NEWS

ഒമിക്രോൺ പടരുന്നു, കേരളത്തിൽ ആകെ 39 പേർക്ക് രോഗം സ്ഥിരീകരിച്ചു, കടുത്ത ജാഗ്രതാ നിർദ്ദേശം

കോവിഡിനെ അപേക്ഷിച്ച് മൂന്നിരട്ടി രോഗവ്യാപനതോത് കൂടുതലാണ് ഒമിക്രോണിന്. കേരളത്തിൽ ഇതുവരെ ആകെ 39 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. മറ്റു സംസ്ഥാനങ്ങൾ കർശന നിയന്ത്രണങ്ങളിലാണ്. പക്ഷേ കേരളം ഉദാസീന നിലപാടാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യാപക വിമർശനങ്ങൾ ഉയരുന്നുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ എട്ട് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം (1), കൊല്ലം (1), ആലപ്പുഴ (2), എറണാകുളം (2), തൃശൂർ (2) എന്നിങ്ങനെയാണ് കണക്ക്.

ഇന്നലെ ഒമിക്രോൺ സ്ഥിരീകരിച്ച മൂന്ന് വയസുകാരി യു.കെയിൽനിന്നു മാതാപിതാക്കളോടൊപ്പം എത്തിയതാണ്. എയർപോർട്ടിലെ കോവിഡ് പരിശോധനയിൽ മാതാപിതാക്കൾ നെഗറ്റീവായിരുന്നു. ഹോം ക്വാറന്റീനിലായിരുന്നു ഇവർ. കുട്ടിക്ക് പനിയും മറ്റ് ലക്ഷണങ്ങളും കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ അയച്ച ഇവരുടെ സാമ്പിളുകളിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി വരുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ആകെ 39 പേർക്കാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്. ആദ്യമായി റിപ്പോർട്ട് ചെയ്ത ഒമിക്രോൺ പോസിറ്റീവായ യു.കെയിൽനിന്നു വന്ന എറണാകുളം സ്വദേശിയെ (39) ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തു. പരിശോധനയിൽ നെഗറ്റീവായതിനെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തത്.

സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ വീണ്ടും ഒരു കോവിഡ് വ്യാപനം ഒഴിവാക്കുവാനായി, കോവിഡ് വാക്‌സിൻ ഇതുവരെ സ്വീകരിക്കാത്തവർ എത്രയും വേഗം വാക്‌സിൻ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമമില്ല. 11 ലക്ഷം ഡോസ് വാക്‌സിൻ ഇപ്പോൾ സ്റ്റോക്കുണ്ട്. സൗജന്യമായി വാക്‌സിൻ എടുക്കുവാനുള്ള സൗകര്യവും ലഭ്യമാണ്.

വാക്‌സിൻ സ്വീകരിച്ചവരിൽ കോവിഡ് രോഗബാധ തീവ്രമാകുന്നതായി കാണുന്നില്ല. രണ്ടാമത്തെ ഡോസ് വാക്‌സിൻ സ്വീകരിച്ച് കഴിഞ്ഞ് 14 ദിവസം കഴിയുമ്പോഴാണ് പൂർണമായ പ്രതിരോധശേഷി ലഭിക്കുന്നത്. അതിനാൽ എത്രയും വേഗം രണ്ടു ഡോസ് വാക്‌സിനും സ്വീകരിക്കുക എന്നത് കോവിഡ് പ്രതിരോധത്തിൽ വളരെ പ്രധാനമാണ്.

സമൂഹത്തിലെ എല്ലാവരും ഒരുപോലെ വാക്‌സിൻ സ്വീകരിച്ച് രോഗപ്രതിരോധശേഷി ആർജ്ജിച്ചാൽ ഒമിക്രോൺ വകഭേദ വ്യാപന ഭീഷണി തടയുവാനും കൊവിഡ് മൂന്നാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കാനും കഴിയും.

ഇതിനിടെ ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക, ഹരിയാന, ഗുജറാത്ത്, പഞ്ചാബ്‌ തുടങ്ങിയ സംസ്ഥാനങ്ങള്‍ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന്‍റെ രോഗവ്യാപനതോത് മൂന്നിരട്ടി കൂടുതലാണെന്നും പ്രതിരോധ നടപടികള്‍ ശക്തമാക്കണമെന്നുമുള്ള കേന്ദ്രനിര്‍ദേശത്തെ തുടർന്നാണിത്.

ഡല്‍ഹിയിൽ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളുൾപ്പടെ എല്ലാ സാംസ്കാരിക പരിപാടികൾക്കും വിലക്കേർപ്പെടുത്തി. ഹരിയാനയിൽ ജനുവരി ഒന്നു മുതൽ വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവർക്ക് മാത്രമേ പൊതു സ്ഥലങ്ങളിൽ പ്രവേശനം അനുവദിക്കുകയുള്ളു എന്ന് ആരോഗ്യ മന്ത്രി അനിൽ വിജ് പറഞ്ഞു.

മഹാരാഷ്ട്രയില്‍ 65 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. പ്രതിരോധ നടപടിയുടെ ഭാഗമായി ഡിസംബര്‍ മാസം സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
എല്ലാ പൊതുപരിപാടികള്‍ക്കും കര്‍ണാടക സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ബെംഗളൂരു എം.ജി റോഡിലും ബ്രിഗേഡ് റോഡിലും നടക്കുന്ന പരിപാടികളും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്ത് ഒരിടത്തും പൊതു ചടങ്ങുകളോ ആഘോഷ പരിപാടികളോ നടത്തരുതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.
ഗുജറാത്തില്‍ 20 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. പ്രതിരോധ നടപടിയുടെ ഭാഗമായി സംസ്ഥാനത്തെ രാത്രികാല കര്‍ഫ്യൂ ഡിസംബര്‍ 31 വരെ നീട്ടി.

Back to top button
error: