ന്യൂഡല്‍ഹി: നാഗാലാന്‍ഡില്‍ പട്ടാളത്തിന് പ്രത്യേക അവകാശം നല്‍കുന്ന നിയമമായ അഫ്സ്പ പിന്‍വലിക്കുന്നത് പരിശോധിക്കാന്‍ സമിതി രൂപീകരിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദര്‍ശിച്ചശേഷം നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫ്യൂ റിയോ ആണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം ആദ്യം സൈന്യത്തിന്റെ വെടിവെപ്പിലും തുടര്‍ന്നുണ്ടായ പ്രതിഷേധത്തിലും 14 സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വിവാദ നിയമം പിന്‍വലിക്കണമെന്ന് സംസ്ഥാനത്ത് വ്യാപക ആവശ്യം ഉയര്‍ന്നിരുന്നു.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും പ്രത്യേകിച്ച് സംസ്ഥാനത്ത് നിന്നും അഫ്സ്പ എടുത്ത് കളയണമെന്നാവശ്യപ്പെട്ട് നാഗാലാന്‍ഡ് നിയമസഭ കഴിഞ്ഞ ആഴ്ച ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. സമിതിക്ക് 45 ദിവസമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം നല്‍കുകയെന്ന് നാഗാലാന്‍ഡ് സര്‍ക്കാര്‍ അറിയിച്ചു.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും അഫ്സ്പ പിന്‍വലിക്കുന്ന കാര്യം തീരുമാനിക്കുക.