KeralaNEWS

തീരാവേദനകളും നഷ്ടങ്ങളും നൽകി 2021 വിട വാങ്ങുമ്പോൾ 

ഗോള സാമ്പത്തികമാന്ദ്യത്തിന്റെ ‘മാന്ദ്യം’ വിട്ടകലുന്നതിനു മുൻപാണ് ലോകത്തെ കൊറോണ പിടിമുറുക്കുന്നത്.ഇത് ഏറ്റവും കൂടുതൽ ബാധിച്ചത് ഒരു പക്ഷെ കേരളം പോലുള്ള ഉപഭോഗ സംസ്ഥാനത്തെയാവും.കാരണം മനുഷ്യർ ജീവിതദുരിതങ്ങൾ കൊണ്ട് ആത്മഹത്യയുടെ വക്കിൽ നിന്ന  ഒരു കാലത്താണ് ഒന്നൊഴിയാതെ കേരളത്തെ പ്രളയം മൂടുന്നതും.2018-19 വർഷത്തെപ്പോലെ മഹാപ്രളയത്തിന്റെ തനിയാവർത്തനമില്ലായിരുന്നെങ്കിലും കേരളം കണ്ട ഏറ്റവും വലിയ മഴ സീസണായിരുന്നു ഈ വർഷത്തേത്.പേമാരിയും കാറ്റും ഉരുള്‍പൊട്ടലും മൂലം മരണമടഞ്ഞവർ നിരവധിയാണ്.ഒന്നിനു പുറകെ ഒന്നായി രൂപം കൊണ്ട ന്യൂനമര്‍ദ്ദങ്ങളാണ് കേരളത്തിലെ ഇത്തവണത്തെ പ്രകൃതി ദുരന്തങ്ങളുടെ പ്രധാന കാരണം.
മഴ മാത്രമല്ല, കേരളം പ്രകൃതി ദുരന്തങ്ങളുടെ ഭൂമികയായി മാറുന്നതിനുള്ള കാരണം. നമ്മുടെ ഭൂവിനിയോഗ രീതികളിലെയും നിർമ്മിതകളുടെയും അശാസ്ത്രീയതകൾ ദുരന്തം സൃഷ്ടിക്കുന്ന ആഘാതത്തിന് ആക്കം കൂട്ടുന്നു. മനുഷ്യവാസമുള്ള പ്രദേശങ്ങളിലെ ഉരുൾപൊട്ടലുകളോ, ഉരുൾപൊട്ടൽ സൃഷ്ടിക്കുന്ന ആഘാതമോ എങ്ങനെ കുറയ്ക്കാമെന്നത് കേരളം ഗൗരവമായി കാണേണ്ടുന്ന ഒരു വിഷയമായി ഇതിനകം മാറിയിട്ടുണ്ട്.
മലയാളിയുടെ കാൽപ്പനിക ഭാവങ്ങൾ നെയ്തെടുക്കുന്ന പ്രധാന നൂലായിരുന്നു മഴ. എന്നാൽ അതെല്ലാം തകിടം മറിച്ചതാണ് കഴിഞ്ഞ കുറച്ച് കാലമായി കേരളത്തിൽ തുടർച്ചയായി സംഭവിക്കുന്ന പ്രകൃതിദുരന്തങ്ങൾ. മധ്യവർഗ മലയാളിയുടെ മഴപ്രണയം മഴപ്പേടിയായി മാറുന്നതാണ് ഇന്നത്തെ കാഴ്ച. മുൻകാലങ്ങളിൽ പാർശ്വവത്കൃത ജനതയ്ക്ക് മാത്രമായിരുന്നു മഴപ്പേടിയെങ്കിൽ ഇന്നത് കേരള സമൂഹത്തെ മൊത്തം ബാധിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞു.മഴക്കെടുതിയിൽ ഇത്തവണ ഏറെ നാശനഷ്ടങ്ങൾ സംഭവിച്ചത്  കോട്ടയത്തിന്റെ കിഴക്കൻമേഖലയിലായിരുന്നു.കൂട്ടിക്കല്ലില്ലും കൊക്കയാറിലും പ്ലാപ്പിള്ളിയിലുമൊക്കെയുണ്ടായ ഉരുൾപൊട്ടലിൽ നിരവധി പേരെ മരണം കവർന്നു.വീടുകളും പാലങ്ങളും കച്ചവട സ്ഥാപനങ്ങളും വരെ ഇവിടെ ഒലിച്ചു പോയി.
 കഴിഞ്ഞ അഞ്ച് വർഷങ്ങളായി കേരളം തുടർച്ചയായി പ്രകൃതി ദുരന്തങ്ങളുടെ മുന്നിലാണ്. നാല് വർഷമായി പ്രളയവും ഉരുൾപൊട്ടലും കേരളത്തിലെ മഴമാസക്കാലങ്ങളിലെ ആവർത്തനാനുഭവങ്ങളായി മാറിയിരിക്കുന്നു. 2017 നവംബറിലെ അവസാന ദിവസമാണ് കേരളത്തിലെ തീരപ്രദേശങ്ങളിലെ ജീവിതം തന്നെ കടപുഴക്കിയ ഓഖി വീശിയിടച്ചത്. അത് സൃഷ്ടിച്ച ആഘാതത്തിൽനിന്നു കരകയറുന്നതിന് മുമ്പായിരുന്നു 2018 ഓഗസ്റ്റിൽ കേരളത്തെ മുക്കിയ പ്രളയം സംഭവിച്ചത്. പിന്നീടിങ്ങോട്ട് എല്ലാവർഷവും കേരളം അതിശക്തമായ മഴയുടെയും മണ്ണിടിച്ചിലിന്റെയും ഉരുൾപൊട്ടലിന്റെയും ദുരന്തമുഖത്തായി. തുടർച്ചയായ അഞ്ചാം വർഷവും ദുരന്തങ്ങൾ ആവർത്തിക്കുന്നതിൽനിന്നു കേരളം മുക്തി നേടിയില്ല.അതിനൊപ്പമായിരുന്നു 2019 മുതലുള്ള കോവിഡിന്റ നൂലാമാലകൾ.
കഴിഞ്ഞ വർഷങ്ങളെപ്പോലെ തീരാനഷ്ടങ്ങളും വേദനകളും നല്‍കിയാണ് 2021 വിട പറയുന്നത്.ഇനി ഇങ്ങനെയൊരു ദുരന്ത വർഷം ഉണ്ടാവരുത് (ഇതെഴുതുമ്പോൾ കോവിഡ് ബാധിച്ചുള്ള സംസ്ഥാനത്തെ ആകെ മരണം 47,066 ആണ്)  എന്ന് പ്രാർത്ഥിച്ചുകൊണ്ട് നമുക്ക് 2022 നെ വരവേൽക്കാം.അത്രയേ പറയാനുള്ളൂ.

Back to top button
error: