KeralaNEWS

മലയാളി മാധ്യമപ്രവര്‍ത്തകന് കര്‍ഷകരുടെ നന്ദി

 

ജനകീയ പോരാട്ടങ്ങളുടെ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം കൂടി എഴുതിച്ചേര്‍ത്താണ് ദില്ലിയുടെ അതിര്‍ത്തികളില്‍ നിന്ന് കര്‍ഷകര്‍ മടങ്ങിയത്. കര്‍ഷകരുടെ ഐക്യവും സമാനതകളില്ലാത്ത സഹനവുമാണ് സമരത്തിന്റെ വിജയ രഹസ്യം. വിജയാരവങ്ങള്‍ മുഴക്കിയായിരുന്നു കര്‍ഷകരുടെ മടക്കം. അതേസമയം തങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയില്ലെങ്കില്‍ തിരിച്ചു വരാന്‍ തങ്ങള്‍ മടിക്കില്ലെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. സമരത്തിനൊപ്പം നിന്ന എല്ലാ വര്‍ഗ ബഹുജന സംഘടനകളോടും കര്‍ഷകര്‍ നന്ദി അറിയിച്ചു. ഒപ്പം തങ്ങളുടെ പ്രശ്‌നങ്ങള്‍ ലോകത്തെ അറിയിച്ച മാധ്യമപ്രവര്‍ത്തകരോടും കര്‍ഷകര്‍ കടപ്പാട് അറിയിച്ചു. ഇതില്‍ കര്‍ഷകര്‍ തന്നെ പേരെടുത്തു പറഞ്ഞ ഒരു മാധ്യമപ്രവര്‍ത്തകനാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോര്‍ട്ടറായ ധനേഷ് രവീന്ദ്രന്‍. 2018 ല്‍ കര്‍ഷകര്‍ മഹാരാഷ്ട്രയില്‍ കിസ്സാന്‍ ലോംഗ് മാര്‍ച്ച് സംഘടിപ്പിച്ചത് മുതല്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം അവസാനിപ്പിക്കുന്നത് വരെ കര്‍ഷകരുടെ ഓരോ പ്രശ്‌നങ്ങളും പ്രതിസന്ധികളും ലോകത്തിന് മുന്നില്‍ എത്തിച്ചവരില്‍ മുന്‍പന്തിയിലാണ് ധനേഷ് രവീന്ദ്രന്റെ സ്ഥാനം. പഞ്ചാബി അറിയാത്ത, എന്നാല്‍ ഭൂരിഭാഗം വരുന്ന പഞ്ചാബിൽ നിന്നുള്ള കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ലോകത്തിനു മുമ്പിൽ എത്തിച്ചതില്‍ പ്രധാന പങ്ക് വഹിച്ചവരില്‍ ഒരാളാണ് ധനേഷ്. ഇതിന് ട്വീറ്റിലൂടെ നന്ദി അറിയിച്ചിരിക്കുകയാണ് കര്‍ഷകര്‍. മാത്രമല്ല തങ്ങളോടൊപ്പം നിന്ന് തങ്ങളുടെ ശബ്ദമായി മാറിയ എല്ലാ ജനങ്ങളോടും കര്‍ഷകര്‍ നന്ദി അറിയിച്ചു.

ദീര്‍ഘകാല സമരം നയിക്കാന്‍ വലിയ ട്രേഡ് യൂണിയനുകള്‍ക്ക് പോലും സാധിക്കാത്ത ഈ കാലഘട്ടത്തില്‍, ഒരുരാഷ്ട്രീയ കക്ഷിയുടെയും പിന്തുണയില്ലാതെ കര്‍ഷകര്‍ സമരം വിജയിപ്പിച്ചതിനെ ഐതിഹാസികം എന്നുതന്നെ വിശേഷിപ്പിക്കാം.

 

Back to top button
error: