IndiaNEWS

പ്രവാസികളിൽ ഹൃദ്രോഗ ബാധിതര്‍ കൂടുന്നു; ജീവന്‍ നഷ്ടമാകാതിരിക്കാന്‍ ഹൃദയത്തെ കാക്കാം

ദുബായ് പ്രൈം ഹോസ്പിറ്റലിലെ  കാർഡിയോളജിസ്റ്റ് ഡോ. മുരളീ കൃഷ്ണ എഴുതുന്നു:
ദുബായ്: 30 നും 40 നും ഇടയിലുള്ള യുവാക്കള്‍ ഹൃദയാഘാതം മൂലം മരണമടയുന്നത് പുതിയ കാലത്ത് ഒരു സാധാരണ വാര്‍ത്തയായി മാറിയിരിക്കുന്നു.പ്രത്യേകിച്ച് പ്രവാസികൾക്കിടയിൽ. വലിയ പ്രതീക്ഷകളുമായി അറേബ്യന്‍ മണ്ണിലേക്ക് യാത്രയാകുന്നവര്‍ അകാലത്തില്‍ പൊലിഞ്ഞു പോകുന്നത് അത്യധികം വേദനാജനകമാണ്.ഇങ്ങനെ ഹൃദയാഘാതം മൂലം ജീവന്‍ നഷ്ടമാകുന്ന ചെറുപ്പക്കാരുടെ എണ്ണം ഇവിടെ വര്‍ധിച്ചുവരികയാണ് .പലരും ഹൃദ്രോഗം ഉള്ളതായി തിരിച്ചറിയുന്നതിന് മുന്‍പ് തന്നെ മരണത്തിന് കീഴടങ്ങുന്നു.എന്തായിരിക്കാം ഇത്തരത്തില്‍ ഹൃദ്രോഗം വര്‍ധിക്കുന്നതിന് പിന്നിലെ കാരണം, ചില കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊണ്ട് മുന്നോട്ട് പോയാല്‍ ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കി സുരക്ഷിതമായിരിക്കാന്‍ കഴിയും എന്നാല്‍ രോഗലക്ഷണങ്ങൾ അവഗണിക്കുന്നതും യഥാസമയം ചികിത്സ തേടാത്തതുമാണ് മരണസംഖ്യ കൂട്ടുന്നതിനുള്ള പ്രധാന കാരണം.
ഒരാളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നിര്‍ണയിക്കുന്നതില്‍ ജീവിതശൈലി പ്രധാനമാണ്.അതുകൊണ്ടു തന്നെ വ്യായാമത്തിലും ഭക്ഷണകാര്യങ്ങളിലും കൂടുതൽ ജാഗ്രത വേണം. ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ)  റിപ്പോർട്ട് അനുസരിച്ച് 30.1% കേസുകളിലും മരണകാരണം ഹൃദയാഘാതമാണ്. ഹൃദയാഘാതം മൂലം മരിക്കുന്നവരിൽ 30-40 പ്രായക്കാർ കൂടുകയാണെന്നു സാമൂഹിക പ്രവർത്തകരും പറയുന്നു. മരണം സംഭവിച്ച് നാട്ടിലേക്കു കയറ്റി അയ്ക്കുന്ന മൃതദേഹങ്ങളിൽ കൂടുതലും ചെറുപ്പക്കാരുടേതാണ്. കടുത്ത മാനസിക പിരിമുറുക്കവും ആരോഗ്യ കാര്യങ്ങളിലുള്ള അശ്രദ്ധയും  ഹൃദയാഘാത നിരക്ക് വർധിക്കാൻ കാരണമാകുന്നെന്നാണ് റിപ്പോർട്ടുകൾ.

നെഞ്ചിൽ ഭാരം കയറ്റിവച്ച പോലെ തോന്നുക, വേദന എന്നിവ അവഗണിക്കരുത്. കൈകൾ, പുറം, കഴുത്ത്, താടിയെല്ല്, വയർ എന്നിവിടങ്ങളിൽ വേദനയോ തുടിപ്പോ അനുഭവപ്പെടാം. അസ്വസ്ഥത, ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട്, ഛർദി,  ഏമ്പക്കം, നെഞ്ചെരിച്ചിൽ എന്നിവയാണ് മറ്റു ലക്ഷണങ്ങൾ.  വിയർക്കുക,  വേഗത്തിലുള്ളതോ ക്രമം തെറ്റിയതോ ആയ ഹൃദയ സ്പന്ദനം, തല കറക്കം അല്ലെങ്കിൽ  മന്ദത അനുഭവപ്പെട്ടാലും ഉടൻ വൈദ്യസഹായം തേടണം.കൊളസ്ട്രോൾ, രക്തസമ്മർദം, പ്രമേഹം എന്നിവയുള്ളവർ പുകവലിയും മദ്യപാനവും ഉപേക്ഷിക്കണം.അതേപോലെവറുത്തതും കൊഴുപ്പ് കൂടുതൽ അടങ്ങിയതുമായ ഭക്ഷണം ഒഴിവാക്കണം. റെഡ് മീറ്റ് അധികം കഴിക്കാതെ ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

 

ശ്വാസം നിലച്ചു കുഴഞ്ഞുവീഴുന്ന രോഗിയെ ആശുപത്രിയിലെത്തിക്കുന്നതു വരെയുള്ള സമയം നിർണായകമാണ്. അടിയന്തരഘട്ടങ്ങളിൽ പ്രാഥമിക ചികിത്സ നൽകാൻ പാർക്കുകൾ, ഹോട്ടലുകൾ, കളിസ്ഥലങ്ങൾ, ഷോപ്പിങ് മാളുകൾ, ജിംനേഷ്യം തുടങ്ങിയ മേഖലകളിൽ സിപിആർ (കാർഡിയോ പൾമണറി റിസസിറ്റേഷൻ) ഡിവൈസുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഹൃദയാഘാതങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ സിപിആർ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലടക്കം താമസകേന്ദ്രങ്ങളിലെ വാച്ച്മാൻമാർക്ക് പരിശീലനം നൽകുന്ന പദ്ധതി ദുബായിൽ തുടങ്ങിയിട്ടുണ്ട്.

Back to top button
error: