NEWS

കടുവയും കിടുവയും അതുക്കും മേലെയും

കടുവയെ കിടുവ പിടിച്ചു എന്ന് കേട്ടിട്ടുണ്ടല്ലോ. എന്നാൽ പിടിച്ച കിടുവയെ ഒന്നര വർഷത്തിന് ശേഷവും പിടികിട്ടുന്നില്ല എന്നൊരവസ്ഥ വന്നാലോ? എൻ.ഡി.ടി.വിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ നിധി റസ്ധാൻ ഒരു തട്ടിപ്പിന് ഇരയായ കഥ

സംഭവം നടക്കുന്നത് ഓൺലൈനിലാണ്. 2020 ജൂൺ. എൻ.ഡി.ടി.വിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ നിധി റസ്ധാന് ഒരു ഇമെയിൽ കിട്ടുന്നു. അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ ജേണലിസം പഠിപ്പിക്കാനുള്ള ജോലി. അത്യാവശ്യം ആദ്യപടി ഇമെയിൽ ഇടപാടുകൾക്ക് ശേഷം ശ്രീമതി നിധി ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു: ‘ഞാൻ എൻഡിടിവി വിടുകയാണ്’.
ശശി തരൂർ ട്വിറ്ററിലൂടെ പറഞ്ഞു: ‘വിൽ മിസ്സ് യൂ, നിധീ’.

Signature-ad

തട്ടിപ്പുകാർ എൻ.ഡി.ടി.വിയുടെ പ്രണോയ് റോയിയും മറ്റുമായും അന്വേഷണങ്ങൾ നടത്തിയിരുന്നു. യഥാർത്ഥ ഹാർവാർഡ് ഉദ്യോഗസ്ഥരുടെ പേരുകളിൽ നിന്നാണ് അന്വേഷങ്ങൾ. മാത്രമല്ല ഓൺലൈനിൽ ലഭ്യമായ എല്ലാ സ്രോതസുകളെയും അവർ സമർത്ഥമായി ഉപയോഗിച്ചു, അഥവാ ദുരുപയോഗിച്ചു.

ഹാർവാർഡിന്റെ ലെറ്റർഹെഡുമായുള്ള പേപ്പറിൽ ജോബ് ഓഫർ, അന്വേഷണങ്ങൾ, റഫറൻസുകൾ, ഇന്റർവ്യൂ നാടകം തുടങ്ങിയവയെല്ലാം യഥാസമയം അരങ്ങേറി. അമേരിക്കൻ യാത്രയുടെ തിയതി വരെ കൈയിൽ കിട്ടിയ നിധി, ഇതിനോടകം വ്യകതിപരമായ വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് അടക്കം, ‘ഹാർവാർഡിന്’ കൈമാറിയിരുന്നു.

സംഗതി മുക്കുപണ്ടമാണെന്ന് നിധി അറിയുന്നത് കുറച്ചു വൈകിയാണ്. യഥാർത്ഥ ഹാർവാർഡ് ഡീൻ നിധിയുടെ അന്വേഷണങ്ങൾക്ക് മറുപടി എഴുതിയപ്പോൾ. ഇങ്ങനെയൊരു സംഭവമേ ഹാർവാർഡ് റെക്കോർഡിൽ ഇല്ല എന്ന മറുപടി ഞെട്ടിക്കുന്നതായിരുന്നു.

തുടർന്ന് പോലീസിൽ പരാതി, തട്ടിപ്പുകാരെക്കുറിച്ചുള്ള സൈബർ ഏജൻസി അന്വേഷണങ്ങൾ, എൻ.ഡി.ടി.വിയിലൂടെ നിധിയുടെ വെളിപ്പെടുത്തൽ എല്ലാം നടന്നു.
ഒന്ന് മാത്രം ഇതുവരെ സംഭവിച്ചില്ല. തട്ടിപ്പുകാർ ആരാണെന്ന് ഒരു പിടിയുമില്ല.

സുനിൽ കെ. ചെറിയാൻ

Back to top button
error: