തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ഓട്ടോ ടാക്സി തൊഴിലാളികളും ഡിസംബർ 30 ന് പണിമുടക്കുമെന്ന് ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ. ഇന്ധന വിലയ്ക്കൊപ്പം മറ്റ് അനുബന്ധ ചിലവുകളും കൂടിയതിനാൽ ആനുപാതികമായി ഓട്ടോ ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യമുയർത്തിയാണ് പണിമുടക്കിന് ഒരുങ്ങുന്നത്.
അവശ്യസാധനങ്ങളുടെ വില കുതിച്ചുയുന്നതിന്റെയും ഇന്ധനവില വർധനയുടേയും സാഹചര്യത്തിൽ ഓട്ടോ തൊഴിലാളികൾ പ്രതിസന്ധിയിലാണ്. അതിനാൽ ഓട്ടോ മിനിമം ചാർജ് നിലവിലുള്ളതിനേക്കാൾ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇതിന് മുമ്പ് ഓട്ടോ, ടാക്സി നിരക്ക് സംസ്ഥാനത്ത് ഏറ്റവുമൊടുവിൽ കൂട്ടിയത് 2018 ഡിസംബറിലാണ്. അതിന് ശേഷം പല തവണ പെട്രോളിനും ഡീസലിനും വില കൂടിയെങ്കിലും ഓട്ടോ ടാക്സി നിരക്ക് ഉയർത്തിയിട്ടില്ല.