ആത്മഹത്യ ചെയ്ത മകൻ്റെ അവയവങ്ങൾ ദാനം ചെയ്ത് മാതാപിതാക്കൾ
അനന്തു കൃഷ്ണൻ എന്തിന് ആത്മഹത്യ ചെയ്തു എന്ന് ബന്ധുക്കൾക്കോ മാതാപിതാക്കൾക്കോ വ്യക്തത ഇല്ല. പക്ഷേ മൃതശരീരം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുവന്നപ്പോൾ തീരാവേദനയിലും ആ കുടുംബം ആദ്യം ചോദിച്ചത് മകൻ്റെ അവയവങ്ങൾ കൊണ്ട് ആർക്കെങ്കിലും പ്രയോജനമുണ്ടാകുമോ എന്നാണ്
വ്യക്തിപരമായ പ്രശ്നങ്ങളാലാണ് അനന്തു കൃഷ്ണൻ ജീവിതം അവസാനിപ്പിച്ചത്. ആ ദു:ഖത്തിൽ നിന്നു മോചിതരാകും മുമ്പ് കുടുംബാംഗങ്ങൾ മാതൃകാപരമായ ഒരു തീരുമാനമെടുത്തു.
പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയുടെ മോർച്ചറിയിൽ മകൻ്റെമൃതശരീരം കൊണ്ടുവന്നപ്പോൾ ആ കുടുംബം തീരാ വേദനയിലും യുവാവിന്റെ അവയവങ്ങൾ കൊണ്ട് ആർക്കെങ്കിലും പ്രയോജനമുണ്ടാകുമോയെന്നാണ് ആദ്യം ചോദിച്ചത്. എന്നാൽ ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചുള്ള മരണമായതിനാൽ മസ്തിഷ്ക മരണാനന്തര അവയവ ദാനത്തിന്റെ നിയമാവലിയിൽ ഉൾപ്പെടുത്താൻ കഴിയില്ലായിരുന്നു.
ബന്ധുക്കളുടെ ആഗ്രഹം നിറവേറ്റാൻ ഒരു ബദൽമാർഗമെന്ന നിലയിൽ ഹൃദയവാൽവെങ്കിലും ദാനം ചെയ്യാനുള്ള സാധ്യത ആരാഞ്ഞ് മൃതസഞ്ജീവനിയുടെ ചുമതലക്കാരനായ ഡോ. നോബിൾ ഗ്രേഷ്യസ് ശ്രീചിത്രയുമായി ബന്ധപ്പെട്ടു. വാൽവുകൾ സ്വീകരിക്കാൻ ശ്രീചിത്ര അധികൃതർ തയ്യാറായതോടെ ബന്ധുക്കളുടെ ആഗ്രഹം ഒരു പരിധിവരെയെങ്കിലും നിറവേറ്റാൻ കഴിഞ്ഞു.
രണ്ടു രോഗികൾക്കാണ് അനന്തു കൃഷ്ണന്റെ കുടുംബം ഹൃദയ വാൽവിനൊപ്പം ജീവിതവും ദാനം ചെയ്തത്.
മണ്ണന്തല ചിറ്റാഴ തെക്കേതിൽ വീട്ടിൽ ബാബുരാജന്റെയും നിഷയുടെയും മകനാണ് അനന്തു കൃഷ്ണൻ.