KeralaNEWS

ടിപ്പുവിന്റെ കനകസിംഹാസനത്തിൽ നിന്നും ജനറൽ ആശുപത്രിയുടെ വീൽചെയറിലേക്ക്

മൂല്യമായ രത്നക്കല്ലുകൾ പതിച്ച് ഉത്കൃഷ്ടമായി അലങ്കരിച്ചതും ആഭരണങ്ങളണിയിച്ച് കടുവത്തലയുള്ളതുമായ ടിപ്പുവിന്റെ സിംഹാസനത്തിന് അമ്പാരിയുടെ ആകൃതിയായിരുന്നു. കരിവീട്ടികൊണ്ട് നിർമിച്ചവയായിരുന്നു അതിന്റെ ദൃഢഭാഗങ്ങൾ. അവയെ ആവരണംചെയ്ത് കട്ടിയിൽ അതിശുദ്ധമായ സ്വർണപ്പാളി. കുടവച്ചിഹ്നങ്ങളാൽ രൂപകല്പനചെയ്യപ്പെട്ടത്. ഈ പാളി ഉറപ്പിച്ചത് വെള്ളിയാണികൾകൊണ്ട്.

1799 മേയ് നാലിനാണ്  ശ്രീരംഗപട്ടണത്തുവെച്ച് ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ സൈന്യം മൈസൂർ സൈന്യത്തെ തോൽപ്പിക്കുന്നതും ടിപ്പു സുൽത്താൻ കൊല്ലപ്പെടുന്നതും.ശേഷം കൊട്ടാരത്തിലെ സമ്പാദ്യങ്ങളുടെ  കണക്കെടുക്കാൻ നിയുക്തമായ ഈസ്റ്റിന്ത്യാ കമ്പനിയുടെ പ്രൈസ് കമ്മിറ്റി  രത്നക്കല്ലുകൾ പതിച്ച് ഉത്കൃഷ്ടമായി അലങ്കരിച്ചതും ആഭരണങ്ങളണിയിച്ച് കടുവത്തലയുള്ളതുമായ അക്കൂട്ടത്തിലെ ഏറ്റവും പ്രൗഢഗംഭീരമായ ടിപ്പുവിന്റെ കനകസിംഹാസനത്തെ വെട്ടിനുറുക്കി ചെറിയ കഷ്ണങ്ങളാക്കി വീതിച്ചു.

 

ടിപ്പുവിനെതിരേ യുദ്ധം പ്രഖ്യാപിച്ച ആർതർ വെല്ലസ്ലിയായിരുന്നു സിംഹാസനസംഹാരത്തിൽ ഏറെ ഖേദിച്ചത്. അദ്ദേഹം ഈസ്റ്റിന്ത്യാ കമ്പനിയുടെ ഡയറക്ടർമാർക്ക് എഴുതി: ‘സിംഹാസനത്തെ സമ്പൂർണരൂപത്തിൽ ഇംഗ്ലണ്ടിലേക്ക് അയക്കാൻ സാധിച്ചിരുന്നെങ്കിൽ എനിക്ക് അതിയായ സന്തോഷമുണ്ടാകുമായിരുന്നു. പക്ഷേ, പ്രൈസ് ഏജന്റുമാരുടെ വിവേകശൂന്യമായ അത്യാസക്തി ആ വിശിഷ്ടവും ഗർവിഷ്ഠവുമായ സ്മാരകത്തെ നശിപ്പിച്ച് തുണ്ടുകളാക്കി.’ രണ്ടേകാൽ നൂറ്റാണ്ടുമുമ്പ് തുണ്ടംതുണ്ടമാക്കി ബ്രിട്ടീഷുകാർ കൊണ്ടുപോയ ആ ‘സിംഹാസന’ത്തിലാണ് ‘അസൂയാവഹമായ ചരിത്രബോധ’മുള്ള കേരളത്തിലെ ചില പ്രമുഖ വ്യക്തികൾ രാജഭാവത്തോടെ ഇരുന്ന് പടമെടുത്തത്!
എന്തായാലും ടിപ്പുസുൽത്താന്റെ കനകസിംഹാസനത്തിൽ ഒരുപാടു കാലം ഇരിക്കുകയും ഒരുപാടു പേരെ “ഇരുത്തുകയും” ചെയ്ത മോൻസൺ മാവുങ്കലിന് ഒടുവിൽ വീൽചെയറിൽ ഇരുന്ന്  പോലീസിന്റെ “തള്ള്” ഏൽക്കേണ്ടി വന്നതും കാലത്തിന്റെ കാവ്യനീതിയാവാം.രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു പോലീസിന്റെ ഈ “തള്ള്” മോൺസൻ മാവുങ്കലിന് അനുഭവിക്കേണ്ടി വന്നത്.പുരാവസ്തു തട്ടിപ്പ് കേസിനൊപ്പം ലൈംഗിക പീഡനക്കേസിലും പ്രതിയായതോടെ ഇനിയൊരുപാട് കാലം ഇങ്ങനെ പോലീസിന്റെ തള്ള് മോൻസണ് അനുഭവിക്കേണ്ടിയും വന്നേക്കാം.

Back to top button
error: