മാർത്തോമ്മാ സഭയുടെ സണ്ടേസ്കൂൾ സമാജത്തിന്റെ ഉടമസ്ഥതയിലുള്ള ക്യാമ്പ് ഇവിടെ പ്രവർത്തനം തുടങ്ങിയത് 1972ലാണ്. അധികം വൈകാതെ രാഷ്ട്രീയ പാർട്ടികളുടെയെല്ലാം ഇഷ്ട കേന്ദ്രമായി ഇവിടം മാറി.പ്രത്യേകിച്ച് കേരള കോൺഗ്രസിന്റെ.
വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന പാർട്ടി എന്ന തമാശരൂപത്തിലാണെങ്കിലും പറയുന്ന കേരള കോൺഗ്രസിന്റെ വളർച്ചകൾക്കും പിളർപ്പുകൾക്കും ചരൽക്കുന്ന് സാക്ഷ്യം വഹിച്ചു. കേരള കോൺഗ്രസ് മാണി, ജോസഫ് ഗ്രൂപ്പുകളായി പിരിഞ്ഞതിന് വിത്തുപാകിയത് ചരൽക്കുന്നിൽ നടന്ന ക്യാമ്പിൽ വച്ചാണ്. 1979ൽ കെ.എസ്.സി. ക്യാമ്പിൽ കെ.എം.മാണിക്ക് മാത്രം ജയ് വിളിച്ചതിൽ പ്രതിഷേധിച്ചാണ് ജോസഫും കൂട്ടരും പാർട്ടി വിട്ടത്.അതിനും മൂന്നു വർഷം മുമ്പ് 1976ലാണ് കെ.എം.ജോർജും മാണിയും വേർപിരിയുന്നത്. അതിനും ഈ കുന്നിൻപുറം സാക്ഷി. 1993ൽ ടി.എം.ജേക്കബും കൂട്ടരും മറ്റൊരു കേരള കോൺഗ്രസായി വിലാസം നേടിയതും ഇവിടെയാണ്..എം. മാണിയുടെ പ്രസിദ്ധമായ അദ്ധ്വാനവർഗ സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചതിനും ജോസ് കെ.മാണിയുടെ രാഷ്ട്രീയ രംഗപ്രവേശനവുമെല്ലാം ചരൽക്കുന്നിൽവെച്ചായിരുന്നു. മാണി ഗ്രൂപ്പിൽനിന്ന് പി.സി തോമസിനെ പുറത്താക്കാൻ കരുനീക്കം നടത്തിയതും ചരൽക്കുന്നിലെ മറ്റൊരു യോഗത്തിലായിരുന്നു. ഇവിടെ നടന്ന യോഗത്തിൽ തന്നെയാണ് പാർട്ടിൽ നിന്ന് സ്കറിയ തോമസ് പുറത്തായതും.
കോഴഞ്ചേരിക്ക് 5 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന ഉയർന്ന ഒരു പ്രദേശമാണ് ചരൽക്കുന്ന്. ഇവിടെ നിന്നു ചുറ്റുപാടുമുള്ള പ്രദേശങ്ങൾ ഒരു വിമാനത്തിൽ ഇരുന്ന് കാണുന്നതുപോലെ കാണാം. തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ആലപ്പുഴ കടൽത്തീരം ഇവിടുന്ന് നോക്കിക്കാണാം. ഇവിടുന്ന് ഏകദേശം 55 കിലോമീറ്റർ അകലെയാണ് ആലപ്പുഴ. സഞ്ചാരികൾക്