യുകെയില്‍ ബുധനാഴ്ച മാത്രം 78,610 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിന് മുമ്പ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉയര്‍ന്ന പ്രതിദിന കേസുകളെക്കാള്‍ 10,000 കൂടുതലാണ് ഇത്. മൊത്തം 67 ദശലക്ഷത്തോളം ജനസംഖ്യയുള്ള യുകെയില്‍ 11 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ഇതിനോടകം രോഗം വന്നുകഴിഞ്ഞു.
ബ്രിട്ടനിലുടനീളം കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം ബാധിക്കുന്നതില്‍ വന്‍ വര്‍ദ്ധനവുണ്ടായതോടെ, പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കോവിഡിന്റെ അടുത്ത തരംഗത്തെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ‘ഒരുപക്ഷേ ഏറ്റവും വലിയ ഭീഷണി’യെന്നാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ജെന്നി ഹാരിസ് ഒമിക്രോണ്‍ വകഭേദത്തെ നേരത്തെ വിശേഷിപ്പിച്ചത്.
ഒമിക്രോണിന്റെ പതിനായിരത്തിലധികം കേസുകള്‍ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുറഞ്ഞത് 10 പേരെയെങ്കിലും ഇതിനോടകം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഒമിക്രോണ്‍ ബാധിച്ച് ഇതുവരെ ഒരാളുടെ മരണമാണ് യുകെയില്‍ സ്ഥിരീകരിച്ചിട്ടുള്ളത്.