IndiaNEWS

കുറ്റാലം വെള്ളച്ചാട്ടത്തിൽ കുളിക്കാനായി സഞ്ചാരികളുടെ വൻ തിരക്ക്

കുറ്റാലം: എട്ടു മാസത്തിനു ശേഷം  സഞ്ചാരികൾക്കായി തുറന്നതോടെ കുറ്റാലത്ത് വൻതിരക്ക്.ഇന്നലെ രാവിലെ 6ന് ആണ് കുറ്റാലത്ത് സഞ്ചാരികളെ പ്രവേശിപ്പിച്ചു തുടങ്ങിയത്.കുളിക്കാൻ അനുമതി ഇന്നലെ മുതൽ നൽകുമെന്നറിഞ്ഞ് ഞായർ രാത്രി തന്നെ ഒട്ടേറെ സഞ്ചാരികൾ ഇവിടെ എത്തിച്ചേർന്നിരുന്നു.പുലർച്ചെ 5 മുതൽ തന്നെ കുളിക്കാനായി സഞ്ചാരികളുടെ നീണ്ട നിരയായിരുന്നു ഇവിടെ.
 ആദ്യം കർശന പരിശോധന നടത്തിയാണ് ആളുകളെ ഇവിടേക്ക് കടത്തി വിട്ടതെങ്കിലും ഉച്ച ആയപ്പോഴേക്കും തിരക്ക് നിയന്ത്രിക്കാൻ പറ്റാത്ത സ്ഥിതിയായി.ശബരിമല തീർഥാടകരും വിനോദ സഞ്ചാരികളും എത്തിയതോടെ കുറ്റാലം പ്രതാപത്തിലേക്ക് തിരിച്ചെത്തിയ പ്രതീതി ആയിരുന്നു. കുറ്റാലത്തിനൊപ്പം ഐന്തരുവി, പഴയ കുറ്റാലം എന്നിവയും ഇന്നലെ മുതൽ തുറന്നിട്ടുണ്ട്.
തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ തെങ്കാശിക്കും ചെങ്കോട്ടയ്ക്കും നടുവിലായാണ് കുറ്റാലം സ്ഥിതി ചെയ്യുന്നത്.മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളും അതിനോട് ചേർന്നുള്ള അരുവികളുമാണ് കുറ്റാലത്തിന്റെ പ്രത്യേകത.ഏകദേശം ഒൻപത് വെള്ളച്ചാട്ടങ്ങളാണ് ഇവിടെയുള്ളത്. സമുദ്ര നിരപ്പിൽ നിന്നും 520 അടിയോളം ഉയരത്തിൽ പശ്ചിമഘട്ടത്തിലെ പൊതിഗൈ മലനിരകളിൽ നിന്നുമാണ് ഈ വെള്ളച്ചാട്ടങ്ങളെല്ലാം തന്നെ ഉത്ഭവിക്കുന്നത്.കാട്ടിൽ നിന്നും വരുന്നതിനാൽ ഇവിടുത്തെ വെള്ളത്തിന് ഒട്ടേറെ ഔഷധഗുണങ്ങളുണ്ട് എന്നാണ് കരുതപ്പെടുന്നത്.അതുകൊണ്ടുതന്നെ ദൂരെ ദിക്കുകളിൽ നിന്നുപോലും ആളുകൾ ഇവിടെ എത്താറുണ്ട്.

Back to top button
error: