KeralaLead NewsNEWS

ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കിയ ചുമ സിറപ്പ് കഴിച്ച് 3 കുട്ടികള്‍ മരിച്ചു

ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കിയ ചുമയ്ക്കുള്ള സിറപ്പ് കഴിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു. ഡല്‍ഹി മൊഹല്ല ക്ലിനിക്കിലെ ഡോക്ടര്‍മാരാണ് സിറപ്പ് കുറിച്ച് നല്‍കിയത്. സംഭവത്തില്‍ മൂന്നു ഡോക്ടര്‍മാരുടെ സേവനം റദ്ദാക്കാനും അന്വേഷണം നടത്താനും ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം.

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള കലാവതി സരണ്‍ കുട്ടികളുടെ ആശുപത്രിയില്‍ ഡെക്‌സ്‌ട്രോമെത്തോര്‍ഫാന്‍ എന്ന മരുന്നു കഴിച്ചുള്ള വിഷബാധയേറ്റ് 16 കുട്ടികളെയാണ് പ്രവേശിപ്പിച്ചത്. ജൂണ്‍ 29നും നവംബര്‍ 21 നുമിടയിലാണ് ഒരുവയസിനും ആറ് വയസിനും ഇടയിലുള്ള ഇത്രയും കുട്ടികള്‍ ചികിത്സ തേടിയത്. ‘മിക്ക കുട്ടികള്‍ക്കും ശ്വാസം തടസ്സമാണ് നേരിട്ടത്. മരിച്ച മൂന്ന് കുട്ടികളും മോശം അവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്’ കലാവതി സരണ്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ പറഞ്ഞു. ജൂലായ് തന്നെ ആശുപത്രി അധികൃതര്‍ ഇത് സംബന്ധിച്ച് ഡല്‍ഹി സര്‍ക്കാരിനേയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തേയും അറിയിച്ചിരുന്നു. ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് ഒക്ടബോറില്‍ അന്വേഷണം ആരംഭിച്ചതായും ഡോക്ടര്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ ഡല്‍ഹി മെഡിക്കല്‍ കൗണ്‍സിലിനോടു നിര്‍ദേശിച്ചതായി ഡല്‍ഹി ആരോഗ്യമന്ത്രി അറിയിച്ചു. മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിനും രാജിവെക്കണമെന്നും കുട്ടികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ബിജെപിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടു.

Back to top button
error: