കൊച്ചി: കിഴക്കമ്പലത്തുണ്ടായ അതിഥിത്തൊഴിലാളികളുടെ ആക്രമണ സംഭവത്തിൽ അറസ്റ്റിലായവർക്കു തീവ്രവാദ ബന്ധമുണ്ടോ എന്നു പരിശോധിക്കാൻ കേന്ദ്ര ഇന്റലിജൻസ് സംഘം സ്ഥലത്തെത്തി. ഉത്തര – കിഴക്കൻ മേഖലയിൽ നിന്നുള്ളവരാണ് അക്രമികൾ എന്നതിനാൽ ഇവർക്കിടയിൽ തീവ്രവാദ സംഘടനയുമായി ബന്ധമുള്ള ആരെങ്കിലുമുണ്ടോ എന്നാണ് അന്വേഷണം.
2019ൽ മണ്ണൂരിൽവച്ച് കുന്നത്തുനാടു സിഐയുടെ നേതൃത്വത്തിൽ, ബോഡോ തീവ്രവാദ സംഘടനയുമായി ബന്ധമുള്ള മൂന്നു പേരെ അറസ്റ്റു ചെയ്തിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ വേഷത്തിൽ ഇവിടെ ഒളിവിൽ കഴിയുന്നവരായിരുന്നു അറസ്റ്റിലായത്. സമാനമായി ആരെങ്കിലും സംഘത്തിലുണ്ടോ എന്നാണ് പരിശോധന. അതിഥി തൊഴിലാളികൾ പരസ്പരം ആക്രമിച്ചത് വംശീയ ആക്രമണമാണോ എന്നായിരുന്നു കേന്ദ്ര സംഘം ആദ്യ ഘട്ടത്തിൽ സംശയിച്ചിരുന്നത്. പ്രതികൾക്ക് രൂപസാമ്യമുള്ളതും ഹിന്ദിക്കു പകരം പ്രാദേശിക ഭാഷയിൽ മാത്രം സംസാരിക്കുന്നതും അന്വേഷണ സംഘങ്ങളെ പ്രതിസന്ധിയിലാക്കുന്നു.