KeralaLead NewsNEWS

​ഗുണ്ടാ ആക്രമണം; ജില്ലാ അടിസ്ഥാനത്തിൽ പട്ടിക തയ്യാറാക്കാൻ ഡിജിപിയുടെ നിർദ്ദേശം

ആലപ്പുഴ∙ എസ്ഡിപിഐ നേതാവ് കെ.എസ്.ഷാനിന്റെയും ബിജെപി നേതാവ് രൺജീത് ശ്രീനിവാസിന്റെയും കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഇരുവിഭാഗങ്ങളിലെയും ക്രിമിനലുകളുടെ പട്ടിക തയാറാക്കാൻ നിര്‍ദേശം നല്‍കി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്‌.

ജില്ലാ അടിസ്ഥാനത്തിലാകും പട്ടിക. ക്രിമിനൽ പശ്ചാത്തലം ഉള്ളവരും മുൻപ് കേസിൽ പ്രതികളായവരെയും ഉൾപ്പെടുത്തണം. സമീപകാലത്ത് കേരളത്തിൽ ഉണ്ടായ കൊലപാതകങ്ങളിൽ നേരിട്ടു പങ്കെടുത്തവരുടെയും അവ ആസൂത്രണം ചെയ്തവരുടെയും വാഹനവും ആയുധവും ഫോണും നൽകി സഹായിച്ചവരുടെയും വിവരങ്ങൾ ശേഖരിച്ച് അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും. അക്രമങ്ങൾക്ക് പണം നൽകിയവരെയും പ്രതികളെ ഒളിപ്പിച്ചവരെയും കണ്ടെത്തി കേസെടുക്കും. ക്രിമിനൽ സംഘങ്ങൾക്ക് പണം കിട്ടുന്ന സ്രോതസ്സ് കണ്ടെത്താൻ ആവശ്യമായ അന്വേഷണം നടത്തി മേൽനടപടി സ്വീകരിക്കും.

Signature-ad

വാറന്റ് പ്രതികളെയും ഒളിവിൽ കഴിയുന്നവരെയും അറസ്റ്റ് ചെയ്യണമെന്നാണ് നിർദേശം. വർഗീയ വിദ്വേഷം പരത്തുന്ന തരത്തിൽ സാമൂഹികമാധ്യമങ്ങളിൽ നിരവധി സന്ദേശങ്ങൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാൻ എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്ക് പ്രത്യേക നിർദ്ദേശം നൽകി.

സാമൂഹ്യമാധ്യമങ്ങളിൽ നിരന്തരം നിരീക്ഷണം നടത്താൻ എല്ലാ ജില്ലകളിലേയും സൈബർ വിഭാഗത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. നിർദ്ദേശങ്ങൾ നടപ്പിലാക്കിയതു സംബന്ധിച്ച് ക്രമസമാധാനവിഭാഗം എഡിജിപിയും മേഖലാ ഐജിമാരും എല്ലാ ആഴ്ചയും റിപ്പോർട്ട് നൽകണമെന്നും ഡിജിപി നിർദ്ദേശിച്ചു.

Back to top button
error: