2021 ല്‍ ട്വിറ്ററിലൂടെ ഏറ്റവും അധികം ട്വീറ്റ് ചെയ്യപ്പെട്ട തെന്നിന്ത്യന്‍ താരങ്ങളില്‍ നടന്മാരില്‍ വിജയ് ഒന്നാമതും നടിമാരില്‍ കീര്‍ത്തി സുരേഷും മുന്നിലെത്തി.
നടന്മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തെലുങ്ക് താരം പവന്‍ കല്യാണ്‍ ആണ്. മഹേഷ് ബാബു, സൂര്യ, ജൂനിയര്‍ എന്‍ടിആര്‍, അല്ലു അര്‍ജുന്‍, രജനീകാന്ത്, രാം ചരണ്‍, ധനുഷ്, അജിത് കുമാര്‍ എന്നിവരാണ് യഥാക്രമം പട്ടികയില്‍ മുന്നിലെത്തിയ 10 നടന്മാര്‍. പൂജ ഹെഗ്‌ഡെ, സമാന്ത, കാജല്‍ അഗര്‍വാള്‍, മാളവിക മോഹന്‍, രാകുല്‍ പ്രീത്, സായി പല്ലവി, തമന്ന, അനുഷ്‌ക ഷെട്ടി, അനുപമ പരമേശ്വരന്‍ എന്നിവരാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം നേടിയ നായികമാര്‍
ബോളിവുഡ് നായകന്മാരില്‍ മുന്നില്‍ സോനു സൂദ് എത്തിയപ്പോള്‍ അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍,ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍ തുടങ്ങിയവര്‍ ആദ്യ അഞ്ചില്‍ എത്തി. ബോളിവുഡ് നായികമാരുടെ പട്ടികയില്‍ മുന്നിലുള്ളത് ആലിയ ഭട്ട് ആണ്. പ്രിയങ്ക ചോപ്ര, ദിഷ പഠാനി, ദീപിക പദുക്കോണ്‍, അനുഷ്‌ക ശര്‍മ തുടങ്ങിയവരാണ് യഥാക്രമം പട്ടികയില്‍ അഞ്ച് സ്ഥാനങ്ങളിലുള്ളത്.
ഈ വര്‍ഷം ട്വിറ്ററിലൂടെ ഏറ്റവുമധികം ആളുകള്‍ തിരഞ്ഞ തെന്നിന്ത്യന്‍ ചിത്രം ‘മാസ്റ്റര്‍’ ആണ്. അജിത് ചിത്രം ‘വാലിമൈ’ ആണ് രണ്ടാമത്. ബീസ്റ്റ്, ജയ് ഭീം, വക്കീല്‍ സാബ്, ആര്‍ആര്‍ആര്‍, സര്‍ക്കാര്‍ വാരി പാട്ടാ, പുഷ്പ, ഡോക്ടര്‍, കെജിഎഫ് 2 എന്നിവയാണ് ട്വിറ്ററില്‍ ട്രെന്‍ഡിങില്‍ ഇടം നേടിയ പത്ത് സിനിമകള്‍.