റാന്നി:പമ്പാ ജലസേചന പദ്ധതിയുടെ മണിയാര്‍ ബാരേജിന്റെ സ്പില്‍വേ ഷട്ടറുകളുടെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി ബാരേജിലെ ജലനിരപ്പ് 29 മീറ്ററായി ക്രമീകരിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത. ഡിസംബര്‍ 21 ന് രാവിലെ ആറിന് ശേഷം മുതല്‍ ഡിസംബര്‍ 23 വരെ ഏതു സമയത്തും മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ ഉയര്‍ത്തേണ്ടതായി വന്നേക്കാം.
ഇപ്രകാരം ഷട്ടറുകള്‍ തുറക്കുന്നത് മൂലം നദിയില്‍ ജലനിരപ്പ് ചെറിയ തോതില്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കക്കാട്ടാറിന്റെയും, പമ്പയാറിന്റെയും തീരത്തു താമസിക്കുന്ന ആളുകളും മണിയാര്‍, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും, നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.