ക് അവരുടെ അഭിലാഷങ്ങളും പ്രചോദനങ്ങളും വലിയ ഘടകമാണ്. അവർക്കു ടീ.വീ ചാനലുകളിൽ നടക്കുന്ന പൊളിറ്റിക്കൽ ഡിബേറ്റിൽ ഒരു താല്പര്യവും ഇല്ല. അവരിൽ വലിയൊരു വിഭാഗത്തിനും ജാതി, മത, വർഗീയയോട് കടുത്ത വെറുപ്പാണ്. അവരുടെ ഏറ്റവും വലിയ പ്രശനം സ്വന്തം വിദ്യാഭാസം, നല്ലൊരു ജോലി, നല്ലൊരു ജീവിത ശൈലി, കാര്യങ്ങൾ അറിഞ്ഞു കേട്ട് അവരെയും ഉൾകൊള്ളുന്ന ഒരു ഭരണാധികാരി ഇതൊക്കെയാണ്. (അതാണ് ശശി തരൂരിന് കേരളത്തിൽ ഇത്രയും ആരാധകർ കൂടുന്നത്) വിവാഹത്തോടും അവർക്കു വിരക്തിയാണ്..!
ഈ ഒരു തലമുറയെ കണക്ട് ചെയ്യണം. അതായത് രാഷ്ട്രീയ നിറങ്ങൾ, അതിനോട് ഈയൊരു കൂട്ടർക്ക് വെറുപ്പാണ്. അതിനെല്ലാം കാരണം അവർ ലോകം വിരൽ തുമ്പിൽകൂടി മനസിലാക്കുന്നു, അവരുടെ സംശയങ്ങൾ ചോദ്യങ്ങൾ അതിനൊക്കെ ഉത്തരം കിട്ടുന്നു, ഗൂഗിളും യൂട്യൂബുമാണ് അവരുടെ മഹാഗുരു..!
സോഷ്യൽ മീഡിയ അവരുടെ ചലനങ്ങൾ ആണ്. കൺവൻഷണൽ പത്രങ്ങൾ അവർ തിരിഞ്ഞു നോക്കുന്നു പോലും ഇല്ല. നീട്ടി വലിച്ച് എഴുതുന്ന ലേഖനങ്ങളിൽ അവർ കണ്ണ് ഓടിക്കുക പോലും ഇല്ല..!

ബി.ജെ.പി കേരളത്തിൽ ശക്തി പ്രാപിക്കാൻ സാധ്യത വിരളമാണ്. അവർ മുന്നോട്ടു വയ്‌ക്കുന്ന വർഗീയ രാഷ്ട്രീയത്തോട് ഏറ്റവും കടുത്ത എതിർപ്പ് കേരളത്തിലെ ഹൈന്ദവ കമ്മ്യൂണിറ്റിയിൽ നിന്നു തന്നെയാണ്..!

മലയാളികളിൽ സർവ്വസമ്മതനായിരിന്നു മെട്രോമാൻ ഇ. ശ്രീധരൻ. പദ്മവിഭൂഷൺ കിട്ടിയിട്ടുണ്ട്, ഇന്ത്യ മുഴുവൻ അംഗീകരിക്കുന്ന ഒരു വ്യക്തിത്യം. പക്ഷെ തുടർന്ന് അദ്ദേഹത്തിന് ഉണ്ടായ ഒരു അപചയം, ബിജെപിയിൽ പോയത് മാത്രമല്ല അദ്ദേഹം മലയാളികൾക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത പ്രസ്താവനകൾ നടത്തി എന്നതാണ്.
കേരളത്തിൽ ഏറ്റവും കൂടുതൽ ബീഫ്, നോൺ വെജ്, ഫിഷ് കഴിക്കുന്നത് ഹിന്ദുക്കൾ ആണ്. അത് അവരുടെ ജീവിതം കൂടിയാണ്. മുൻ ഡി.ജി.പി ജേക്കബ് തോമസിനോട് ഒരിക്കൽ ഞാൻ പറഞ്ഞു. ‘നിങ്ങൾ തൃശൂർ ആർ.എസ്.എസ് ക്യാമ്പിൽ പോയി ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചതോടു കൂടി നിങ്ങളുടെ രാഷ്ട്രീയത്തിൽ ഒരു തീർപ്പ് രേഖയായി കല്പിക്കപെട്ടു’ എന്ന്. കേരളത്തിന്റെ സാമൂഹ്യഘടന ആദ്യം പഠിക്കണം. ഇന്ത്യയിലെ ചില മെട്രോ സിറ്റികൾ കഴിഞ്ഞാൽ ഏറ്റവും വലിയ പ്ലൂറൽ വ്യവസ്ഥിതിയിൽ ജീവിക്കുന്ന വലിയൊരു ഒറ്റ നഗരമാണ് കേരളം എന്ന സംസ്ഥാനം..! എല്ലാവർക്കും 5 അല്ലെങ്കിൽ 10 ശതമാനം വർഗീയത ഒക്കെ ഉണ്ട്. അത് സത്യം…
പക്ഷെ വലിയൊരു സമൂഹം ഒറ്റകെട്ടായി പറയുന്നു. അവർക്കു വർഗീയത വേണ്ടാ എന്ന്. അതാണ് സി.പി.എം നയിക്കുന്ന മുന്നണി ഇത്രയും സീറ്റുകൾ നേടി അധികാരത്തിൽ വന്നത്. മലയാളികൾക്ക് ഭൂരിപക്ഷ വർഗിയതയോടും ന്യുനപക്ഷ വർഗിയതയോടും, അവർ കേരളത്തിൽ അധികാരത്തിൽ വരുന്നതിനെയും എതിർക്കുന്നു. ഇതൊക്കെ പച്ചപ്പരമാർത്ഥമാണ്..!

ഒരു കാര്യം കൂടി ഓർമിപ്പിക്കുന്നു, വിവാഹപ്രായം 21ലേയ്ക്കു കേന്ദ്ര സർക്കാർ ബിൽ കൊണ്ടുവന്നപ്പോൾ സി.പി.എം കേന്ദ്ര നേതൃത്വം അതിനെ അനുകൂലിച്ചതിനു പുറകെ കേരളാ നേതൃത്വവും അനുകൂലിക്കാൻ തയ്യാറായി. പക്ഷെ സി.പി.എം പാർട്ടിയെ അനുകൂലിക്കുന്നവർ കേരളത്തിൽ അതിനെ നഖശിഖന്തം എതിർക്കുന്നു. അതായത് വരുവാൻ പോകുന്ന ഒരു സോഷ്യൽ നവോത്ഥാനം അതിന് പ്രോത്സാഹനം കൊടുക്കുന്നു. കേരളത്തിലെ ലീഗ് നേതാക്കൾ അപഹാസ്യരാകുന്നു, മുസ്ലിം പെൺകുട്ടികൾ എതിർക്കുന്ന ഒരു കൂട്ടരേ സോഷ്യൽ മീഡിയയിൽ വലിച്ചു കീറുന്നു, സ്വായം പ്രഖ്യാപിത ഒരു ഹരിത നേതാവിനെ എടുത്തു കുടയുന്നു ..! ഇതിന്റെ യാഥാർഥ്യം, നിങ്ങൾ എടുക്കുന്ന നിലപാടിലെ കപടതകൾ ഓരോന്നായി പൊളിയുന്നു എന്നാണ്. അതു മനസിലാക്കുക. അതാണ് പുതിയ ലോകം, ഡിജിറ്റൽ വേൾഡ്. ലോകത്തിലെ ഓരോ ചലനങ്ങളും അവരുടെ സ്മാർട്ട് ഫോണിൽ ലഭിക്കുന്നു. പക്ഷെ നിങ്ങൾ എല്ലാം അറിയുന്നത്, അവർ അറിഞ്ഞു കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാണ്.
അറിവ് മനുഷ്യസമൂഹത്തെ സ്വതന്ത്രമാക്കും, അവനെ ചിന്തിപ്പിക്കും, അബദ്ധജടിലമായ അടിച്ചേല്പിക്കുന്ന വസ്തുതകൾ അവർ എടുത്തു തോട്ടിൽ കളയും. അതിന്റെ കൂടെ മാറ്റങ്ങൾ ഉൾകൊള്ളാൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങളും തോട്ടിൽ ആർക്കും വേണ്ടാത്ത ഒരു അറപ്പു ഉളവാക്കുന്ന ഒരു വെസ്റ്റ് ആയി മാറും. അതിന്റെ ഏറ്റവും വലിയ തെളിവാണ് ‘മുജാഹിദ് ബാലുശ്ശേരി’ എന്ന പ്രഭാഷകൻ ഇന്ന് നേരിടുന്ന പ്രശ്നം …!

പറഞ്ഞു വരുന്നത് കോൺഗ്രസ് നയിക്കുന്ന യുഡിഫ് അധികാരത്തിൽ വരില്ലെന്നും അവരുടെ ഇന്നത്തെ നിലക്ക് ആ പാർട്ടി ഉദ്ദേശിക്കുന്ന മത, ജാതി സമവാക്യങ്ങൾ മുഴുവനും പൊളിഞ്ഞു നാശമായി എന്നുമാണ്. ലീഗ് മലബാറിൽ നേട്ടം ഉണ്ടാക്കിയെന്ന് കരുതുക അങ്ങനെ വന്നാൽ കേരളത്തിന്റെ തെക്കൻ പ്രദേശത്തു കോൺഗ്രസ് നയിക്കുന്ന മുന്നണി പൊളിഞ്ഞു നാശമായി പോകും. ഇതാണ് കോൺഗ്രസ് പാർട്ടി ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.
ഇതെങ്ങനെ അഡ്രസ്സ് ചെയ്യണം എന്ന് കോൺഗ്രസ് നേതാക്കൾക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല.
ശശി തരൂർ എന്ന നേതാവിനെ അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് പ്രൊജക്റ്റ് ചെയ്താൽ സി.പി.എം ഒരുക്കുന്ന സമവാക്യതന്ത്രങ്ങൾ മുഴുവൻ പൊളിഞ്ഞു പോകും.
കേരളത്തിലെ 18 മുതൽ 45 വരെ പ്രായമുള്ളള്ളവരെ ശശി തരൂർ ആകർഷിക്കും. അങ്ങനെ വന്നാൽ കോൺഗ്രസ് നയിക്കുന്ന യൂഡി എഫ് അധികാരത്തിൽ വരും. സുധാകരൻ, മുല്ലപ്പള്ളി, മുരളീധരൻ, വി.ഡി സതീശൻ തുടങ്ങിയവർ പാർട്ടി പ്രവർത്തകരുടെ കൈയടി കിട്ടുന്നവരായിരിക്കും. പക്ഷെ ഇവർക്കൊന്നും വോട്ടുകളുടെ നേട്ടം കൈവരിക്കാൻ കഴിയില്ല..!
ശശി തരൂർ ആയതുകൊണ്ട് മാത്രമാണ് തിരുവനന്തപുരത്ത് കോൺഗ്രസ് ജയിക്കുന്നത്. മുരളീധരൻ അവിടെ മത്സരിച്ചാൽ മൂന്നാം സ്ഥാനത്തേക്ക് പോകും. ചിലപ്പോൾ കെട്ടിവെച്ച പണം വരെ പോകും, ഓർമയിരിക്കുക …! കോൺഗ്രസ് പാർട്ടി ദേശിയ തലത്തിൽ അടുത്ത 2024 പാർലമെന്റ് ഇലക്ഷനിൽ മൂന്നാം സ്ഥാനം കിട്ടുന്ന പ്രതിപക്ഷം ആകും. അതാണ് ആ പാർട്ടിയുടെ സ്ഥിതി. 137 വർഷം ആഘോഷിച്ചപ്പോൾ സോണിയ ഗാന്ധി ഉയർത്തിയ പതാക വരെ പൊട്ടി താഴെ വീണു. ഇനി പൊട്ടി തകരാൻ വേറെയൊന്നും ബാക്കിയില്ല ഗ്രാൻഡ് ഓൾഡ് പാർട്ടിക്ക് …!

Back to top button
error: